ഉത്തരാഖണ്ഡിലെ ഹിമപാതം; നാലു മരണം, 50 പേരെ രക്ഷിച്ചു
Sunday, March 2, 2025 2:05 AM IST
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ മനാ ഗ്രാമത്തിൽ ഹിമപാതത്തിൽ കുടുങ്ങിയ 50 തൊഴിലാളികളെ രക്ഷിച്ചു. നാലുപേർക്ക് ജീവഹാനി സംഭവിച്ചു. ഇനിയും കുടുങ്ങിക്കിടക്കുന്ന അഞ്ചുപേരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
അതിർത്തി ഗ്രാമമായ മനായ്ക്കും ബദരിനാഥിനും ഇടയിലെ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) ക്യാന്പിലെ തൊഴിലാളികളാണ് വെള്ളിയാഴ്ച അപകടത്തിൽപ്പെട്ടത്. 33 പേരെ വെള്ളിയാഴ്ച രാത്രിയോടെ രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു.
മോശം കാലാവസ്ഥയെത്തുടർന്ന് മുടങ്ങിയ രക്ഷാപ്രവർത്തനം ഇന്നലെ രാവിലെയാണ് പുനരാരംഭിച്ചത്. സൈന്യവും മനായിൽ ക്യാന്പുള്ള ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസുമാണ് രക്ഷപ്രവർത്തനത്തിനുള്ളത്.