Kerala
തിരുവനന്തപുരം: ഇരുട്ടിൽ നിർത്തി കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച നടപടിയിൽ കടുത്ത പ്രതിഷേധമുയർത്തുന്ന സിപിഐയെ അനുനയിപ്പിക്കാൻ ഒത്തുതീർപ്പു ചർച്ചകൾ സജീവമായി. ധാരണപത്രത്തിലെ നിബന്ധനകൾ വിലയിരുത്താൻ സിപിഐ പ്രതിനിധികളെകൂടി ഉൾപ്പെടുത്തിയുള്ള മേൽനോട്ട സമിതിയെ നിയോഗിക്കുന്നതടക്കമുള്ള നിർദേശങ്ങൾ സിപിഎം മുന്നോട്ടു വച്ചെങ്കിലും സിപിഐ പൂർണമായി അംഗീകരിച്ചിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയന്റെകൂടി സാന്നിധ്യത്തിൽ ഇന്ന് ആലപ്പുഴയിൽ നടക്കുന്ന ചർച്ചകളിൽ തർക്കത്തിനു താത്കാലിക പരിഹാരമാകുമെന്നാണ് സിപിഎം വൃത്തങ്ങളുടെ പ്രതീക്ഷ. മേൽനോട്ട സമിതി പരിശോധിക്കുന്ന നിർദേശങ്ങൾ പിന്നീട് എൽഡിഎഫിൽ ചർച്ച ചെയ്തശേഷം തുടർ തീരുമാനമെടുക്കാമെന്നാണു ധാരണ.
സിപിഎം മുന്നോട്ടു വച്ചിട്ടുള്ള ഒത്തുതീർപ്പു നിർദേശങ്ങൾ ഇന്ന് ആലപ്പുഴയിൽ ചേരുന്ന സിപിഐ എക്സിക്യൂട്ടീവ് യോഗം ചർച്ച ചെയ്താകും ഇക്കാര്യത്തിൽ എന്തു നയപരമായ സമീപനം സ്വീകരിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗങ്ങൾ ബഹിഷ്കരിക്കണമെന്നതടക്കമുള്ള നിർദേശങ്ങൾ എക്സിക്യൂട്ടീവിൽ ചർച്ച ചെയ്താകും അന്തിമ തീരുമാനത്തിൽ എത്തുക.
ഇടതു നയത്തിൽനിന്നു വ്യതിചലിച്ച് സംഘപരിവാർ അജൻഡ എല്ലാ മേഖലയിലും രഹസ്യമായി നടപ്പാക്കുന്നതിലാണ് സിപിഐക്ക് കടുത്ത എതിർപ്പുള്ളത്. ഇത്തരത്തിലുള്ള പല കാര്യങ്ങളും മന്ത്രിസഭയിൽപോലും ചർച്ച ചെയ്യാതെ തങ്ങളെ ഇരുട്ടിൽ നിർത്തി നടപ്പാക്കുന്നുവെന്നാണ് സിപിഐയുടെ പരാതി.
ഏതു നിമിഷവും പിൻവലിക്കാൻ കഴിയുന്നതാണ് ധാരണപത്രമെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശം തെറ്റാണെന്ന് സിപിഐ നിർദേശിച്ച നിയമവിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനാൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾ പൂർണമായി അംഗീകരിക്കാൻ കഴിയില്ലെന്നാണ് സിപിഐ നിലപാട്. ഇതിനാലാണ് നയപരമായ ചർച്ച നടത്തി തീരുമാനത്തിൽ എത്തിക്കാനുള്ള ശ്രമം നടക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കേ എൽഡിഎഫിലെ പ്രധാന കക്ഷിയായ സിപിഎമ്മും മുഖ്യ ഘടകകക്ഷിയായ സിപിഐയും ഇടയുന്നത് ഏറെ തിരിച്ചടിയാകുമെന്ന പേടിയും ഇരുവിഭാഗങ്ങൾക്കുമുണ്ട്.ഇതിനാൽ ഇരു വിഭാഗത്തിനും കേടുപാടുണ്ടാകാത്ത വിധത്തിലുള്ള ഒത്തുതീർപ്പു ഫോർമുലയുമായി മുന്നോട്ടു പോകണമെന്ന നിർദേശവും ഇരുവിഭാഗവും നൽകുന്നു.
ഒപ്പിട്ടിട്ട് എതിര്‍ക്കുന്നതില്‍ എന്തു കാര്യമെന്ന് സാംസ്കാരിക നായകര്‍
കോഴിക്കോട്: നരേന്ദ്ര മോദി സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടശേഷം ദേശീയ വിദ്യാഭ്യാസനയത്തെ ഞങ്ങള്‍ ഇപ്പോഴും എതിര്‍ക്കുന്നുവെന്ന് പറയുന്നതില്‍ കാര്യമില്ലെന്ന് സാംസ്കാരിക നായകര്‍.
സര്‍വ ശിക്ഷാ അഭിയാന് (എസ്എസ്എ) പദ്ധതിയുടെ പണം അനുവദിക്കാന്‍ പിഎം ശ്രീയില്‍ ഒപ്പുവയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ കടുംപിടിത്തത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുകയാണ് വേണ്ടത്. കേന്ദ്രസര്‍ക്കാരിന്റെ ഭീഷണിക്കു മുന്നില്‍ നാണംകെട്ട കീഴടങ്ങലിനു തയാറായ സംസ്ഥാന സര്‍ക്കാര്‍ ഫെഡറലിസത്തിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയടിക്കാന്‍ കേന്ദ്രത്തിനു കൂട്ടുനില്‍ക്കുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ ഈ നയപരമായ മാറ്റം എവിടെയും ചര്‍ച്ച ചെയ്തല്ല തീരുമാനിച്ചത്. സംസ്ഥാന മന്ത്രിസഭയെത്തന്നെ ഇരുട്ടില്‍ നിര്‍ത്തുകയായിരുന്നു.
മന്ത്രിസഭ മാറ്റിവച്ച പദ്ധതിയുടെ ധാരണാപത്രത്തിലാണ് വകുപ്പു സെക്രട്ടറി ഒപ്പുവച്ചിരിക്കുന്നത്. ഇത് ജനാധിപത്യത്തെ കളങ്കപ്പെടുത്തലാണ്. കളങ്കിതമായ ധാരണാപത്രം വഴി കൈവരുന്ന 1500 കോടി രൂപയേ ക്കാള്‍ വിലയുണ്ട് നാം ഉയര്‍ത്തിപ്പിടിച്ചുപോന്ന മൂല്യങ്ങള്‍ക്ക്. അതുകൊണ്ട് എത്രയും വേഗം കരാറില്‍നിന്ന് പിന്‍വാങ്ങണമെന്നും സാംസ്കാരിക നേതാക്കള്‍ കൂട്ടായി ഒപ്പുവച്ച പ്രസ്താവനയില്‍ പറയുന്നു.
