ഇന്തോനേഷ്യയിലെ സെമറാങ്ങിൽ ചരക്ക് ട്രക്ക്, റെയിൽവേ ട്രാക്കിൽ കുടുങ്ങിയതിനെ തുടർന്ന് പാസഞ്ചർ ട്രെയിൻ ട്രക്കിൽ ഇടിച്ചുകയറി. ഈ അപകട ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, റെയിൽവേ ക്രോസിംഗ് കടക്കുന്നതിനിടെയാണ് സാങ്കേതിക തകരാർ കാരണം ട്രക്ക്, ട്രാക്കിൽ കുടുങ്ങിയത്.
ട്രക്ക് ഡ്രൈവർ ഉടൻ തന്നെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, നിമിഷങ്ങൾക്കകം സെമറാങ്ങിൽ നിന്ന് സുരബായയിലേക്ക് പോവുകയായിരുന്ന ഹരിന എക്സ്പ്രസ് ട്രെയിൻ പാഞ്ഞെത്തി.
ട്രെയിൻ അടുത്തെത്തുമ്പോൾ ലോക്കോ പൈലറ്റ് ആവർത്തിച്ച് ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ, ട്രാക്കിൽ നിന്നും ട്രക്ക് മുന്നോട്ടെടുക്കാൻ കഴിഞ്ഞിയാതെ കൂട്ടിയിടിക്കുകയായാരുന്നു.
ഇടിയുടെ ആഘാതത്തിൽ ട്രക്കിന്റെ വലിയ ഭാഗങ്ങൾ ചിതറിത്തെറിക്കുകയും ട്രക്ക് ട്രാക്കിലൂടെ ദൂരത്തേക്ക് വലിച്ചിഴയ്ക്കപ്പെടുകയും ചെയ്തു. അപകടം നടന്നയുടൻ, പരിസരത്തുണ്ടായിരുന്ന നിരവധി പേർ സംഭവസ്ഥലത്തേക്ക് ഓടിയെത്തി.
അപകടത്തിൽ ആർക്കും ജീവഹാനി സംഭവിച്ചില്ല എന്നുള്ളതാണ് ഏറ്റവും വലിയ ആശ്വാസം. ട്രക്ക് ഡ്രൈവർക്ക് കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെടാൻ കഴിഞ്ഞു. ട്രെയിനിന്റെ മുൻഭാഗത്തിനും ട്രക്കിനും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
കൂട്ടിയിടിയെ തുടർന്ന് ഹരിന ട്രെയിൻ പെട്ടെന്ന് നിർത്തുകയും ഗതാഗതത്തിന് തടസമുണ്ടാവുകയും ചെയ്തു. അപകടത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ പ്രാദേശിക പോലീസും റെയിൽവേ അധികൃതരും സ്ഥലത്തെത്തി. ഈ ക്രോസിംഗുകളിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും ഡ്രൈവർമാർ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചുമുള്ള ചർച്ചകൾക്ക് ഈ സംഭവം വീണ്ടും വഴിയൊരുക്കിയിരിക്കുകയാണ്.
Tags : Train Truck Slams Indonesia