സർവകലാശാലകളുടെ അംഗീകാരം റദ്ദാക്കാനുള്ള അധികാരം യുജിസിക്ക് നൽകുന്നു: കേന്ദ്രം
Saturday, March 1, 2025 2:48 AM IST
ന്യൂഡൽഹി: മതത്തിന്റെയോ ജാതിയുടെയോ പേരിലുള്ള വിവേചനം തടയാനുള്ള പുതിയ ചട്ടങ്ങൾ സർവകലാശാലകളുടെ അംഗീകാരം റദ്ദാക്കാനുള്ള അധികാരം യുജിസിക്ക് നൽകുന്നുണ്ടെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ.
ജാതിവിവേചനം മൂലം മരിച്ച രോഹിത് വെമുലയുടെയും പായൽ തദ്വിയുടെയും അമ്മമാർ നൽകിയ ഹർജികളിൽ വാദം കേൾക്കുന്നതിനിടെയാണ് ചട്ടങ്ങളിൽ യുജിസിയുടെ അധികാരം കേന്ദ്രസർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കിയത്.
ചട്ടങ്ങൾ പാലിച്ചില്ലെന്നു വ്യക്തമായാൽ ബിരുദം നൽകുന്നതിൽനിന്നും ഓപ്പണ്‍, വിദൂരപഠന സാധ്യതകൾ നൽകുന്നതിൽനിന്നും യുജിസി പദ്ധതികളിൽ പങ്കെടുക്കുന്നതിൽനിന്നും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കാൻ യുജിസിക്കു കഴിയും.
അംഗീകൃത സർവകലാശാലകളിൽനിന്ന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ നീക്കം ചെയ്യാനും യുജിസിക്ക് അധികാരമുണ്ട്. പൊതുജനാഭിപ്രായം അറിയാൻ പുതിയ ചട്ടം യുജിസി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.