കെ. സച്ചിദാനന്ദന്, ബി. രാജീവന്, സാറാ ജോസഫ്, ജെ. ദേവിക, എം.എന്‍. കാരശേരി, യു.കെ. കുമാരന്, ജോയ് മാത്യു, കല്‍പ്പറ്റ നാരായണന്, ഡോ. എം.വി. നാരായണന്, ജെ. പ്രഭാഷ്, ഹമീദ് ചേന്നമംഗലൂര്‍, അപ്പുക്കുട്ടന് വള്ളിക്കുന്ന്, അജിത, പ്രിയനന്ദന്, പി.ടി. കുഞ്ഞുമുഹമ്മദ് എന്നിവരടക്കം 76 സാംസ്കാരിക നായകരുടെ പേരാണ് പ്രസ്താവനയിലുള്ളത്.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചത് ശരിയായ നിലപാടല്ലെന്ന് സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ വ്യക്തമാക്കി. വിഷയം മുന്നണി പ്രശ്നമോ ചർച്ച നടക്കാത്തതോ അല്ല, മറിച്ച് അതൊരു രാഷ്ട്രീയപ്രശ്നമാണ്. ആർഎസ്എസിന്റെ അടിസ്ഥാന ആശയങ്ങളുമായി സന്ധി ചെയ്യാൻ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലപാടിൽ വെള്ളം ചേർത്താൽ അത് ഇടതുപക്ഷത്തെ അന്ധകാരത്തിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നിലപാടിൽ വെള്ളം ചേർക്കാതെ നട്ടെല്ല് നിവർത്തി കാര്യങ്ങൾ പറയുന്ന പാർട്ടിയാണ് സിപിഐ. ആർഎസ്എസ് വർഗീയത ഒളിച്ചുകടത്താൻ ശ്രമിച്ചാൽ അതിനെ രാഷ്ട്രീയമായി പ്രതിരോധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട്ടിലെ കേന്ദ്ര വിവേചനത്തെ നിയമപരമായി നേരിട്ടില്ലേ എന്നും അദ്ദേഹം ചോദിച്ചു.ബിജെപി സർക്കാർ കൊണ്ടുവന്ന ഏറ്റവും അപകടകരമായ നയമാണ് ദേശീയ വിദ്യാഭ്യാസ നയം. അത് സംസ്ഥാനങ്ങളിൽ അടിച്ചേൽപ്പിക്കാനാണ് ശ്രമം നടക്കുന്നത്.
വർഗീയ നയങ്ങൾ വാർത്തെടുക്കാനുള്ള ആർഎസ്എസ് അജണ്ട ആണെന്നും സിപിഎം മധുര പാർട്ടി കോൺഗ്രസിൽ ഇക്കാര്യം മുന്നോട്ട് വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎം ശ്രീയെ ചൊല്ലിയുള്ള ഭരണമുന്നണിയിലെ തർക്കം തീർക്കാൻ നാളെ തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും. പിഎം ശ്രീയിൽ സിപിഐയെ അനുനയിപ്പിക്കാനുള്ള ഫോർമുലകൾ ചർച്ച ചെയ്യും.
നാളെയാണ് ആലപ്പുഴയിൽ സിപിഐയുടെ നിർണായക എക്സിക്യൂട്ടീവ് യോഗം. സിപിഎം പിന്നോട്ട് പോയില്ലെങ്കിൽ കടുപ്പിക്കാൻ തന്നെയാണ് സിപിഐ തീരുമാനം. ബഹറിനിൽനിന്ന് മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തി.
നാളെ ബിനോയ് വിശ്വത്തെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിക്കാൻ സാധ്യതയുണ്ട്. അതിൽ സമവായമില്ലെങ്കിൽ സിപിഐ സെക്രട്ടറിയേറ്റിലെ ധാരണപ്രകാരം കടുപ്പിക്കും. മന്ത്രിമാർ കാബിനറ്റിൽ നിന്ന് വിട്ടുനിൽക്കും. അടുത്ത ഘട്ടമായി രാജി. ആ നിലയിലേക്കാണ് പാർട്ടിയിലെ ചർച്ചകൾ.
Kerala
കൊച്ചി: പിഎം ശ്രീ നടപ്പാക്കാന്‍ മുഖ്യമന്ത്രിയെ ആരാണ് ബ്ലാക്ക് മെയില്‍ ചെയ്തതെന്ന് അറിയണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. മുഖ്യമന്ത്രി ഡല്‍ഹിയില്‍ പ്രധാനമന്ത്രിയേയും അമിത്ഷായേയും കണ്ടത് 10-ാം തീയതി. പിഎം ശ്രീ ഒപ്പിട്ടത് 16-ാം തീയതി. ഈ സാഹചര്യത്തില്‍ 10ന് ഡല്‍ഹിയില്‍ എന്ത് സംഭവിച്ചെന്ന് മുഖ്യമന്ത്രി പറയണം.
മുഖ്യമന്ത്രിയെ ആര് ബ്ലാക്ക്മെയില്‍ ചെയ്തു എന്ന കാര്യങ്ങള്‍ക്കാണ് ഉത്തരം വേണ്ടത്. 22-ാം തീയതി മന്ത്രിസഭാ യോഗത്തില്‍ സിപിഐ എതിര്‍ത്തപ്പോള്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും മിണ്ടാതിരുന്നു. ഒപ്പമുള്ള മന്ത്രിമാരോടു പോലും കള്ളത്തരം കാണിച്ചെന്നും സതീശന് ആരോപിച്ചു.
സപിഎം നയം കീഴ്മേല്‍ മറിഞ്ഞത് 10നു ശേഷമാണ്. എം.എ. ബേബി പോലും ഇത് അറിഞ്ഞില്ല. സിതാറാം യെച്ചൂരി ഉണ്ടായിരുന്നു എങ്കില്‍ ഇങ്ങനെ നടക്കുമായിരുന്നോ. എം.എ. ബേബി വിധേയനാണ്. സംസ്ഥാന ഘടകം തീരുമാനിക്കും എന്നാണ് ബേബി പറയുന്നത്. അങ്ങനെയെങ്കില്‍ സിപിഎം ദേശീയ നേതൃത്വത്തിന് ഈ വിഷയത്തില്‍ ഒരുനയമില്ലേയെന്നും സതീശന് ചോദിച്ചു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണപത്രത്തിൽ ഒപ്പിട്ടുവെങ്കിലും ഏതു നിമിഷം വേണമെങ്കിലും പിൻമാറാമെന്നു വിദ്യാഭ്യാമന്ത്രി വി. ശിവൻകുട്ടി. ധാരണപത്രത്തിൽ ഇക്കാര്യം പറയുന്നുണ്ട്. രണ്ടു കക്ഷികളും തമ്മിൽ ആലോചിച്ചോ, കോടതിയിൽ പോയോ പിന്മാറാമെന്നും മന്ത്രി പറഞ്ഞു.
സർവശിക്ഷാ കേരളം (എസ്എസ്കെ) ഫണ്ടിന്റെ ആദ്യ ഗഡു ഉടൻ ലഭിക്കും. ധാരണാപത്രത്തിൽ ഒപ്പിട്ടാലെ ഫണ്ട് കിട്ടുകയുള്ളു. കേന്ദ്ര ഫണ്ട് ഉപേക്ഷിക്കാനാകില്ല. സിപിഐയുടെ എതിർപ്പു സംബന്ധിച്ചു നേതാക്കൾ തമ്മിൽ ചർച്ച ചെയ്തു തീരുമാനിക്കട്ടെ. എംഒയുവിൽ ഒപ്പിടുന്നതിനു മുൻപ് നിയമോപദേശം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പറയാനാകില്ല.
