തെരുവുനായയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ് കുട്ടി മരിച്ചു
Wednesday, January 8, 2025 2:58 AM IST
പാനൂർ(കണ്ണൂർ): തെരുവുനായയെ കണ്ടു ഭയന്നോടിയ വിദ്യാർഥി കിണറ്റിൽ വീണ് മരിച്ചു. പാനൂർ ചേലക്കാട് മോസ്കിനു സമീപത്തെ മത്തത്ത് ഉസ്മാൻ-ഫൗസിയ ദന്പതികളുടെ മകൻ മുഹമ്മദ് ഫസൽ (ഒന്പത്) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. വീടിനടുത്ത പറന്പിൽ കളിക്കുന്നതിനിടെ തെരുവുനായ ഓടിവന്നപ്പോൾ കുട്ടികൾ ചിതറിയോടുകയായിരുന്നു. തുടർന്ന് കൂട്ടുകാരെല്ലാം വീട്ടിൽ എത്തിയെങ്കിലും ഫസൽ എത്തിയില്ല. ഇതോടെ വീട്ടുകാരും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിൽ ഇന്നലെ രാത്രി എട്ടോടെയാണ് കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ആൾത്താമസമില്ലാത്ത വീട്ടുപറമ്പിലെ ഉപയോഗശൂന്യമായ ആൾമറയില്ലാത്ത കിണറിലാണു ഫസൽ വീണത്.
തൂവക്കുന്ന് ഗവ. എൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ് ഫസൽ. സഹോദരി: അൽഫ ഫാത്തിമ.