ചിനക്കത്തൂരിൽ പൂരം ഒരുക്കം; ഇന്നു താലപ്പൊലി, നാളെ കുമ്മാട്ടി
1531502
Monday, March 10, 2025 1:48 AM IST
ഒറ്റപ്പാലം: ചിനക്കത്തൂരിൽ പൂരം താലപ്പൊലി ഇന്ന്. നാളെ കുമ്മാട്ടി. പൂരത്തിന്റെ വരവറിയിച്ചു കൊണ്ടാണ് ചിനക്കത്തൂരിൽ താലപ്പൊലി ആഘോഷിക്കുന്നത്.
വൈകുന്നേരം അഞ്ചരയ്ക്ക് നീലിക്കാവിൽ നിന്നും അഞ്ച് ഗജവീരൻമാരുടെ അകമ്പടിയോടെ എഴുന്നള്ളത്ത് ചിനക്കത്തൂർ കാവിലേക്ക് എത്തിച്ചേരും. തുടർന്ന് 100 കലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളം നടക്കും. തിരുവല്ല രാധാകൃഷ്ണനാണ് മേളപ്രമാണി.
കമ്പംകത്തിക്കലും മറ്റുചടങ്ങുകളും ഇതോടനുബന്ധിച്ച് നടക്കും.
ചിനക്കത്തൂർ താലപ്പൊലി കണ്ടത്തിൽനിന്നും എഴുന്നള്ളത്തും താലംകൊളത്തലും താലപ്പൊലിരാത്രിയിൽ നടക്കും. താലപ്പൊലിയുടെ പൂർവികമായ ആചാരമാണിത്. പൂരംനാളിൽ ഇത്തവണത്തെ കൂട്ടിഎഴുന്നള്ളത്തും നടക്കും.
ചിനക്കത്തൂരിൽ ഇതാണിത്തവണത്തെ പ്രത്യേകത. പൂരത്തിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഇരുചേരികളിലെയും ആനകൾ പകൽപ്പൂരത്തിന് ഒരുമിച്ചണിനിരക്കുന്നത്.
ഇതുവരെ പകൽപ്പൂരത്തിന് കിഴക്കൻചേരിയിലും പടിഞ്ഞാറൻചേരിയിലുമായി മുഖാമുഖം നിന്നാണ് ആനകളുടെ എഴുന്നള്ളിപ്പും മേളവും നടക്കാറുള്ളത്. അതാണ് ഇത്തവണ കൂട്ടിയെഴുന്നള്ളിപ്പാക്കുന്നത്.
പൂരം നടക്കുന്ന ബുധനാഴ്ച രാത്രി 7.30നാണ് 27 ആനകളും മേളത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിന് അഭിമുഖമായി ഒന്നിച്ചണിനിരക്കുക. 7.45ന് കൂട്ടിയെഴുന്നള്ളിപ്പ് സമാപിക്കുന്ന രീതിയിലാണ് തീരുമാനിച്ചിട്ടുള്ളതെന്നു ഭാരവാഹികൾ പറയുന്നു. കുടമാറ്റത്തിലുമുണ്ട് ഇത്തവണ ചില പുതുമകൾ. തൃശൂർ പൂരത്തിന്റെ മാതൃകയിൽ വൈകീട്ട് 6.30ന് ഇരുചേരികളിലും ആനകൾ അണിനിരക്കും.
ശേഷമാണ് വാശിയേറിയ കുടമാറ്റം നടക്കുക. സാധാരണയുള്ളതിനേക്കാൾ കുടകൾ എത്തിക്കുന്നുണ്ട്. ഒറ്റപ്പാലം, പാലപ്പുറം, മീറ്റ്ന, എറക്കോട്ടിരി, പല്ലാർമംഗലം ദേശങ്ങൾ ഉൾപ്പെട്ട പടിഞ്ഞാറൻചേരിയിൽ 17 ആനകളും വടക്കുമംഗലം, തെക്കുമംഗലം എന്നീ ദേശങ്ങളുൾപ്പെട്ട കിഴക്കൻചേരിയിൽ പത്തു ആനകളുമാണ് അണിനിരക്കുക. പടിഞ്ഞാറൻചേരിയിൽ ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരും കിഴക്കൻചേരിയിൽ ചെറുശ്ശേരി കുട്ടൻമാരാരും പഴുവിൽ രഘുമാരാരും മേളത്തിനു നേതൃത്വം നൽകും.
ആനകൾ ഇരുചേരികളിലുമായി അണിനിരന്ന ശേഷം വൈകീട്ട് അഞ്ചുമണിക്കാണ് പാണ്ടിമേളം.