അമൃത്സർ: 75 കാരനെ വിവാഹം ചെയ്യാന്‍ പഞ്ചാബിലെ ലുധിയാനയില്‍ എത്തിയ യുഎസ് പൗരത്തമുള്ള 71കാരിയായ ഇന്ത്യൻ വംശജയെ കൊന്ന് കത്തിച്ചതായി വെളിപ്പെടുത്തല്‍.
രൂപീന്ദര്‍ കൗര്‍ പന്ദേര് ആണ് കൊല്ലപ്പെട്ടത്. അമേരിക്കയിലെ സിയാറ്റിലില്‍ നിന്നായിരുന്നു രൂപീന്ദര്‍ കൗര്‍ ലുധിയാനയില്‍ കഴിയുന്ന വ്യവസായി ചരഞ്ജിത് സിംഗ് ഗ്രുവാളിനെ തേടിയെത്തിയത്.
സംഭവം നടന്നത് ജൂലൈയിലാണെങ്കിലും കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തുവന്നത്. വിവാഹ വാഗ്ദാനം നല്കി ചരഞ്ജിത് സിംഗ് ഗ്രുവാള്‍, രൂപീന്ദര്‍ കൗറിനെ ലുധിയാനയിലെത്തിക്കുകയും വാടക കൊലയാളിയെ ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ജൂലൈയിൽ ലുധിയാനയിലെത്തിയ രൂപീന്ദര്‍ കൗറിന്റെ ഫോണ്‍ ജൂലൈ 24 ന് സ്വിച്ച് ഓഫായിരുന്നു. പിന്നീട് ഇവരുടെ സഹോദരി കമല്‍ കൗര്‍ കെയ്റയാണ് ഇവരെ തേടി ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടത്.
ഇതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. ലുധിയാനയിലെ കില റായ്പുര്‍ ഗ്രാമത്തില്‍ രൂപീന്ദര്‍ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് സുഖ്ജീത് സിംഗ് എന്ന സോനുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ കൊലപാതകം നടത്തിയതായി പോലീസനോട് സമ്മതിക്കുകയും ചെയ്തു.
ചരഞ്ജിത് സിംഗ് ഗ്രുവാളിന്റെ നിര്‍ദേശ പ്രകാരം രൂപീന്ദറിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്റ്റോര്‍ റൂമില്‍ വച്ച് കത്തിക്കുകയായിരുന്നു. ജൂലൈ 12 നും 13 നും ഇടയിലുള്ള ദിവസങ്ങളിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.
സംഭവവുമായി ബന്ധപ്പെട്ട് ചരഞ്ജിത് സിംഗ് ഗ്രുവാളിനേയും ഇയാളുടെ സഹോദരനേയും പ്രതിചേര്‍ത്തെങ്കിലും ഇവര്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നു. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇരുവരും തമ്മിലുള്ള സാമ്പത്തിക പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ലുധിയാനയിലെത്തുന്നതിന് മുമ്പ് രൂപീന്ദര്‍ കൗര്‍, ഗ്രുവാളിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നു.
കൊലപാതകം നടത്തുന്നതിന് 50 ലക്ഷം രൂപയാണ് ചരഞ്ജിത് സിംഗ് കൊലയാളിക്ക് വാഗ്ദാനം ചെയ്തത്. പ്രതി സുഖ്ജീത് സിംഗിന്റെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ ശേഖരിക്കാനുള്ള ശ്രമം നടത്തുകയാണ് പോലീസ്.
Tags : Murder