ആഭരണങ്ങൾ കവർന്ന കൂട്ടുപ്രതി അറസ്റ്റിൽ
1531505
Monday, March 10, 2025 1:48 AM IST
ഷൊർണൂർ: രോഗികളായ വൃദ്ധദമ്പതികളുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ കൂട്ടുപ്രതിയായ ഷൊർണൂർ ഗണേശ്ഗിരി ആയിഷ (40) അറസ്റ്റിൽ. ആയിഷയുടെ ഭർത്താവ് മുണ്ടായ വടക്കേതിൽ ഉമർഖാനെ നേരത്തേ പിടികൂടിയിരുന്നു.
ആലഞ്ചേരിയിൽ രോഗികളായ ഹക്കീം റാവുത്തർ- നബീസ ദമ്പതികളെ പരിചരിക്കുന്നതിനിടയിൽ രോഗാവസ്ഥ മുതലെടുത്തു മോഷണം നടത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
നബീസ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾക്കു പകരം മുക്കുപണ്ടം ധരിപ്പിക്കുകയായിരുന്നു.
നബീസയെ വിദഗ്ധ ചികിത്സ നൽകാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണു വീട്ടുകാർ മോഷണവിവരം അറിയു തുടർന്നു ബന്ധുക്കൾ ഷൊർണൂർ പോലീസിൽ പരാതി നൽകി. ഒളിവിൽ പോയ ഉമർഖാനെ തമിഴ്നാട്ടിലെ ഈറോഡിൽ നിന്നാണു പിടികൂടിയത്.
ആയിഷയുടെ മൊഴിയിൽ ഷൊർണൂരിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 2.59 ഗ്രാം തൂക്കമുളള ഒരുജോഡി കമ്മൽ വീണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.