ലണ്ടൻ ആസ്ഥാനമായുള്ള പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും യൂട്യൂബറുമായ സാം പെപ്പർ, ന്യൂഡൽഹിയിലെ ദീപാവലി ആഘോഷങ്ങൾക്കിടെ നടത്തിയ ഒരു പ്രവൃത്തി വലിയ വിവാദത്തിൽ കലാശിക്കുകയും എട്ട് വയസുള്ള പെൺകുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് യുവാവ് പരസ്യമായി മാപ്പ് അപേക്ഷിച്ചിട്ടുണ്ട്.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഒരുകൂട്ടം ആളുകൾ കൂടി നിൽക്കുന്നതിന് നേരെ കുറച്ചകലെ മാറി നിന്നുകൊണ്ട് പെപ്പർ റോക്കറ്റ് പടക്കങ്ങൾ എറിയുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഈ പടക്കങ്ങളിൽ ഒരെണ്ണം കൂട്ടത്തിൽ നിന്നിരുന്ന എട്ട് വയസുകാരിയായ പെൺകുട്ടിയുടെ ദേഹത്തേക്ക് വീഴുകയും കുട്ടിയുടെ വസ്ത്രത്തിൽ തീപടർന്ന് പൊള്ളലേൽക്കുകയും ചെയ്തു.
ദൃക്സാക്ഷികളായ ചിലർ, പെൺകുട്ടിക്ക് ഒരു കണ്ണ് നഷ്ടപ്പെട്ടു എന്ന് ആരോപിക്കുന്നത് വീഡിയോയിൽ കാണാമെങ്കിലും, ഇത് പെപ്പറും മറ്റ് ചിലരും നിഷേധിക്കുന്നുണ്ട്. എന്നാൽ അയാൾ അപകടത്തിന്റെ വ്യാപ്തി പെരുപ്പിച്ച് കാണിക്കുകയാണെന്ന് ദൃക്സാക്ഷിയായ ഒരാൾ ആരോപിക്കുന്നത് വീഡിയോയിലുണ്ട്.
സംഭവം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചതോടെ, സാം പെപ്പർ ഔദ്യോഗിക പ്രസ്താവനയിലൂടെ ഖേദം പ്രകടിപ്പിച്ചു. താൻ നടത്തിയ പ്രവൃത്തിയുടെ ഭവിഷ്യത്തുകളെക്കുറിച്ച് വേണ്ടത്ര ആലോചിക്കാതെയാണ് ഇതിന് മുതിർന്നതെന്നും, ഇങ്ങനെയൊരു അപകടം സംഭവിച്ചതിൽ അതിയായ ദുഃഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പരിക്കേറ്റ പെൺകുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിച്ച യുവാവ്, കുട്ടിയുടെ ചികിത്സാ ചെലവുകൾ പൂർണമായും താനാണ് വഹിച്ചതെന്നും അറിയിച്ചു. ഇന്ത്യയോടുള്ള തന്റെ ഇഷ്ടം പ്രകടിപ്പിച്ച പെപ്പർ, വിവിധ സന്ദർശനങ്ങളിലായി നാല് മാസത്തിലധികം ഇവിടെ ചെലവഴിച്ചിട്ടുണ്ട് എന്നും കൂട്ടിച്ചേർത്തു.
എന്നാൽ, പൊതുസ്ഥലത്ത് ആളുകൾക്ക് നേരെ പടക്കം എറിഞ്ഞ് അപകടമുണ്ടാക്കിയതിലെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് സോഷ്യൽ മീഡിയയിലും മറ്റും യൂട്യൂബറിനെതിരെ ഇപ്പോഴും ശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്.
പൊതുജന സുരക്ഷയെ അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികൾ ഒരു വിനോദമായി കണക്കാക്കാനാവില്ലെന്നും, ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടിയിരുന്നു എന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
Tags : Sam Pepper Firework New Delhi Hospitalizes