വെനസ്വേലയിലെ ടാച്ചിറയിൽ പരമില്ലോ വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്നതിനിടെ വിമാനം തകർന്നുവീണ് രണ്ട് ജീവനക്കാർ ദാരുണമായി മരിച്ചു. ഇരട്ട എഞ്ചിൻ ശേഷിയുള്ള പൈപ്പർ പിഎ-31ടി1 വിഭാഗത്തിൽപ്പെട്ട വിമാനമാണ് ടേക്ക്-ഓഫ് ചെയ്തതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് റൺവേയിൽ ഇടിച്ചിറങ്ങി തീഗോളമായി മാറിയത്.
വിമാനത്തിന് ഉയരം കൈവരിക്കാൻ കഴിഞ്ഞില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം. റൺവേ വിട്ട് നിമിഷങ്ങൾക്കകം വിമാനം നിശ്ചലമാകുകയും, പിന്നീട് നിയന്ത്രണം തെറ്റി താഴേക്ക് പതിക്കുകയുമായിരുന്നു. വിമാനത്താവളത്തിൽ നിന്നും അന്തരീക്ഷത്തിലേക്ക് കറുത്ത പുക ഉയരുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എയറോനോട്ടിക്സ് (ഐഎൻഎസി) അപകടത്തിലെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. വിവരമറിഞ്ഞ ഉടൻ തന്നെ വിമാനത്താവളത്തിലെ അടിയന്തര രക്ഷാസേനയും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എങ്കിലും ജീവനക്കാരെ രക്ഷപ്പെടുത്താനായില്ല.
വെനസ്വേലൻ വ്യോമയാന നിയമങ്ങൾ അനുസരിച്ച്, അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി ജുണ്ട ഇൻവെസ്റ്റിഗാഡോറ ഡി ആക്സിഡെന്റസ് ഡി ഏവിയേഷൻ സിവിൽ എന്ന വ്യോമയാന അപകട അന്വേഷണ സമിതിയെ ഉടൻ തന്നെ അധികൃതർ നിയോഗിച്ചു. വിമാനം പറന്നുയരാൻ ശ്രമിക്കുന്നതിനിടെ ടയർ പൊട്ടിയതാവാം ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിന് മുമ്പ് വിമാനം നേരിയ തോതിൽ മുകളിലേക്ക് കയറിയ ശേഷമാണ് നിയന്ത്രണം വിട്ട് റൺവേയിൽ പതിച്ചതെന്നതിന് ദൃശ്യരേഖകൾ സാക്ഷ്യം വഹിക്കുന്നു. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും സാങ്കേതിക പരിശോധനകൾക്കുമായി അന്വേഷണ സമിതി നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
Tags : Takeoff Disaster Piper PA-31T1 Paramillo Airport