ചിനക്കത്തൂരിൽ താലപ്പൊലി ആഘോഷം പ്രൗഢഗംഭീരം
1531791
Tuesday, March 11, 2025 1:30 AM IST
ഒറ്റപ്പാലം: ചിനക്കത്തൂരിൽ താലപ്പൊലിയാഘോഷം വർണ്ണാഭം. ഇന്നാണ് കുമ്മാട്ടി. ഈ പകലിരവിനുമപ്പുറം വള്ളുവനാടിന്റെ മാമാമാങ്കമായ ചിനക്കത്തൂർ പൂരം പൂനിലാവായി പെയ്തിറങ്ങും. മാഘമാസത്തിലെ മകം നക്ഷത്രത്തിന്റെ പുണ്യംനുകരാൻ തട്ടകം ആവേശത്തോടെ ഒരുങ്ങിക്കഴിഞ്ഞു. ചിനക്കത്തൂർ പൂരത്തിന് ഇനി ഒരു നാൾ മാത്രമാണ് ബാക്കി. തട്ടകത്തിലെ 7 ദേശങ്ങളും ആവേശത്തിന്റെ പാരമ്യത്തിലാണ്. പൂരത്തിന്റെ വരവിനായി ദേശങ്ങളേഴും കാത്തിരിക്കുകയാണ്.
ചിനക്കത്തൂരിൽ പൂരതാലപ്പൊലിയാഘോഷം കഴിഞ്ഞതോടെയാണ് പൊൻപൂരത്തിന് ആവേശം കൂടിയത്. പൂരതാലപ്പൊലിക്ക് ശേഷം ഇന്ന് കുമ്മാട്ടിക്കും ഉച്ചയ്ക്ക് രണ്ടുമണിക്കുള്ള കുതിരയ്ക്ക് തലവെക്കൽ ചടങ്ങുകൾക്കും ദേശങ്ങളൊരുങ്ങിക്കഴിഞ്ഞു. പിന്നെ ഒരുരാത്രി കടന്നാൽ ബുധനാഴ്ചയാണ് ചിനക്കത്തൂർ പൂരം. താലപ്പൊലിയാഘോഷഭാഗമായി തട്ടകത്തിലെ നിശ്ചിതകേന്ദ്രങ്ങളിൽ പൂരത്തിന്റെ കൊട്ടിയറിയിപ്പ് ചടങ്ങ് നടന്നു. വൈകീട്ട് കോമരവും മൂന്ന് പറവാദ്യവും കയറംപാറ നീലികാവിൽനിന്ന് ചിനക്കത്തൂരിലേക്ക് പുറപ്പെട്ടു.
പല്ലാർമംഗലം പന്തലിൽനിന്ന് നാലാമത്തെ പറയും പഴയ പോസ്റ്റ് ബസ്സ്റ്റോപ്പിന്റെ സമീപത്തുനിന്ന് രണ്ട് പറവാദ്യങ്ങളും കൂടിച്ചേർന്ന് ആറ് പറവാദ്യങ്ങളും കോമരവുമായി ചിനക്കത്തൂർ കാവിലേക്ക് എഴുന്നള്ളിപ്പ് നടന്നു. പറവാദ്യം ക്ഷേത്രത്തിലെത്തിയശേഷം തായമ്പക, കേളി, പറ്റ് എന്നിവ നടന്നു.
രാത്രി താലപ്പൊലി പാടത്തുനിന്ന് കോമരങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് താലം എഴുന്നള്ളിപ്പുമുണ്ടായി. പറവാദ്യത്തിനുപിന്നിലായി പൂരതാലപ്പൊലി കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് നടന്നു. നീലിക്കാവിൽ നിന്നാണ് എഴുന്നള്ളിപ്പു തുടങ്ങിയത്. ചെർപ്പുളശേരി മണികണ്ഠൻ തിടമ്പേറ്റി. അഞ്ച് ഗജവീരൻമാർ അകമ്പടിയേകി. തുടർന്ന്പാണ്ടിമേളം നടന്നു. തിരുവല്ല രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നൂറിൽപ്പരം കലാകാരൻമാരാണ് പാണ്ടിമേളത്തിൽ അണിനിരന്നത്. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിയ ശേഷം വർണശബളമായ കുടമാറ്റം നടന്നു. പാണ്ടിമേളം അവസാനിച്ചതിനുശേഷം കമ്പം കത്തിക്കലോടെയാണ് താലപ്പൊലിയാഘോഷം സമാപിച്ചത്.