ആഘോഷങ്ങൾ തകൃതി
1531790
Tuesday, March 11, 2025 1:29 AM IST
വനവിഭവങ്ങൾ സ്വന്തമാക്കാൻ അവസരം
മണ്ണാര്‍ക്കാട്: ആദിവാസികള്‍ ശേഖരിക്കുന്ന വനവിഭവങ്ങള്‍ സ്വന്തമാക്കാന്‍ മണ്ണാര്‍ക്കാട് പൂരത്തിനെത്തുന്നവര്‍ക്ക് സുവര്‍ണാവസരം. പൂരനഗരിയില്‍ ഇതാദ്യമായി വനംവകുപ്പ് ഒരുക്കിയ വനശ്രീ ഇക്കോഷോപ്പ് കൗണ്ടറിലാണ് ഈ വിഭവങ്ങള്‍ ലഭിക്കുക. പൂരാഘോഷ കമ്മിറ്റി ജനറല്‍ സെക്രട്ടറി എം. പുരുഷോത്തമന് വനശ്രീ ഇക്കോഷോപ്പ് കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു.
മണ്ണാര്‍ക്കാട് റേഞ്ച് ഓഫിസര്‍ എന്‍. സുബൈർ, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. കാഞ്ഞിരപ്പുഴ ഇക്കോഷോപ്പാണ് മണ്ണാര്‍ക്കാട് വനംഡിവിഷന് വനവികസന ഏജന്‍സിക്ക് കീഴില്‍ പൂരനഗരിയില്‍ കൗണ്ടര്‍ തുറന്നത്. വനത്തില്‍ നിന്നും ശേഖരിച്ച വിഭവങ്ങള്‍ സംസ്കരിച്ച് തയാറാക്കിയ മൂല്യവര്‍ധിത ഉത്പന്നങ്ങൾ ലഭിക്കുമെന്ന് മണ്ണാര്‍ക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ. സുബൈർ അറിയിച്ചു.
പൊലിമയായി "പൂരപ്പൊലിമ'
മണ്ണാർക്കാട്: വോയ്സ് ഓഫ് മണ്ണാർക്കാട് മണ്ണാർക്കാട് പൂരത്തോടനുബന്ധിച്ച് നടത്തുന്ന പൂരപ്പൊലിമ തുടങ്ങി. പൂരപ്പറമ്പിൽ അമ്പലത്തിന്റെ ആലിൻചുവട്ടിലാണ് പൂരപ്പൊലിമ സ്റ്റാൾ പ്രവർത്തിക്കുന്നത്. നിരവധി മത്സരങ്ങളും വിജയികൾക്കു സമ്മാനങ്ങളും നല്‍കുന്നുണ്ട്. പൂരക്കമ്മിറ്റി സെക്രട്ടറി എം. പുരുഷോത്തമൻ പൂരപ്പൊലിമ സ്റ്റാളിന്റെ ഉദ്ഘാടനം നിർവഹിച്ചു. പൂരക്കമ്മിറ്റി പ്രസിഡന്റ് കെ.സി. സച്ചിദാനന്ദൻ, വോയ്സ് ഓഫ് മണ്ണാർക്കാട് ഭാരവാഹികളായ രമേഷ് പൂർണിമ, വിജയേഷ്, ഗഫൂർ പൊതുവത്ത്, ശ്രീവൽസൻ, സുധാകരൻ നസീർ, അബ്ദു, അൻവർ എന്നിവർ പ്രസംഗിച്ചു. പൂരം കഴിയുന്നതുവരെ സ്റ്റാൾ പ്രവർത്തിക്കും.