47 ലക്ഷത്തോളം വിദ്യാർഥികളെ ബാധിക്കുന്ന പ്രശ്നമാണിത്. കേരളത്തിന്റെ വിദ്യാഭ്യാസ പാരന്പര്യം വിട്ടുവീഴ്ച ചെയ്യാതെയാണ് ഫണ്ട് വാങ്ങുന്നത്. സംസ്ഥാനം തന്നെയാണ് പാഠപുസ്തകവും സിലബസും തയാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎം ശ്രീയില്‍ പരസ്യ വിമർശനവുമായി മന്ത്രി പി. പ്രസാദ്. എല്ലാ മേഖലകളിലും സംഘപരിവാർ അജണ്ട പടർന്നു കയറുന്നെന്നും അജണ്ടകളോട് പൊരുത്തപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലും ഇതു തന്നെയാണ് സ്ഥിതി. പി എം ശ്രീയിൽ ഒപ്പുവയ്ക്കണം എന്നു പറയുമ്പോഴും ഇതാണ് അവസ്ഥ. അതുകൊണ്ടാണ് ഇതൊന്നും വേണ്ട എന്ന് ഞങ്ങൾ പറഞ്ഞത്. പിഎം ശ്രീയിൽ ഒപ്പുവച്ചാൽ ഒപ്പുവയ്ക്കുന്ന സംസ്ഥാനങ്ങൾ പിഎം ശ്രീയുടെ ഷോ കേസുകളായി പ്രവർത്തിക്കണം എന്നാണ് നിർദേശം.
ഷോകേസുകളായി പ്രവർത്തിക്കുക എന്നാൽ സംഘപരിവാർ അജണ്ട നടപ്പിലാക്കണം എന്നതാണ്. ഒപ്പുവച്ചാൽ ഈ നയങ്ങളും പരിപാടികളും അനുസരിച്ചേ മതിയാവൂ. അത് നാടിനെ ദുരിതത്തിലാക്കും. വിദ്യാഭ്യാസ മേഖലയിൽ കാവിവൽക്കരണം വരും.
ഗാന്ധിയെ വധിച്ചവർക്കുപോലും പ്രാമുഖ്യം കിട്ടുന്നു. തലമുറകളെ ഗ്രസിക്കുന്ന അപകടത്തെ കാണാതിരിക്കാനാവില്ല. കൂടാതെ വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണം തലമുറകളെ ലക്ഷ്യം വച്ചുള്ളതാണ്.
നരേന്ദ്ര മോദി ഭരണകൂടം ഇന്ത്യയെ ബാധിച്ച അണുബാധയാണ്. രാജവെമ്പാലയും പൊട്ടാസ്യം സയനൈഡും ഒന്നിച്ചു ചേർന്നതാണ് മോദിയും അമിത് ഷായും എന്നും പ്രസാദ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ സർക്കാർ ഒപ്പിട്ട വിവാദം ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നവിധം കൂടുതൽ സങ്കീർണമാകുന്നു. ഒരു കാരണവശാലും ഇടതുമുന്നണിയെയും മന്ത്രിസഭയെയും നോക്കുകുത്തിയാക്കി പിഎം ശ്രീയിൽ ഒപ്പിട്ട നടപടി അംഗീകരിക്കില്ലെന്ന ശക്തമായ നിലപാടിലാണു സിപിഐ.
എൻഇപി നടപ്പിലാക്കില്ലെന്നു മന്ത്രിക്കും സിപിഎമ്മിനും എങ്ങനെ പറയാൻ കഴിയുമെന്ന കടുത്ത ഭാഷയിലാണു സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ പ്രതികരിച്ചത്. അതായത് കേരള സർക്കാരിന്റെ നയമാറ്റത്തിൽ ഒരു ഒത്തുതീർപ്പിനും സിപിഐ ഇല്ല എന്ന സന്ദേശമാണ് രാജ ഇന്നലെ നൽകിയത്.
എന്നാൽ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഇടതുനയം പാടെ വിഴുങ്ങി. എൻഇപി നടപ്പിലാക്കില്ലെന്നു സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ പദ്ധതിയുമായി മുന്നോട്ടുപോകുന്നതിൽ തെറ്റില്ലെന്നായിരുന്നു ബേബിയുടെ ഇന്നലത്തെ നിലപാട്.
ഇന്നലെ മന്ത്രി വി. ശിവൻകുട്ടി സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിൽ എത്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ടു കാര്യങ്ങൾ ബോധിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇടതുമുന്നണിയെയും സിപിഐ മന്ത്രിമാരെയും ഇരുട്ടിൽ നിർത്തി എന്തിനാണു പിഎം ശ്രീയിൽ ഒപ്പുവച്ചതെന്ന ബിനോയ്യുടെ ചോദ്യത്തിനു മുന്നിൽ ശിവൻകുട്ടിക്ക് തലകുനിച്ചിരിക്കാനേ കഴിഞ്ഞുള്ളൂ. ബാക്കി തിങ്കളാഴ്ച തീരുമാനിക്കുമെന്ന് മാത്രമായിരുന്നു ശിവൻകുട്ടിക്കുള്ള ബിനോയ്യുടെ മറുപടി.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ അനുമതിയോടെയാണ് മന്ത്രി വി. ശിവൻകുട്ടി എംഎൻ സ്മാരകത്തിലെത്തിയത്. മന്ത്രി ജി.ആർ. അനിലും എംഎൻ സ്മാരകത്തിൽ ഉണ്ടായിരുന്നു. ചർച്ചയെ സംബന്ധിച്ച് ആരും ഒന്നും പുറത്തു മിണ്ടിയില്ലെങ്കിലും സിപിഐ സെക്രട്ടറി നിലപാടിൽ പിന്നോട്ടില്ലെന്ന നയമാണു സ്വീകരിച്ചത്. എന്തോ ആയിക്കോട്ടേ ഇടതുമുന്നണിയിൽ ചർച്ച ചെയ്യാതെ പൊടുന്നനെ എന്തിനാണ് ഉദ്യോഗസ്ഥയെ അയച്ച് എംഒയുവിൽ ഒപ്പിട്ടത്. “സഖാവേ നമ്മൾ തമ്മിലെങ്കിലും ഒന്നു ചർച്ച ചെയ്യുന്നതായിരുന്നില്ലേ ഭംഗി” ഇതായിരുന്നു ബിനോയ് ശിവൻകുട്ടിയോടു ചോദിച്ചത്. ബിനോയ്യുടെ ഈ ചോദ്യത്തിന് ഒരു ചിരി മാത്രമേ ശിവൻകുട്ടിക്കു മറുപടിയായി ഉണ്ടായിരുന്നുള്ളൂ. ഇത്ര മാത്രമായിരുന്നു സിപിഎം -സിപിഐ ചർച്ച.
തിങ്കളാഴ്ച ആലപ്പുഴയിൽ ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം കടുത്ത തീരുമാനങ്ങൾ എടുത്തേക്കുമെന്ന സൂചനയാണു ലഭിക്കുന്നത്. മന്ത്രിസഭായോഗത്തിൽ മന്ത്രിമാരെ പങ്കെടുപ്പിക്കാതെയുള്ള പ്രതിഷേധമാകും സിപിഐ സ്വീകരിക്കുക.
