തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫ് തീരുമാനം ആരോടും ചര്‍ച്ച ചെയ്യാതെയാണെന്ന് ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എല്‍ഡിഎഫിന്റെ ശൈലി ഇതല്ല. ഇതാകരുത് എല്‍ഡിഎഫിന്റെ ശൈലിയെന്നും മുന്നണി മര്യാദയുടെ ലംഘനമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇത് എല്‍ഡിഎഫിൽനിന്ന് പ്രതീക്ഷിക്കാത്തതാണ്.
സിപിഐയെ ഇരുട്ടിൽ നിര്‍ത്തി തീരുമാനമെടുക്കാനാകില്ല. ഇത് ജനാധിപത്യത്തിന്റെ വഴിയല്ല, തിരുത്തപ്പെടണമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
ഗൗരവമായ വിഷയത്തിൽ എംഒയു ഒപ്പിടുമ്പോൾ ഘടക പാർട്ടികളെ അറിയിക്കാത്തതിലെ രാഷ്ട്രീയ യുക്തി മനസിലാകുന്നില്ല. മന്ത്രിസഭയിലെ മന്ത്രിമാർക്കും ഇക്കാര്യത്തിൽ അറിവില്ലായിരുന്നു. രണ്ട് തവണ മന്ത്രിസഭയിൽ വന്നു, നയപരമായ തീരുമാനത്തിന് മാറ്റി വച്ച വിഷയം ആണിത്. പിന്നീട് ഒരിക്കലും എൽഡിഎഫിൽ ചർച്ചക്ക് വന്നില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
ഒപ്പിട്ടത് വാർത്ത കണ്ടപ്പോള്‍ അന്വേഷിച്ചു, വാർത്ത ശരിയാണെന്ന് മനസിലായി. കേൾക്കുന്ന വാർത്ത ശരിയെങ്കിൽ മുന്നണി മര്യാദയുടെ ലംഘനം എന്ന് ഇന്നലെ പറഞ്ഞു. മുന്നണി മര്യാദയുടെ ലംഘനം തന്നെയെന്ന് ആവർത്തിച്ച് പറയുന്നുവെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Tags : Binoy Viswam CPI PM Shri