വനിതാദിനത്തിൽ കാർത്തുമ്പി കുടനെയ്ത്തും പരിശീലനശിബിരവുമായി തമ്പ്
1531781
Tuesday, March 11, 2025 1:29 AM IST
അഗളി: കാർത്തുമ്പികുടകൾ നെയ്തും കുടനിർമാണത്തിൽ പരിശീലനങ്ങൾ നൽകിയും അട്ടപ്പാടിയിൽ ആദിവാസി വനിതകൾ വനിതാദിനം ആഘോഷിച്ചു. പ്രധാന ആദിവാസി കൂട്ടായ്മയായ തമ്പിന്റെ നേതൃത്വത്തിലാണ് വനിതാദിനാചരണം ആദിവാസികൾ വേറിട്ട അനുഭവമാക്കിയത്.
ഷോളയൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ തമ്പ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് കുടനെയ്ത്ത് ഉത്സവം ഉദ്ഘാടനം ചെയ്തു. മനീഷ് ശ്രീകാര്യം അധ്യക്ഷനായി. കുടനിർമാണ പഠനകളരിയിൽ അട്ടപ്പാടിയിലെ വിവിധ ഊരുകളിൽ നിന്നായി 50 ഓളം വനിതകൾ പങ്കെടുത്തു. തമ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന പത്താം ബാച്ച് കുടനിർമാണ പഠനകളരിയാണിത്.തമ്പ് കൺവീനർ കെ. രാമു മുഖ്യപ്രഭാഷണം നടത്തി.
ബിനിൽകുമാർ സന്ദേശം നൽകി. പണലി ഗൊട്ടിയാർ കണ്ടി, സുധീഷ് പട്ടണക്കല്ല്, രേവതി തുടങ്ങിയവർ നേതൃത്വം നൽകി. പഠനശിബിരം 5 ദിവസം നീണ്ടുനിൽക്കും. ചാലക്കുടി ബദൽജീവിത പഠനകേന്ദ്രം ഡയറക്ടർ വർഗീസ് പോൾ ക്ലാസെടുത്തു. കൊച്ചിൻ ഷിപ്പിയാർഡ് സിഎസ്ആറിന്റെ സഹകരണത്തോടെയാണ് കുടനിർമാണ പരിശീലനം നടത്തുന്നത്. കഴിഞ്ഞ പത്തുവർഷമായി തുടർന്നുവരുന്ന കാർതുമ്പി കുടനിർമാണ പരിശീലനത്തിലൂടെ 400 ഓളം ആദിവാസി വനിതകൾക്ക് പരിശീലനം നൽകിയതായി തമ്പ് ഭാരവാഹികൾ പറഞ്ഞു. ഈവർഷം കുടനിർമാണത്തിന് പുറമേ മറ്റ് ഉപജീവന സംരംഭങ്ങളെകുറിച്ചും ക്ലാസുകൾ നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.