പരിഹരിക്കപ്പെടുമെന്നു മന്ത്രി ശിവൻകുട്ടി; ഇങ്ങനെയല്ല ചർച്ചവേണ്ടതെന്ന് അനിൽ
തിരുവനന്തപുരം: എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നു പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സിപിഐ സംസ്ഥാന സമിതി ഓഫീസായ എംഎൻ സ്മാരകത്തിലെത്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ടശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുമായ ചില കാര്യങ്ങളാണ് ചർച്ച ചെയ്തത്. ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ടു പ്രതികരിക്കുന്നില്ലെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
അതേസമയം, സ്വകാര്യ സംഭാഷണത്തിൽ തീരുമാനമാകേണ്ട വിഷയമല്ല ഇതെന്നായിരുന്നു ചർച്ചയിൽ സംസ്ഥാന സെക്രട്ടറിക്കൊപ്പം പങ്കെടുത്ത സിപിഐ മന്ത്രി ജി.ആർ. അനിൽ പറഞ്ഞത്. നയപരമായ ചർച്ചയാണ് ഇക്കാര്യത്തിൽ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരുമായി ബന്ധപ്പെട്ടുള്ള ഏത് സംഭവങ്ങളും പിണറായി വിജയൻ സർക്കാരിന് പരമരഹസ്യമാണ്. ഇതു സംബന്ധിച്ച ഒരു വിവരവും മാധ്യമങ്ങൾക്കോ ജനങ്ങൾക്കോ നൽകാറില്ല. രണ്ടാം പിണറായി സർക്കാരിന്റെ കാലം മുതൽ പ്രധാന ഘടകകക്ഷിയായ സിപിഐക്കും ഇതേ അവസ്ഥയാണ്.
കേന്ദ്രവുമായി ബന്ധപ്പെട്ട പിഎം ശ്രീ പദ്ധതി മാത്രമല്ല, ആർഎസ്എസ്- സിപിഎം രഹസ്യ ബന്ധമെന്ന് ആരോപണമുയർന്ന തൃശൂർ പൂരം കലക്കൽ റിപ്പോർട്ടും സിപിഐ നിരന്തരം ആവശ്യപ്പെട്ടിട്ടും മന്ത്രിസഭയിൽ ഇതുവരെ വച്ചിട്ടില്ല.
കഴിഞ്ഞ വർഷം നടന്ന തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് വിവിധ അന്വേഷണ ഏജൻസികളുടെയും സംസ്ഥാന പോലീസ് മേധാവിയുടെയും റിപ്പോർട്ടുകൾ മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പിനു പല ഘട്ടങ്ങളിലായി ലഭിച്ചിട്ടും മന്ത്രിസഭയുടെ പരിഗണനയ്ക്കു വരാതെ സിപിഐയെ ഇപ്പോഴും ഇരുട്ടിൽ നിർത്തുകയാണ്.
പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പിടരുതെന്ന് സിപിഐ മന്ത്രിമാർ അവസാനമായി പ്രതിഷേധമുയർത്തിയത് ഒക്ടോബർ 22നു നടന്ന മന്ത്രിസഭായോഗത്തിലാണ്.
സിപിഐ മന്ത്രിമാരുടെ ആവശ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി. ശിവൻകുട്ടിയും ഒന്നും മിണ്ടാതിരുന്നു. അതിന് ഒരാഴ്ച മുൻപ് പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ കേന്ദ്ര സർക്കാരുമായി കേരളം ഒപ്പിട്ട കാര്യം അപ്പോഴും മുഖ്യമന്ത്രിയും പൊതുവിദ്യാഭ്യാസ മന്ത്രിയും അറിയിച്ചില്ല. പിന്നീട് പുറത്തുവന്ന രേഖകൾ കണ്ടാണ് കഴിഞ്ഞ 16ന് പിഎം ശ്രീ പദ്ധതിയിൽ കേരളവും കേന്ദ്ര സർക്കാരും ഒപ്പുവച്ചെന്ന വിവരം മാധ്യമങ്ങൾക്കും ജനങ്ങൾക്കും ഒപ്പം സിപിഐ മന്ത്രിമാരും അറിയുന്നത്. മറ്റു സിപിഎം മന്ത്രിമാരോ ഘടകകക്ഷി മന്ത്രിമാരോ ഇക്കാര്യം അറിഞ്ഞിരുന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവരെയും കണ്ടതിനു പിന്നാലെയായിരുന്നു കേരളത്തിലെ ഉദ്യോഗസ്ഥ സംഘം ഡൽഹിയിലെത്തി രഹസ്യമായി പിഎം ശ്രീയിൽ ഒപ്പുവച്ചത്. ഇതിലെ ഡീലാണ് ഇപ്പോൾ പ്രതിപക്ഷത്തിനൊപ്പം സിപിഐയും ചോദ്യം ചെയ്യുന്നത്.
സിപിഐ നേതാവും ഒന്നാം പിണറായി മന്ത്രിസഭാംഗവുമായ വി.എസ്. സുനിൽകുമാർ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചപ്പോഴാണ് തൃശൂർ പൂരം അലങ്കോലപ്പെടുത്തുന്ന സാഹചര്യമുണ്ടായത്.
തൃശൂർ പൂരം അലങ്കോലപ്പെടാൻ സാധ്യതയുണ്ടെന്ന് ജില്ലയുടെ ചുമതലയുണ്ടായിരുന്ന മന്ത്രി കെ. രാജൻ പൂരത്തിന്റെ ചുമതലക്കാരനായ എഡിജിപി എം.ആർ. അജിത്കുമാറിനെ അറിയിക്കാൻ ശ്രമിച്ചിട്ട് മന്ത്രിയുടെ ഫോണ്‍പോലും എഡിജിപി എടുക്കാത്ത സാഹചര്യമുണ്ടായി. എന്നിട്ടും എഡിജിപി അജിത്തിനെ സംരക്ഷിക്കുന്ന സമീപനം സർക്കാരിൽനിന്നുണ്ടായി. ഒടുവിൽ കടുത്ത സമ്മർദമുണ്ടായതിനു പിന്നാലെയാണ് എഡിജിപിയെ സ്ഥലംമാറ്റിയത്.
തൃശൂർ പൂരം കലക്കാൻ ഉന്നതതല ഗൂഢാലോചന നടന്നതായി സിപിഐ നേതാക്കൾ പരാതിപ്പെട്ടിരുന്നു.
ഗൂഢാലോചനയിൽ അടക്കം അന്വേഷണം നടത്തിയെങ്കിലും റിപ്പോർട്ട് വെളിച്ചം കണ്ടിട്ടില്ല. സിപിഎം- ആർഎസ്എസ് ഗൂഢാലോചനയുടെ ഫലമാണ് തൃശൂർ പൂരം കലക്കലെന്ന് പ്രതിപക്ഷം ആരോപണമുയർത്തിയിരുന്നു. എന്നാൽ, അന്വേഷണ റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്കു വയ്ക്കണമെന്ന സിപിഐയുടെ ആവശ്യം ഇനിയും അംഗീകരിച്ചിട്ടില്ല.
Kerala
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിന്റെ പേരില്‍ സിപിഐയും സിപിഎമ്മും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടയില്‍ സിപിഐ നേതാക്കള്‍ ഇന്ന് കോഴിക്കോട്ട്.
