വാണിയംകുളം കന്നുകാലിച്ചന്തയുടെ നവീകരണ പ്രവൃത്തികൾ തുടങ്ങി
1531788
Tuesday, March 11, 2025 1:29 AM IST
ഷൊർണൂർ: വാണിയംകുളം കന്നുകാലിച്ചന്ത ആധുനികരീതിയിൽ നവീകരിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ കന്നുകാലിച്ചന്തയാണ് വാണിയംകുളത്തേത്. കന്നുകാലിച്ചന്തയുടെ മൂന്നാംഘട്ട നവീകരണമാണ് ഇപ്പോൾ തുടങ്ങിയത്.
കച്ചവടത്തിനായി എത്തിക്കുന്ന കന്നുകാലികൾ നിൽക്കുന്ന ഭാഗം കോൺക്രീറ്റ് ചെയ്യുന്ന പണിയാണ് തുടങ്ങിയത്. പണിപൂർത്തിയാകുന്നതോടെ കാലങ്ങളായുള്ള ചെളിപ്രശ്നത്തിന് ശാശ്വതപരിഹാരമാകും. പഞ്ചായത്തിന്റെ വികസനഫണ്ട് വിനിയോഗിച്ചാണ് കോൺക്രീറ്റ്ചെയ്ത് നവീകരിക്കുന്നത്.
ചെളിപ്രശ്നം പൂർണമായി പരിഹരിക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം.വർഷങ്ങളായി വാണിയംകുളം കന്നുകാലിച്ചന്തയിൽ മഴപെയ്താൽ ചെളിനിറഞ്ഞ അവസ്ഥയായിരുന്നു. ഇതേത്തുടർന്ന് കുറച്ചുഭാഗം നേരത്തേ കോൺക്രീറ്റ് ചെയ്ത് നവീകരിച്ചിരുന്നു. ബാക്കിഭാഗങ്ങളിൽ മഴക്കാലമായാൽ ചെളിനിറയുന്ന സ്ഥിതിയാണ്.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് നേരത്തേ കൊണ്ടുവരുന്ന കന്നുകാലികളെ കെട്ടിയിടുന്നതിനുപോലും സൗകര്യമില്ലാത്ത അവസ്ഥയാണുണ്ടായിരുന്നത്. കച്ചവടക്കാർക്കും കന്നുകാലികൾക്കും മഴപെയ്താൽ മുട്ടോളം ചെളിയിലായിരുന്നു കച്ചവടം.
ദിവസങ്ങൾക്കുശേഷം എത്തുന്ന കാലികൾക്ക് ചെളികാരണം തീറ്റപോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു.
ചെളിയിലൂടെ നടക്കാൻപോലുമാകാതെ കച്ചവടക്കാരും കന്നുകാലികളും ദുരിതത്തിലായിരുന്നു. ഇതിനെല്ലാം പരിഹാരമായാണ് കന്നുകാലിച്ചന്ത പൂർണമായും കോൺക്രീറ്റ് ചെയ്യുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. ഗംഗാധരൻ പറഞ്ഞു.