പട്ടികജാതി, പട്ടികവർഗ കമ്മീഷനുകളിലെ ഒഴിവു നികത്തണം: രാഹുൽ ഗാന്ധി
Monday, March 3, 2025 4:23 AM IST
ന്യൂഡൽഹി: ദേശീയ പട്ടികജാതി കമ്മീഷനിൽ വൈസ് ചെയർമാനും ഒരു അംഗവും ഉൾപ്പെടെ രണ്ടും ദേശീയ പട്ടികവർഗ കമ്മീഷനിൽ (എൻസിഎസ്ടി) വൈസ് ചെയർമാൻ സ്ഥാനവും ഒരു വർഷത്തിലേറെയായി ഒഴിഞ്ഞുകിടക്കുന്നു. ദളിതരോടുള്ള ഉത്തരവാദിത്വം ഉറപ്പാക്കാൻ ഈ തസ്തികകളിൽ നിയമനം നടത്തണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
ഈ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് ബിജെപി സർക്കാരിന്റെ ദളിത്വിരുദ്ധതയാണു കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണഘടനാ സ്ഥാപനങ്ങളായ ഈ കമ്മീഷനുകളെ ദുർബലപ്പെടുത്തുന്നത് ദളിതരുടെ ഭരണഘടനാപരവും സാമൂഹികവുമായ അവകാശങ്ങൾക്കു നേരേയുള്ള അക്രമമാണെന്നും രാഹുൽ ആരോപിച്ചു.
ഒരു ചെയർപേഴ്സണ്, ഒരു വൈസ് ചെയർപേഴ്സണ്, മൂന്ന് അംഗങ്ങൾ തുടങ്ങിയവർ ഉൾപ്പെട്ട ഭരണഘടനാ സ്ഥാപനമാണ് എൻസിഎസ്ടി. എന്നാൽ, വൈസ് ചെയർപേഴ്സണ് അനന്ത നായ്ക്കിന്റെ കാലാവധി ഫെബ്രുവരി 24ന് അവസാനിച്ചിട്ടും ആ സ്ഥാനത്തേക്ക് ഇതുവരെ നിയമനം നടത്തിയിട്ടില്ല. സമാന സ്ഥിതിതന്നെയാണ് എൻസിഎസ്സിയിലുമെന്നും രാഹുൽ കൂട്ടിച്ചർത്തു.