ദേശീയ സെക്രട്ടറി അമര്‍ജിത്ത് കൗര്‍, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പി. സന്തോഷ്കുമാര്‍ എംപി തുടങ്ങിയ നേതാക്കളാണ് സിപിഐയുടെ നൂറാം വാര്‍ഷികാഘോഷ പരിപാടിയില്‍ സംബന്ധിക്കാന്‍ ഇന്ന് കോഴിക്കോട്ടെത്തുന്നത്.
ഇടതുമുന്നണിയിലും മന്ത്രിസഭാ യോഗത്തിലും ചര്‍ച്ച ചെയ്യാതെ വി. ശിവന്‍കുട്ടി നേതൃത്വം നല്കുന്ന വിദ്യാഭ്യാസ വകുപ്പ് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതിനെതിരേ സിപിഐ പ്രതിഷേധത്തിലാണ്. സിപിഐയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നലെ സിപിഐയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ എംഎന്‍ സ്മാരകത്തിലെത്തി ബിനോയ് വിശ്വവുമായി മന്ത്രി വി.ശിവന്‍കുട്ടി ചര്‍ച്ച നടത്തിയിരുന്നു. ബിനോയ് വിശ്വം അതിനുശേഷമുള്ള നിലപാട് വ്യക്തമാക്കിയിട്ടില്ല.
നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ അഞ്ചുദിവസമായി നടന്നുവരുന്ന പരിപാടികള്‍ക്ക് ഇന്ന് സമാപനമാകും. ഇതെന്തു സര്‍ക്കാരാണെന്ന് കഴിഞ്ഞ ദിവസം വിമര്‍ശിച്ച ബിനോയ് വിശ്വം പാര്‍ട്ടി നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. തലയില്‍ മുണ്ടിട്ടാണ് സര്‍ക്കാര്‍ ഡല്‍ഹിയില്‍ പോയി കരാര്‍ ഒപ്പിട്ടതെന്ന് പി. സന്തോഷ് കുമാറും വിമര്‍ശിച്ചിരുന്നു.
ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ തിങ്കളാഴ്ച ആലപ്പുഴയില്‍ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇന്നു വൈകുന്നേരം നാലിന് നടക്കുന്ന പരിപാടി കഴിഞ്ഞാല്‍ നേതാക്കള്‍ നേരേ ആലപ്പുഴയിലേക്കായിരിക്കും പോകുക. സംസ്ഥാന അസി. സെക്രട്ടറി സത്യന് മൊകേരി, പി.പി. സുനീര്‍ എംപി, മന്ത്രി കെ. രാജന്, അഡ്വ. പി. വസന്തം തുടങ്ങിയ നേതാക്കളും ഇന്നത്തെ ശതാബ്ദി സംഗമത്തില്‍ സംബന്ധിക്കുന്നുണ്ട്.
Kerala
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടതിനെ ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. പദ്ധതിയിൽ ചേർന്നെങ്കിലും കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ വർഗീയവത്കരണം അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
പിഎം ശ്രീ പദ്ധതിയിൽ ഇടത് സർക്കാർ ചേർന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ ഇന്ന് ബേബിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയായിരുന്നു സിപിഎം ജനറൽ സെക്രട്ടറിയുടെ പ്രതികരണം.
വിഷയത്തിൽ സിപിഐ ഉയർത്തുന്ന എതിർപ്പ് ചൂണ്ടിക്കാണിച്ചപ്പോൾ ഇരു പാർട്ടികളുടെയും സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ സംസാരിച്ച് യോജിപ്പിലെത്തുമെന്ന് ബേബി പറഞ്ഞു.
വിദ്യാഭ്യാസ രംഗത്തെ മൂന്ന് പ്രധാന വിഷയങ്ങളായ വർഗീയവൽക്കരണം, വിദ്യാഭ്യാസത്തിന്റെ കേന്ദ്രീകരണം, കച്ചവടവത്കരണം എന്നിവയിൽ സിപിഎമ്മും സിപിഐയും തമ്മിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫീസിലേക്ക് യുവജന സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം. സിപിഐയുടെ യുജന, വിദ്യാർഥി സംഘടനകളായ എഐഎസ്എഫ്, എഐവൈഎഫും നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്.
ബാരിക്കേഡ് മറിച്ചിടാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഏകപക്ഷീയ തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രി മുന്നോട്ട് പോയാല്‍ തെരുവില്‍ മന്ത്രിയെ നേരിടുമെന്ന് എഐവൈഎഫ് നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
കൊടിയുടെ നിറം നോക്കി സമരം ചെയ്യുന്നവരല്ല ഞങ്ങള്‍. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സമരം ചെയ്യും. അടിച്ചമര്‍ത്താന്‍ നോക്കേണ്ട. പിഎം ശ്രീ എന്ന പദ്ധതി കേരളത്തിന്റെ മണ്ണില്‍ അനുവദിക്കില്ല.
പദ്ധതിയിൽ നിന്നും പിൻമാറുന്നതുവരെ സമരം തുടരുമെന്നും മര്യാദക്കു സമരം ചെയ്യാൻ വന്നവർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസിലെ ആർഎസ്എസുകാരാണ് തങ്ങളെ ആക്രമിച്ചതെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.
അതേസമയം ധാരണാപത്രത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിനെ തുടര്‍ന്ന് ഇടഞ്ഞു നില്ക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ മന്ത്രി വി. ശിവന്‍കുട്ടി സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകത്തിലെത്തി നേതാക്കളെ കണ്ടു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തിൽ ഇടഞ്ഞുനിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി സിപിഎം. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സിപിഐ ആസ്ഥാനത്തെത്തി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തുകയാണ്.
ഘടകക്ഷികളെ ഇരുട്ടിൽ നിർത്തിയെടുത്ത തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നായിരുന്നു സിപിഐയുടെ ആവശ്യം. എന്നാൽ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനം. 40 ദിവസം കൂടി കഴിഞ്ഞാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പെത്തും. ആറ് മാസം കഴിഞ്ഞാൽ നിർണായക നിയമസഭാ തെരഞ്ഞെടുപ്പും. ഇതോടെയാണ് സിപിഎം അനുനയനീക്കവുമായി രംഗത്തിറങ്ങിയത്.
മൂന്നാം പിണറായി സർക്കാരിനായി സിപിഎം സർവ ശക്തിയിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഈ ഘട്ടത്തിലാണ് മന്ത്രിമാരെ പിൻവലിക്കുന്നതടക്കം കടുത്ത നിലപാട് വേണമെന്ന് സിപിഐ യോഗത്തിൽ ചർച്ച ഉയരുന്നത്. സിപിഎമ്മിനെ നന്ദിഗ്രാം ഓർമ്മിപ്പിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സിപിഐ ദേശീയ സെക്രട്ടേറിയറ്റ്. ഈ സാഹചര്യത്തിൽ കൂടിയാണ് നിർണയക കൂടിക്കാഴ്ച.
Kerala
തൃശൂര്‍: പിഎം ശ്രീ വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒരു പദ്ധതി വന്നുവെന്നും അതിനെ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണെന്നും വൈകിയാണെങ്കിലും പദ്ധതിയിൽ ചേര്‍ന്നതിൽ സന്തോഷമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
ആരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ എന്നതാണ് നോക്കേണ്ടത്. രാഷ്ട്രീയവും കുത്തിതിരിപ്പും ഇല്ലാത്ത പാവം കുഞ്ഞുങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കള്‍. അവര്‍ക്ക് ഇതിലൂടെ ഗുണം ഉണ്ടാകും.
