അമേരിക്കയിൽ നിന്നുള്ള ഒരു ഗർഭിണിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 25 ആഴ്ച മാത്രം ഗർഭിണിയായ യുവതിയുടെ അസാധാരണമാംവിധം വലുപ്പം കൂടിയ വയറാണ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയത്.
ആറുമാസം പിന്നിട്ടതേയുള്ളൂവെങ്കിലും പൂർണ ഗർഭിണിയുടെ ലക്ഷണങ്ങളോടെ കാണപ്പെട്ട വയർ കണ്ട് പലരും സംശയങ്ങൾ ഉന്നയിച്ചതോടെയാണ്, ഇതിന് പിന്നിലെ സത്യം വെളിപ്പെടുത്തിക്കൊണ്ട് യുവതി രംഗത്തെത്തിയത്. ക്രിസ്റ്റി ബാർജ് എന്ന 25-കാരിയാണ് ഇൻസ്റ്റാഗ്രാം പേജിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.
ഈ വീഡിയോയിൽ ക്രിസ്റ്റി തന്റെ ടീൽ നിറത്തിലുള്ള ടീഷർട്ട് ഉയർത്തി, വയറ് പ്രേക്ഷകരെ കാണിച്ചു. "നിങ്ങൾ വെറും 25 ആഴ്ച ഗർഭിണിയായിരിക്കുമ്പോൾ... പക്ഷേ ഇത് ട്രിപ്പിൾസാണ്'എന്ന അടിക്കുറിപ്പോടെയാണ് ക്രിസ്റ്റി ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്.
ഈ ഒറ്റ വീഡിയോയ്ക്ക് ഏകദേശം നാല് ലക്ഷത്തോളം കാഴ്ചക്കാരെയാണ് ലഭിച്ചത്. ക്രിസ്റ്റിയുടെ വയറിന്റെ വലുപ്പം കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾ അമ്പരപ്പും ആശങ്കയും പ്രകടിപ്പിച്ചു. ഒരു ഉപയോക്താവ് "ഇത് ഭയപ്പെടുത്തുന്ന കാഴ്ചയാണ്' എന്ന് കുറിച്ചപ്പോൾ, മറ്റൊരാൾ "ബാക്കിയുള്ള കാലം വിശ്രമിക്കുകയും ശാന്തമായി ഇരിക്കുകയും ചെയ്യുക, ഈ ഭാരം സ്ക്രീനിലൂടെ പോലും എനിക്ക് അനുഭവപ്പെടുന്നു' എന്ന് കമന്റ് ചെയ്തു.
ഈ ഉപദേശത്തെ തമാശയോടെ ഏറ്റെടുത്ത ക്രിസ്റ്റി, "ഈ കമന്റ് ഞാൻ ഒരു ഡോക്ടറുടെ കുറിപ്പായി ഉപയോഗിച്ചോളാം' എന്ന് മറുപടി നൽകി. മറ്റൊരു വിഭാഗം ആളുകൾ ക്രിസ്റ്റിയുടെ ധീരതയെയും അമ്മയാകാനുള്ള ശക്തിയെയും പ്രശംസിച്ചു.
"നിങ്ങൾ ഒരു പോരാളിയാണ്, വളരെ ധൈര്യശാലിയായ അമ്മയാണ്. നിങ്ങളുടെ കുട്ടികൾ ഭാഗ്യവാന്മാരാണ്,' എന്നിങ്ങനെ നിരവധി കമന്റുകൾ വന്നു. ഒന്നിലധികം ശിശുക്കളെ ഗർഭം ധരിക്കുമ്പോൾ, സാധാരണ ഗർഭധാരണത്തേക്കാൾ വേഗത്തിൽ വയറ് വലുതാവുകയും കൂടുതൽ വികസിക്കുകയും ചെയ്യുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഗർഭകാലത്ത് ഓരോ സ്ത്രീയുടെയും ശരീരം എത്രത്തോളം വ്യത്യാസപ്പെടാമെന്നും, മൂന്ന് കുഞ്ഞുങ്ങളെ വഹിക്കുമ്പോൾ അമ്മയുടെ ശരീരത്തിനുണ്ടാകുന്ന വലിയ മാറ്റങ്ങളെക്കുറിച്ചുമുള്ള ഒരു നേർക്കാഴ്ചയാണ് ക്രിസ്റ്റിയുടെ ഈ വൈറൽ വീഡിയോ.
Tags : #TripletPregnancy #BabyBump #ViralVideo #PregnancyJourney #Multiples