ആദിവാസിസമൂഹത്തിനു തുണയായി വനാമൃതം പദ്ധതി; നേടിയത് 60 ലക്ഷം
1531346
Sunday, March 9, 2025 6:59 AM IST
അഗളി: ആദിവാസിസമൂഹത്തിന്റെ സാമ്പത്തികഭദ്രത മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആസൂത്രണംചെയ്ത വനാമൃതം പദ്ധതി വിജയത്തിലേക്ക്.
2022 ലാണ് വനംവകുപ്പ് വനാമൃതം പദ്ധതിക്ക് തുടക്കമിട്ടത്. മൂന്നുവർഷത്തിനുള്ളിൽ തന്നെ 57.74 ലക്ഷം രൂപ പദ്ധതിയിലൂടെ സമ്പാദിക്കാനായി. 64.32 ടൺ വന വിഭവങ്ങളാണ് ഇതിനിടെ ശേഖരിച്ചത്.
മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷനിൽ ചെറിയ പൈലറ്റ് പദ്ധതിയായി ആരംഭിച്ച വനാമൃതം പദ്ധതി ഞൊടിയിടയിൽ വളർന്നു പന്തലിക്കുകയായിരുന്നുവെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അബ്ദുൾ ലത്തീഫ് പറഞ്ഞു. ആദിവാസി വിഭാഗക്കാർക്ക് പൂർവികഭൂമി സംരക്ഷിക്കുന്നതിനും പുതിയ വരുമാനമാർഗം വാഗ്ദാനം ചെയ്യുന്നതിനുമായാണ് പദ്ധതി ആരംഭിച്ചത്. തലമുറകളായി ആദിവാസി ജീവനത്തിന്റെ ഭാഗമായിരുന്ന ഔഷധസസ്യങ്ങളുടെ സംരക്ഷണത്തിലും ശേഖരണത്തിലുമാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചത്.
കുറുന്തോട്ടി, മൂവില, ചുണ്ട, കരിങ്കുറിഞ്ഞി തുടങ്ങി വിവിധയിനം ഔഷധസസ്യങ്ങൾ ആദിവാസി കുടുംബങ്ങൾ മുഖേന വനത്തിൽനിന്ന് ശേഖരിച്ച് വനംവകുപ്പിന്റെ നേതൃത്വത്തിലാണ് ആയുർവേദ ഔഷധനിർമാണത്തിനു വിൽക്കുന്നത്.
പദ്ധതിയിലൂടെ ആദിവാസി കുടുംബങ്ങൾക്ക് ദാരിദ്ര്യനിർമാർജനവും സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും കഴിഞ്ഞതായി പദ്ധതി നോഡൽ ഓഫീസർ എൻ. സഫീർ പറഞ്ഞു.