ഇടമുളയ്ക്കൽ സഹകരണ ബാങ്ക് കേസിൽ ഇഡി അന്വേഷണം റദ്ദാക്കി
Tuesday, March 4, 2025 2:20 AM IST
ന്യൂഡൽഹി: കൊല്ലം ഇടമുളയ്ക്കൽ സഹകരണ ബാങ്ക് ക്രമക്കേട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് (ഇഡി) അന്വേഷണം ആവശ്യപ്പെട്ട കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി.
ബാങ്ക് മുൻ സെക്രട്ടറി ആർ. മാധവൻ പിള്ളയുടെ അപ്പീലിലാണ് സുപ്രീംകോടതിയുടെ നടപടി. ജസ്റ്റീസ് അഭയ് എസ്. ഓക അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്.
കേസിൽ ഇഡി തയാറാക്കിയ കേസ് റിപ്പോർട്ടും (ഇസിഐആർ) സുപ്രീംകോടതി റദ്ദാക്കി. കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സഹകരണ ബാങ്കുകളിലൊന്നായ ഇടമുളയ്ക്കൽ സഹകരണ ബാങ്കിൽ 20 കോടിയിലധികം രൂപയുടെ തിരിമറി നടന്നെന്നാണ് റിപ്പോർട്ടുകൾ.
നിക്ഷേപം തിരികെ ആവശ്യപ്പെട്ട് ഇടമുളയ്ക്കൽ സഹകരണ ബാങ്കിലെ നിക്ഷേപകൻ നൽകിയ ഹർജിയിലായിരുന്നു നേരത്തെ ഹൈക്കോടതിയുടെ ഉത്തരവ്.