72-ാം ജന്മദിനത്തിൽ കേന്ദ്രത്തെ വിമർശിച്ച് സ്റ്റാലിൻ
Sunday, March 2, 2025 2:05 AM IST
ചെന്നൈ: 72-ാം ജന്മദിനത്തിൽ പ്രമുഖരുടെ സ്മാരകങ്ങളിൽ പുഷ്പാർച്ചന നടത്തിയും ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം നടത്തുന്ന കേന്ദ്ര സർക്കാർ നടപടി ഒരിക്കലും അംഗീകരിക്കില്ലെന്ന് പ്രതിജ്ഞയെടുത്തും തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം.കെ. സ്റ്റാലിൻ. ഇന്നലെയായിരുന്നു സ്റ്റാലിന്റെ 72-ാം ജന്മദിനം.
മുൻ മുഖ്യമന്ത്രിയും പിതാവുമായ എം. കരുണാനിധി, ഡിഎംകെ സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ സി.എൻ. അണ്ണാദുരെ എന്നിവരുടെ സ്മാരകങ്ങളിൽ സ്റ്റാലിൻ പുഷ്പാർച്ചന നടത്തി.
സാമൂഹിക പ്രവർത്തകൻ ഇ.വി. രാമസ്വാമിയുടെ പ്രതിമയിലും അദ്ദേഹം പുഷ്പാർച്ചന നടത്തി. കേന്ദ്രം ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും ദ്വിഭാഷാ നയത്തിൽ ഉറച്ചുനിൽക്കുന്നതായും ജന്മദിന സന്ദേശത്തിൽ സ്റ്റാലിൻ പറഞ്ഞു.