സിഡ്നി: ഇന്ത്യയ്ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. മിച്ചൽ മാർഷാണ് ഓസീസ് ടീമിനെ നയിക്കുന്നത്. വിശ്രമത്തിലായിരുന്ന പേസ് ബൗളർ മിച്ചൽ സ്റ്റാർക്ക് ഏകദിന ടീമിലേക്ക് തിരിച്ചെത്തി. നേരത്തെ ട്വന്റി20 ഫോർമാറ്റിൽ നിന്ന് സൂപ്പർതാരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച മാത്യു റെൻഷായും ടീമിൽ ഇടംപിടിച്ചു.
മാറ്റ് ഷോർട്ട്, മിച്ചൽ ഓവൻ എന്നിവർ തിരിച്ചെത്തിയപ്പോൾ മാർനസ് ലബുഷെയ്ൻ, ഷോൺ ആബട്ട്, ആരോൺ ഹാർഡി, മാത്യു കുനെമാൻ എന്നിവരെ ഒഴിവാക്കി. പരിക്കിന്റെ പിടിയിലായ മുൻ നായകൻ പാറ്റ് കമ്മിൻസിനും തിരിച്ചെത്താനായില്ല. കൈക്കുഴയ്ക്ക് പരിക്കേറ്റ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെല്ലിനും പുറത്തിരിക്കേണ്ടി വരും.
ഇന്ത്യൻ പര്യടനത്തിൽ മൂന്ന് ഏകദിന മത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണുള്ളത്. ഒക്ടോബർ 19ന് പെർത്തിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം. ഈ പരമ്പരകൾക്കായി ഇന്ത്യ നേരത്തെ തന്നെ ടീമിനെ പ്രഖ്യാപിച്ചിരുന്നു.
ഓസ്ട്രേലിയൻ ഏകദിന ടീം: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), സേവ്യർ ബാർട്ട്ലെറ്റ്, അലക്സ് ക്യാരി, കൂപ്പർ കോണോലി, ബെൻ ഡ്വാർഷൂയിസ്, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസിൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, മിച്ചൽ ഓവൻ, മാത്യു റെൻഷാ, മാത്യു ഷോർട്ട്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ.
ട്വന്റി20 ടീം (ആദ്യ രണ്ടു മത്സരങ്ങൾക്ക്) : മിച്ചൽ മാർഷ് (ക്യാപ്റ്റൻ), സീൻ ആബട്ട്, സേവ്യർ ബാർട്ട്ലെറ്റ്, ടിം ഡേവിഡ്, ബെൻ ഡ്വാർഷൂയിസ്, നഥാൻ എല്ലിസ്, ജോഷ് ഹേസിൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, മാത്യു കുനെമാൻ, മിച്ചൽ ഓവൻ, മാത്യു ഷോർട്ട്, മാർക്കസ് സ്റ്റോയിനിസ്, ആദം സാംപ.
Tags : Australia vs India Series Squad