ഹിന്ദി അടിച്ചേൽപിക്കില്ലെന്നു കേന്ദ്ര വിദ്യാഭ്യാസമന്ത്രി
Tuesday, March 4, 2025 2:57 AM IST
ന്യൂഡൽഹി: 2020ലെ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) ഒരു സംസ്ഥാനത്തും ഹിന്ദി അടിച്ചേൽപിക്കില്ലെന്നു വ്യക്തമാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ.
കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരേയുള്ള തമിഴ്നാടിന്റെ എതിർപ്പിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണെന്നും എൻഇപിയിൽ ഹിന്ദി മാത്രമേയുള്ളൂവെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും പ്രധാൻ പറഞ്ഞു.
വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കുമെന്നു പറഞ്ഞിട്ടുണ്ടെന്നും അതിനാൽതന്നെ തമിഴ്നാട്ടിൽ അത് തമിഴായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്രം ശിപാർശ ചെയ്യുന്ന ത്രിഭാഷാ നയം തമിഴ് ഉൾപ്പെടെയുള്ള ഭാഷകൾക്ക് മേൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നു തമിഴ്നാട് സർക്കാർ ആരോപിക്കുന്പോഴാണ് വിശദീകരണവുമായി പ്രധാൻ രംഗത്തു വന്നിരിക്കുന്നത്.
കുറച്ചു പേരുടെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് മറുപടി നൽകേണ്ട ആവശ്യം തനിക്കില്ലെന്നും രാഷ്ട്രീയം മൂലമാണ് ചിലർ എൻഇപിയെ എതിർക്കുന്നതെന്നും പ്രധാൻ പറഞ്ഞു.
രാജ്യത്തെ വിവിധ ഭാഷകളെ എൻഇപി കേന്ദ്രീകരിക്കുന്നുണ്ടെന്നും എല്ലാ ഭാഷകൾക്കും തുല്യ പ്രാധാന്യമാണെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
കേന്ദ്രവും തമിഴ്നാടും തമ്മിലുള്ള ഭാഷാ യുദ്ധം മുറുകുന്നതിനിടെ നിർമിത ബുദ്ധിയുടെ കാലത്തു സ്കൂളുകളിൽ ഒരു മൂന്നാം ഭാഷ അടിച്ചേൽപിക്കുന്നത് അനാവശ്യമാണെന്ന് കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എക്സിൽ കുറിച്ചിരുന്നു.
നിർമിത ബുദ്ധിയുപയോഗിച്ചുള്ള അത്യാധുനിക ഓണ്ലൈൻ പരിഭാഷാ സംവിധാനങ്ങൾ ഭാഷാ തടസങ്ങൾ എളുപ്പത്തിൽ ഇല്ലാതാക്കുന്നുവെന്നും വിദ്യാർഥികൾക്ക് കൂടുതൽ ഭാഷ പഠിക്കേണ്ട ആവശ്യമില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു.