ജില്ലയിൽ ലോകവനിതാദിനം ആഘോഷിച്ചു
1531347
Sunday, March 9, 2025 7:08 AM IST
പാലക്കാട്: പ്രവർത്തനം ത്വരിതപ്പെടുത്തുക എന്ന ആശയത്തിൽ പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാട് ഈ വർഷത്തെ അന്താരാഷ്ട വനിതാദിനം പാസ്റ്ററൽ സെന്ററിൽ ആഘോഷിച്ചു. മിഷൻ സ്കൂൾ ജംഗ്ഷനിൽനിന്നും 600 ഓളം സ്ത്രീകൾ പങ്കെടുത്ത സാംസ്കാരിക ഘോഷയാത്ര ടൗണ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി. ഐശ്വര്യ ഫ്ളാഗ് ഓഫ് ചെയ്തു.
ജില്ലാ വിമൻസ് ഫെഡറേഷൻ പ്രസിഡന്റ് മഞ്ജു ബിനുവിന്റെ അധ്യക്ഷതയിൽ നടത്തിയ പൊതുസമ്മേളനം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ സമത്വം ത്വരിതപ്പെടുത്തണമെന്നും സ്ത്രീകൾ മാനസിക ബലമുള്ളവരായി തീരണമെന്നും ബിഷപ് മാർ. പീറ്റർ കൊച്ചുപുരയ്ക്കൽ അനുഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞു. മേഴ്സി കോളജ് വിദ്യാർഥിനികൾ അവതരിപ്പിച്ച തെരുവുനാടകം വനിതാദിനത്തിന് മാറ്റേകി. തൃശൂർ സെന്റ് മേരീസ് കോളജിലെ അസിസറ്റന്റ് പ്രഫസർ ഡോ. ദീപ മുരിയ്ക്കൻ സെമിനാർ നയിച്ചു. നബാർഡ് ജില്ലാ വികസന മാനേജർ കവിത റാം, ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റും പുതുനഗരം ബ്രാഞ്ച് ഹെഡുമായ ബി. രമ്യ എന്നിവർ ആശംസാപ്രസംഗം നടത്തി.
ഫെഡറൽ ബാങ്ക് കോഴിക്കോട് സോണൽ ഓഫീസ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഷോബിൻ ജോർജ് സ്വയം സഹായ സംഘങ്ങൾക്കുള്ള ഫെഡറൽ ബാങ്കിന്റെ രണ്ടരക്കോടി രൂപയുടെ വായ്പാ വിതരണം നിർവഹിച്ചു. ചടങ്ങിൽ മികച്ച സ്വയം സഹായ സംഘങ്ങളെയും സർവകലാശാല പരീക്ഷകളിൽ മികച്ച സ്ഥാനം കരസ്ഥമാക്കിയവരേയും 10, 12 ക്ലാസുകളിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയവരേയും എസ്എച്ച്ജി മേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ചവരേയും ആദരിച്ചു. പിഎസ്എസ്പി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സീജോ കാരിക്കാട്ടിൽ സ്വാഗതവും ജില്ലാ വിമൻസ് ഫെഡറേഷൻ സെക്രട്ടറി ശകുന്തള രമേഷ് നന്ദിയും ആശംസിച്ചു.
അറുനൂറോളം വനിതകൾ പരിപാടിയിൽ പങ്കെടുത്തു. പിഎസ്എസ്പി അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോണ്സണ് വലിയപാടത്ത്, പ്രോജക്ട് ഓഫീസർ പി. ബോബി, കോ-ഓർഡിനേറ്റർ കെ.എൽ. അരുണ്, സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പാലക്കാട്: സുൽത്താൻപേട്ട രൂപതയിൽ ലോകവനിതാദിനാഘോഷം എസ്എംഎസ്എസ്എസിന്റെ നേതൃത്വത്തിൽ സുൽത്താൻപേട്ട രൂപത വികാരി ജനറാൾ മോണ്. മരിയ ജോസഫ് ഉദ്ഘാടനം ചെയ്തു. എസ്എംഎസ്എസ്എസ് ഡയറക്ടർ ഫാ. സഹായരാജ് വേന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എട്ടിമട അമൃത കോളജ് പ്രഫസർ രാജതിലകം മുഖ്യാഥിതി ആയിരുന്നു. വടകരപ്പതി പഞ്ചായത്ത് പ്രസിഡന്റ് ജോഷി ബ്രിട്ടോ ആശംസകൾ അർപ്പിച്ചു.
ബോധവത്കരണക്ലാസ് കൊഴിഞ്ഞാന്പാറ എസ്ഐ എം. മുഹമ്മദ് റാഫി, പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മാർട്ടിന ഗ്രേസി എന്നിവർ നയിച്ചു. എൽ. ലിഡ്വിൻ റിപ്പോർട്ട് അവതരിപ്പിച്ചു, ജെ. ഹെലൻ മേരി, കുളന്തേയ് തെരേസ എന്നിവർ ആശംസകൾ നേർന്നു. അഞ്ജലിൻ മേരി നന്ദി പറഞ്ഞു. തുടർന്ന് സ്നേഹ വിരുന്നും കലാപരിപാടികളും നടന്നു.
