ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ടുപേർ പിടിയിൽ. ഐഎസിന്റെ പിന്തുണയുള്ള ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേരെയാണ് ഡൽഹി പോലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്. ഡൽഹിയിലെ തിരക്കേറിയ സ്ഥലങ്ങളിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ചാവേർ ആക്രമണം നടത്താൻ ഇവർ പദ്ധതി ഇട്ടിരുന്നതായാണ് പോലീസ് പറയുന്നത്.
ഡൽഹി, മധ്യപ്രദേശ് സ്വദേശികളായ ഇരുവരുടെയും പേര് അദ്നാൻ എന്നാണ്. മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നും ദക്ഷിണ ഡൽഹിയിലെ സാദിഖ് നഗറിൽ നിന്നുമായാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തു. ചാവേറുകളാകാനുള്ള പരിശീലനം ഇവർക്ക് ലഭിച്ചിരുന്നതായിട്ടാണ് സൂചന.
സംഘത്തിലെ മറ്റ് അംഗങ്ങളെ കണ്ടെത്തുന്നതിനും ഇവരുടെ പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനുമായി ഇന്റലിജൻസ്, സുരക്ഷാ ഏജൻസികൾ ഇവരെ ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ മാസം, സമാനമായ രീതിയിൽ ഭീകരബന്ധമുണ്ടെന്ന് കരുതുന്ന അഞ്ചുപേരെ ഡൽഹി, ജാർഖണ്ഡ്, മധ്യപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹി പോലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തിരുന്നു.
Tags : Delhi Terror Attack Arrest