50 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച സ്കൂളുകളുടെ അപകട ഭീഷണിയിലാണോ നമ്മുടെ കുഞ്ഞുങ്ങള്‍ വളരേണ്ടതെന്ന് ആലോചിക്കണം. സിപിഐക്ക് അവരുടെ അവകാശമുണ്ട്. സിപിഎമ്മിനും അവരുടെ അവകാശമുണ്ട്. കോണ്‍ഗ്രസിന് അവരുടെ അവകാശമുണ്ട്. കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും അവരുടേതായ അവകാശമുണ്ട്.
എന്നാൽ ഇത് കുട്ടികളുടെ ആവശ്യമാണ്. അതിൽ കളങ്കം വരുത്തരുത്. എല്ലാം നന്നായി വരട്ടെയെന്നും അന്തരീക്ഷം നന്നാവട്ടെയെന്നും രാജ്യത്തിന്റെ വികനസനത്തിന് പുതിയ ഒരു അധ്യായം തുറന്നുവരട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളത്തെ മുഴുവൻ ഇരുട്ടിലാക്കിയാണ് പിഎം ശ്രീ കരാറിൽ ഒപ്പുവച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിഎം ശ്രീയുമായി ബന്ധപ്പെട്ട് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ പത്തിന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും അമിത് ഷായെയും കണ്ടതിനുശേഷം 16-ാം തീയതി തന്നെ കരാറിൽ ഒപ്പുവയ്ക്കാൻ വേണ്ടിയുള്ള എന്ത് നിർബന്ധമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് പിണറായി വിജയൻ പുറത്തുപറയണം. എന്ത് സമ്മർദമാണ് ഉണ്ടായതെന്ന് വ്യക്തമാക്കണെന്നും സതീശൻ ആവശ്യപ്പെട്ടു.
വിഷയം മുന്നണിയിലും മന്ത്രിസഭയിലും ചർച്ച ചെയ്തില്ല. സിപിഎം ജനറൽ സെക്രട്ടറിയായ എം.എ. ബേബി പോലും അറിയാതെയാണ് കരാറിൽ ഒപ്പുവച്ചത്. ഇതിന്റെ പിന്നില്ലുള്ള ദുരുഹത പുറത്തുവരെണ്ടതുണ്ട്.
കരാറിൽ ഒപ്പിടാൻ കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് വിദ്യാഭ്യാസമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും പറയുന്നത് ഒരു സാമ്പത്തിക പ്രതിസന്ധിയും ഇല്ലെന്നാണ്. കിഫ്ബി മുഖേന മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങളും അന്താരാഷ്ട്ര നിലവാരത്തിൽ എത്തിച്ചുവെന്ന് ഇവർ പറയുന്നു. പിന്നെ എന്തിനാണ് ഇങ്ങനെ കീഴടങ്ങിയിട്ടുള്ള ഈ പണം. ഇവർ തന്നെ പരസ്പര വിരുദ്ധമായിട്ടാണ് സംസാരിക്കുന്നത്.
ഏകപക്ഷീയമായി മുഖ്യമന്ത്രി പറയുന്നത് അടിച്ചേൽപ്പിക്കുകയാണ്. ആ മുഖ്യമന്ത്രിയുടെ മീതെ സമ്മർദം ചെലത്തുന്നത് സംഘപരിവാർ ശക്തികളാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
District News
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതിലൂടെ വിദ്യാഭ്യാസ മേഖലയെ സംഘ്പരിവാറിന് ഇടതു സര്‍ക്കാര്‍ തീറെഴുതിക്കൊടുക്കുകയാണെന്ന് ആരോപിച്ച് എംഎസ്എഫ് ജില്ലാ കമ്മിറ്റി മാവൂര്‍ റോഡ് ഉപരോധിച്ചു. സമരത്തില്‍ പ്രധാനമന്ത്രിയുടെ ഷൂ തുടയ്ക്കുന്ന കേരള മുഖ്യമന്ത്രിയെ പ്രതീകാത്മക പ്രതിഷേധത്തിന്റെ ഭാഗമായി അവതരിപ്പിക്കുകയും മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു.
ജില്ലാ ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, ഭാരവാഹികളായ അന്‍സാര്‍ പെരുവയല്‍, സി.എം.മുഹാദ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ അഫ്ലു പട്ടോത്ത്, സി.വി.ജുനൈദ്, വജാഹത് സനീന്‍, യാസീന്‍ കൂളിമാട്, എം.പി. സാജിദ് റഹ്മാന്, ഇര്ഫാന് പള്ളിത്താഴം, അഫ്നാന് നന്മണ്ട, പി.കെ.അര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്കി.
Kerala
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎംശ്രീയിൽ സർക്കാർ ഒപ്പുവച്ചതിനെച്ചൊല്ലിയുണ്ടായ സിപിഎം-സിപിഐ തർക്കം കൂടുതൽ രൂക്ഷമാകുന്നു. ഇടതുനയം മാത്രം നടപ്പിലാക്കാനുള്ള ഏജൻസിയല്ല സർക്കാരെന്നും പിഎംശ്രീയിൽ സിപിഐക്കുള്ള ആശങ്ക സിപിഎമ്മിനും ഉണ്ടെന്നായിരുന്നു ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം.
തൊട്ടുപിന്നാലെ സിപിഎമ്മിനെതിരേ രൂക്ഷവിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമെത്തി. സർക്കാർ തിരുത്തിയേ മതിയാകൂവെന്നും ഇല്ലെങ്കിൽ 27നു ചേരുന്ന പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിനു ശേഷം കാണാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
എന്നാൽ എൻഇപി നടപ്പിലാക്കില്ലെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ പരാമർശത്തെ സ്വാഗതം ചെയ്ത ബിനോയ് പിഎംശ്രീ പദ്ധതിയിയിലും പതിവുപോലെ സർക്കാരിനൊപ്പം ചേർന്നുനിൽക്കുമെന്ന പ്രതീതിയാണു ജനിപ്പിച്ചത്.
ഇന്നലെ രാവിലെ ചേർന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിൽ രൂക്ഷവിമർശനമാണു സിപിഎമ്മിനെതിരേയും സർക്കാരിനെതിരേയും ഉണ്ടായത്. ഇടതുമുന്നണിയെയും മന്ത്രിസഭയിലെ പാർട്ടി മന്ത്രിമാരെയും നോക്കുകുത്തിയാക്കി പിഎംശ്രീ പദ്ധതിയിൽ ഒപ്പിട്ട നടപടിയെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും ശക്തമായ തീരുമാനം ഇക്കാര്യത്തിൽ വേണമെന്നും സെക്രട്ടേറിയറ്റംഗങ്ങൾ ബിനോയ് വിശ്വത്തോടു പറഞ്ഞു.
പാർട്ടി സെക്രട്ടേറിയറ്റിന്റെ വികാരം പൂർണമായും ഉൾക്കൊള്ളുന്നുവെന്നും ഇടതുമുന്നണി കണ്‍വീനർ ടി.പി. രാമകൃഷ്ണനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇക്കാര്യം പറഞ്ഞു കത്തയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിലുള്ള പാർട്ടി നിലപാടു വാർത്താസമ്മേളനം നടത്തി വിശദീകരിക്കാമെന്നും ബിനോയ് പറഞ്ഞു. കൂടാതെ ഇടതുമുന്നണിയിലെ എല്ലാ പാർട്ടികൾക്കും സിപിഐയുടെ പ്രതിഷേധം വ്യക്തമാക്കിക്കൊണ്ടുള്ള കത്തുനൽകാനും സെക്രട്ടേറിയറ്റ് പാർട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തി.
പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ച രണ്ടുതവണ മന്ത്രിസഭായോഗം മാറ്റിവച്ചതാണ്. ആർഎസ്എസിന്റെ രാഷ്ട്രീയം നടപ്പിലാക്കാനുള്ള എൻഇപി പരിപാടി ഒരു കാരണവശാലും കേരളത്തിൽ നടപ്പിലാക്കില്ലെന്നു മന്ത്രി വി. ശിവൻകുട്ടിയും സിപിഎം നേതാക്കളും ആവർത്തിച്ചു വ്യക്തമാക്കിയതുമാണ്. എന്നാൽ നയപരമായ ഒരു കാര്യം ഇടതുമുന്നണിയിൽ ചർച്ച ചെയ്യാതെ സർക്കാർ ഉദ്യോഗസ്ഥയെ പൊടുന്നനെ പറഞ്ഞയച്ചു നിർവഹിച്ചതിലെ നിഗൂഢതയെയാണു സിപിഐ സംശയിക്കുന്നത്. എന്തു രാഷ്ട്രീയ നീക്കുപോക്കാണു നടന്നതെന്ന സംശയവും സിപിഐയ്ക്കുണ്ട്. പദ്ധതിയിൽ ഒപ്പിട്ട സാഹചര്യത്തിൽ പിന്നോട്ടുപോകാൻ കഴിയില്ലെന്ന തിരിച്ചറിവും സിപിഐക്കുണ്ട്. പാർട്ടി മന്ത്രിമാരെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുപ്പിക്കാതിരിക്കാനുള്ള തീരുമാനമെങ്കിലും ഉണ്ടാകണമെന്ന നിലപാടിൽ തന്നെയാണു സിപിഐയിലെ പ്രധാനപ്പെട്ട എല്ലാ നേതാക്കളും. പക്ഷേ ഇക്കാര്യത്തിൽ ഒരഭിപ്രായവും ബിനോയ് വിശ്വം ഇതുവരെയും പങ്കുവച്ചിട്ടില്ല. ബാക്കി കാര്യങ്ങൾ 27ന് ആലപ്പുഴയിൽ ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ആലോചിക്കാമെന്നു മാത്രമാണു പാർട്ടി നേതാക്കളോട് ബിനോയ് പങ്കുവച്ചിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയൻ വിദേശസന്ദർശന ശേഷം മടങ്ങിയെത്തുമ്പോൾ വിഷയത്തിൽ കൂടുതൽ ചർച്ചകളും തീരുമാനങ്ങളും കൈക്കൊള്ളാനാണു സിപിഎം തീരുമാനവും.
Kerala
കണ്ണൂര്‍ : പിഎം ശ്രീ പദ്ധതിയില്‍ കേരള സര്‍ക്കാര്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ എഐവൈ എഫ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ കോലം കത്തിച്ചു. പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് നടത്തിയ പ്രതിഷേധ പരിപാടിയിൽ സിപിഎമ്മിനെതിരേ രൂക്ഷ വിമർശന മുദ്രാവാക്യങ്ങളായിരുന്നു പ്രവർത്തകർ ഉയർത്തിയത്.
കേന്ദ്രം വാഴും ബിജെപിയുടെ വര്‍ഗീയ അജണ്ടയ്ക്ക് സിപിഎം കുട്ടു നിൽക്കുന്നു, നാലു വെള്ളിക്കാശിനു വേണ്ടി ആദർശങ്ങളെ ശിവൻകുട്ടി ഒറ്റിക്കൊടുത്തു എന്നിങ്ങനെയുള്ള മുദ്രാവാക്യം വിളികളും ഉയർന്നു. പ്രതിഷേധ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.വി. സാഗർ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ചതിനൊപ്പം പാർട്ടി നേതൃത്വത്തിന്റെ നിലപാടുകളെയും വിമർശിച്ചു.
സിപിഎമ്മിന്റെ കീഴിൽ നിൽക്കേണ്ട ആവശ്യം സിപിഐക്കില്ലെന്നും പാർട്ടിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നത് ആരായാലും പ്രവർത്തകർ നോക്കി നിൽക്കില്ലെന്നും സാഗർ പറഞ്ഞു. സിപിഐ മന്ത്രിമാരെ മന്ത്രിസഭയിൽ നിന്നും പിൻവലിക്കാൻ നേതൃത്വം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പണത്തിനു വേണ്ടി സിപിഎം കേരളത്തെ ആർഎസ്എസിന് അടിയറി വച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
കോലം കത്തിക്കൽ പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. രജീഷ് ഉദ്ഘാടനം ചെയ്തു. കെ.ചന്ദ്രകാന്ത്, സി. ജസ്വന്ത്, കെ.വി.പ്രശോഭ്, പ്രണോയ് വിജയൻ എന്നിവർ പ്രസംഗിച്ചു. ഇന്ന് കണ്ണൂർ നഗരത്തിൽ എഐവൈഎഫ് പ്രതിഷേധ പ്രകടനം നടത്തും. രാവിലെ 11ന് സ്റ്റേഡിയം കോർണറിൽ നിന്നാരംഭിക്കുന്ന പ്രകടനം കാൽടെക്സ് ജംഗ്ഷനിൽ സമാപിക്കും.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫ് തീരുമാനം ആരോടും ചര്‍ച്ച ചെയ്യാതെയാണെന്ന് ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എല്‍ഡിഎഫിന്റെ ശൈലി ഇതല്ല. ഇതാകരുത് എല്‍ഡിഎഫിന്റെ ശൈലിയെന്നും മുന്നണി മര്യാദയുടെ ലംഘനമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇത് എല്‍ഡിഎഫിൽനിന്ന് പ്രതീക്ഷിക്കാത്തതാണ്.
