പറവകൾക്കും ജീവജാലങ്ങൾക്കും ദാഹജലമൊരുക്കി ഹാഫിസ് അഹമ്മദ്
1531503
Monday, March 10, 2025 1:48 AM IST
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: ചൂടുകൂടി എവിടേയും വെള്ളംവറ്റിയതോടെ ഹാഫിസ് അഹമ്മദിനു തിരക്കുകൂടി.
രാവിലെ സ്കൂളിലേക്കു പോകാനുള്ള ഒരുക്കങ്ങൾക്കൊപ്പം വീട്ടുവളപ്പിലെ പറവകൾക്കും മറ്റു ജീവജാലങ്ങൾക്കുമായി കരുതുന്ന ദാഹജലപാത്രങ്ങളിൽ വെള്ളം നിറയ്ക്കണം. പറമ്പിൽ പലയിടത്തായി മൺചട്ടികൾ തൂക്കിയിട്ട് അതിലാണ് വെള്ളം നിറച്ചുവയ്ക്കുന്നത്.
ചെറുപക്ഷികൾ വെള്ളം കുടിക്കുന്നതിനൊപ്പം കുളിച്ചു ചന്തക്കാരികളായാണ് തിരിച്ചുപോവുക. ചിറകടിച്ചുള്ള കുളിയിൽ കുറെ വെള്ളം താഴേക്ക് ഒഴുകിപ്പോകും.
ഇതിനാൽ ചട്ടികളിലെ വെള്ളവും വേഗത്തിൽവറ്റും. വൈകുന്നേരം സ്കൂളിൽനിന്നു തിരിച്ചെത്തിയാലും ചട്ടികളിൽ വെള്ളംനിറയ്ക്കൽ പണിയുണ്ട്. പരീക്ഷയില്ലാത്ത ദിവസം പക്ഷി നിരീക്ഷണവും ഹാഫിസിന് ഇഷ്ടപ്പെട്ട വിനോദമാണ്. പക്ഷികൾ കുളിച്ച് അവ ചിറകുകൾ ഉണക്കുന്നതും അന്തരീക്ഷത്തിലെ അസഹനീയമായ ചൂടിൽ കുളിച്ച് കിളികൾ പ്രകടിപ്പിക്കുന്ന സന്തോഷവും സുഖവും ഹാഫിസ് അടുത്തുനിന്നു കാണുന്ന കൗതുക കാഴ്ചകളാണ്.
ഹാഫിസിനെ പക്ഷികൾക്കും ഇഷ്ടമാണ്. അടുത്തു ചെന്നാലും പറന്നു പോകില്ല. അണ്ണാൻപടയും ദാഹജലംതേടി എത്താറുണ്ടെന്ന് ഹാഫിസ് പറഞ്ഞു.
മംഗലംഡാം ലൂർദ്മാതാ ഹയർസെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ഈ കൊച്ചു മിടുക്കൻ.
ഹാഫിസിന്റെ ഈ പക്ഷിസ്നേഹംകണ്ട് കൂട്ടുകാരും അവരുടെ വീടുകളിൽ ഈ സത്പ്രവൃത്തി ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
പൊതുപ്രവർത്തകനായ ഗഫൂർ മുടപ്പല്ലൂരിന്റെ മകനാണ് ഹാഫിസ്.