കവിതകളെ സ്നേഹിച്ച് ലീല ടീച്ചർ
1531506
Monday, March 10, 2025 1:48 AM IST
ആലത്തൂർ: ലീല കുട്ടായി എന്ന റിട്ടയേർഡ് അധ്യാപിക കവിതകൾ എഴുതുന്ന തിരക്കിലാണ്. സ്കൂളിൽ ജോലി ചെയ്തിരുന്ന സമയത്തും കവിതകൾ എഴുതുമായിരുന്നു.
എന്നാൽ 31 വർഷം സർക്കാർ സർവീസിലെ യുപി അധ്യാപികയായി സേവനം ചെയ്തതിനുശേഷമാണ് ലീല ടീച്ചർ കവിതകൾ കൂടുതലായി എഴുതാൻ തുടങ്ങിയത്. 2020 മാർച്ച് 31 നാണ് ടീച്ചർ സർവീസിൽനിന്ന് വിരമിക്കുന്നത്.
ലീല കുട്ടായിയുടെ എൺപതോളം കവിതകളുടെ സമാഹാരമായ "കാതോർക്കാൻ കാഴ്ചകൾക്ക് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രകാശനം ചെയ്തിരുന്നു. 2007ൽ ഭർത്താവ് റിട്ടയേഡ് എഎസ്ഐ എ. കുട്ടായിയുടെ മരണം വല്ലാതെ തളർത്തിയെങ്കിലും പിന്നീട് മനോധൈര്യം കവിതകളിലൂടെ പുനർജനിക്കുകയായിരുന്നു. മക്കളായ അബിനിഷ്, ജുബിനിഷ് എന്നിവർക്കൊപ്പം പെരിങ്കുളം കാരോട്ട് ഗ്രാമത്തിലെ അന്പാടി വീട്ടിലാണ് ടീച്ചറുടെ താമസം.
മനസിലെ കവിതകൾ ഇനിയും എഴുതി തീർക്കാനുണ്ടെന്നും അതെല്ലാം എഴുതിത്തീർക്കാനാകുമെന്ന വിശ്വാസത്തിലാണെന്നും ലീല ടീച്ചർ പറഞ്ഞു.