സിപിഐയെ ഇരുട്ടിൽ നിര്‍ത്തി തീരുമാനമെടുക്കാനാകില്ല. ഇത് ജനാധിപത്യത്തിന്റെ വഴിയല്ല, തിരുത്തപ്പെടണമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
ഗൗരവമായ വിഷയത്തിൽ എംഒയു ഒപ്പിടുമ്പോൾ ഘടക പാർട്ടികളെ അറിയിക്കാത്തതിലെ രാഷ്ട്രീയ യുക്തി മനസിലാകുന്നില്ല. മന്ത്രിസഭയിലെ മന്ത്രിമാർക്കും ഇക്കാര്യത്തിൽ അറിവില്ലായിരുന്നു. രണ്ട് തവണ മന്ത്രിസഭയിൽ വന്നു, നയപരമായ തീരുമാനത്തിന് മാറ്റി വച്ച വിഷയം ആണിത്. പിന്നീട് ഒരിക്കലും എൽഡിഎഫിൽ ചർച്ചക്ക് വന്നില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
ഒപ്പിട്ടത് വാർത്ത കണ്ടപ്പോള്‍ അന്വേഷിച്ചു, വാർത്ത ശരിയാണെന്ന് മനസിലായി. കേൾക്കുന്ന വാർത്ത ശരിയെങ്കിൽ മുന്നണി മര്യാദയുടെ ലംഘനം എന്ന് ഇന്നലെ പറഞ്ഞു. മുന്നണി മര്യാദയുടെ ലംഘനം തന്നെയെന്ന് ആവർത്തിച്ച് പറയുന്നുവെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Kerala
മലപ്പുറം: പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവച്ചത് വളരെ ഗൗരവമുള്ള വിഷയമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ആർഎസ്എസിന്റെ അജണ്ട നടപ്പിലാക്കുന്ന പാഠ്യപദ്ധതിയാണ് ഇതെന്നും ആ സിസ്റ്റത്തിലേക്ക് മാറിയത് വളരെ ഗൗരവമുള്ള വിഷയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പിഎം ശ്രീ നടപ്പിലാക്കില്ല. ഫണ്ടിന്റെ കാര്യം പറഞ്ഞുള്ള ഒപ്പിടൽ വിശ്വസനീയമല്ല. ചരിത്രം തിരുത്താനുള്ള ലോംഗ് ടൈം അജണ്ടയുമായിട്ടാണ് കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത്.
ഗാന്ധി വധം തമസ്കരിക്കുന്നതടക്കം അതിന് ഉദാഹരണമാണ്. അത്തരം വീക്ഷണങ്ങൾക്ക് പ്രാമുഖ്യം നൽകുന്നതാണ് എൻഇപി. അതുകൊണ്ടാണ് തമിഴ്നാടും മതേതര സർക്കാരുകളും പദ്ധതിയെ എതിർത്തത്. മറ്റു മതേതര സംസ്ഥാനങ്ങൾ ഇതിനെ എതിർക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
എന്താണ് ഈ തീരുമാനത്തിന്റെ പിറകിൽ എന്ന് അറിയില്ല. എൽഡിഎഫിന്റെ ഘടകകക്ഷികൾക്ക് പോലും അത് വ്യക്തമായിട്ടില്ല. സിപിഐ തീരുമാനങ്ങൾ എടുത്തു പറയട്ടെയെന്നും അതിനുശേഷം ബാക്കി കാര്യങ്ങൾ പറയാമെന്നും അദ്ദേഹം പറഞ്ഞു.
കർണാടക സർക്കാരും പദ്ധതിയിൽ നേരെ പോയി ഒപ്പിട്ടിട്ടില്ലെന്നും ഫണ്ട് ബിജെപിയുടെ ഔദാര്യമല്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ കടുത്ത എതിർപ്പ് എൽഡിഎഫിൽ പ്രകടിപ്പിക്കുന്നതിനിടെയാണ് യുഡിഎഫ് കൺവീനറുടെ പ്രതികരണം.
സിപിഎമ്മിന്റെ വല്യേട്ടന് മനോഭാവത്തില്‍ അടിച്ചമര്‍ത്തലിന് ഇരയായി എല്‍ഡിഎഫില്‍ തുടരണൊയെന്ന് സിപിഐ ചിന്തിക്കണം. യുഡിഎഫിലേക്ക് വന്നാല്‍ അര്‍ഹമായ സ്ഥാനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ യുഡിഎഫിലേക്ക് വരണമെന്നും സിപിഎമ്മിന്റെ അപമാനം സഹിച്ച് എല്‍ഡിഎഫില്‍ തുടരരുതെന്നും അദ്ദേഹം പറഞ്ഞു. സിപിഐയില്‍ നിന്നും പലരും കോണ്‍ഗ്രസിലേക്ക് വരുമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സിപിഐ പോലും അറിയാതെയാണ് പിഎം ശ്രീ പദ്ധതിയിൽ സര്‍ക്കാര്‍ ഒപ്പുവച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മോദിയെ മുഖ്യമന്ത്രി കണ്ടതിന് പിന്നാലെയാണ് ഒപ്പുവച്ചത്. സിപിഎം- ബിജെപി ബന്ധത്തിന് ഇടനിലയായിരിക്കുകയാണ് പിഎം ശ്രീയെന്നും സതീശൻ കൂട്ടിച്ചേർത്തു.
സർക്കാരിന്റേത് ഏകപക്ഷീയ തീരുമാനമാണ്. നിബന്ധനകളിൽ എതിർപ്പ് അറിയിക്കാതെയാണ് ഒപ്പ് വച്ചിരിക്കുന്നത്. ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നത്. സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാട് പോലും നോക്കിയില്ല. സിപിഐയേക്കാൾ വലുതാണ് സിപിഎമ്മിന് ബിജെപി എന്ന് തെളിയിച്ചുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി യുഡിഎഫ്.
സിപിഎം വിഷലിപ്തമായ പാഠ്യപദ്ധതിക്കാണ് വഴിമരുന്ന് ഇടാൻ പോകുന്നതെന്നും പിഎം ശ്രീ പദ്ധതിയിലൂടെ സംഘപരിവാർ വിഷം സ്കൂൾ സിലബസിൽ നിറയുമെന്ന് സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു.
സിപിഎം നിലപാട് ചരിത്രം അടയാളപ്പെടുത്തും. മുന്നണിയിൽ സിപിഐക്കും സ്വന്തം പാർട്ടിക്കാർക്കും പുല്ലുവിലയാണെന്നും സിപിഐ വിമർശനത്തെ തള്ളിയതിനെ കുറിച്ച് സിദ്ദിഖ് പരിഹസിച്ചു.
എല്ലാം ഒരാൾ തീരുമാനിക്കുന്ന സ്ഥിതിയാണ് ഇടതുമുന്നണിയിലെന്നും സിദ്ധിഖ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ചേരാനുള്ള തീരുമാനത്തിൽ മന്ത്രിസഭാ യോഗത്തിൽ എതിർപ്പ് ഉയർത്തി സിപിഐ. മന്ത്രി കെ.രാജൻ പാർട്ടിയുടെ ആശങ്ക അറിയിച്ചെങ്കിലും മുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയോ മറുപടി നൽകിയില്ല.
നേരത്തെ രണ്ട് തവണ മന്ത്രിസഭാ യോഗം ചർച്ച ചെയ്ത് മാറ്റിവെച്ചതാണ് പിഎം ശ്രീ. രാവിലെ ബിനോയ് വിശ്വം പാർട്ടി മന്ത്രിമാരെ വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു. ഈ ചർച്ചയിലാണ് കാബിനറ്റിൽ എതിർപ്പ് രേഖപ്പെടുത്താൻ നിർദേശമുണ്ടായത്.
ഫണ്ട് വാങ്ങിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്ന ശിവൻകുട്ടിയുടെ വാദം ബിനോയ് വിശ്വം തള്ളി. സിപിഎമ്മും വിദ്യാഭ്യാസ മന്ത്രിയും പലതരം വിശദീകരണം നടത്തുമ്പോഴും പദ്ധതിയോടുള്ള എതിർപ്പിൽ പിന്നോട്ടില്ലെന്ന് സിപിഐ നേതാക്കൾ പറഞ്ഞു.