ഒലവക്കോട്: സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ അന്താരാഷ്ട്ര വനിതാദിനാചരണം മാതൃവേദിയുടെ നേതൃത്വത്തിൽ നടത്തി. വികാരി ഫാ. ഷാജു അങ്ങേവീട്ടിൽ, അസിസ്റ്റന്റ് വികാരി ഫാ. ഫ്രെഡി അരിക്കാടൻ, മാതൃവേദി ആനിമേറ്റർ സിസ്റ്റർ ആനി പോൾ, മാതൃവേദി പ്രസിഡന്റ് ബ്രിജിറ്റ് ഷാജു എന്നിവരുടെ നേതൃത്വത്തിൽ കലാകായിക മത്സരങ്ങളും ബൈബിളിലെ വനിതകളെക്കുറിച്ചുള്ള പഠനവും സംഘടിപ്പിച്ചു.
മലന്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മലന്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അകത്തേത്തറ രാജീവ്ഭവനിൽ നടത്തിയ അന്താരാഷ്ട്ര വനിതാദിനാചരണം സംസ്ഥാന കമ്മിറ്റിയംഗം ടി.പി. ഉമ്മൻ ഉദ്ഘാടനം ചെയ്തു. വനിതാഫോറം സെക്രട്ടറി വി. കുഞ്ഞിലക്ഷ്മി അധ്യക്ഷയായി. സ്ത്രീ സുരക്ഷയും ശാക്തീകരണവും എന്ന വിഷയത്തിൽ ശാസ്ത്രവേദി ജില്ലാ പ്രസിഡന്റ് ഡോ. ലക്ഷ്മി ആർ.ചന്ദ്രൻ പ്രഭാഷണം നടത്തി. ശെൽവൻ കുഴൽമന്ദം കാവ്യാലാപനം നടത്തി. പ്രേമകുമാരി ടീച്ചർ, എസ്.ഗോപിനാഥൻ നായർ, എസ്. സൈലാവുദ്ദീൻ, സി. പ്രസാദ്, പി.പി ഗോപിനാഥൻ, നിർമല, നബീസ എന്നിവർ പ്രസംഗിച്ചു.
വടക്കഞ്ചേരി: വനിതാദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണമ്പ്ര യൂണിറ്റ്, ഒറ്റപ്പാലം വെൽഫയർ ട്രസ്റ്റ്, ഐ കെയർ ഹോസ്പിറ്റൽ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യനേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.
യൂണിറ്റ് മുൻ പ്രസിഡന്റും രക്ഷാധികാരിയുമായ കെ.എം. ഹൈദരലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സുരേഷ് പുളിക്കൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് പ്രകാശൻ കുളത്തിങ്കൽ, സെക്രട്ടറി സതീഷ്, ഡോ.സോണറ്റ്, ജ്യോതിബസു, ബാലകൃഷ്ണൻ, സാദിക്കലി എന്നിവർ പ്രസംഗിച്ചു.
കല്ലടിക്കോട്: ഫ്രണ്ട്സ് ക്ലബ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വനിതാദിനം ആചരിച്ചു. കരിമ്പ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ എച്ച്. ജാഫർ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ പ്രവർത്തകയും ശാസ്ത്ര പ്രചാരകമായ വി. വിജയം മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ ഹരിതകർമസേനാംഗങ്ങളായ പ്രീതി അജിത്, എം. കെ. അമ്പിളി എന്നിവരെ ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം എം. ഉണ്ണികൃഷ്ണൻ ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ബീന ചന്ദ്രകുമാർ അധ്യക്ഷത വഹിച്ചു പ്രീതി പാതാരി പുസ്തക പരിചയം നടത്തി. അനിത, സി.കെ. രാജൻ, വി.എസ്. ബാബു, സുനിത, ബിൻഷ തുടങ്ങിയവർ പ്രസംഗിച്ചു.
വടക്കഞ്ചേരി: കെഎസ്എസ്പിഎ തരൂർ നിയോജക മണ്ഡലം വനിതാ ഫോറത്തിന്റെയും കോൺഗ്രസ് വടക്കഞ്ചേരി മണ്ഡലം കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ വനിതാ ദിനാഘോഷ പരിപാടികൾ നടന്നു. അസോസിയേഷൻ വനിതാഫോറം നിയോജകമണ്ഡലം പ്രസിഡന്റ് ആനിയമ്മ ജോസഫ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.പി. ശശികല അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇല്യാസ് പടിഞ്ഞാറെക്കളം മുഖ്യപ്രഭാഷണം നടത്തി.അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ. വേലുണി, നിയോജകമണ്ഡലം പ്രസിഡന്റ് പി. കേശവദാസ്, മണ്ഡലം പ്രസിഡന്റ് പ്രസാദ് വർക്കി, കോൺഗ്രസ് മണ്ഡലം സെക്രട്ടറി പി.ആർ. പ്രിയ, മണ്ഡലം ട്രഷറർ ജോണി ഡയൻ, ഗ്രാമപഞ്ചായത്ത് അംഗം അമ്പിളി മോഹൻദാസ്, കോൺഗ്രസ് മണ്ഡലം സെക്രട്ടറി വി.എൻ. ചെല്ലമ്മ എന്നിവർ പ്രസംഗിച്ചു.
ചിറ്റൂർ: കെഎസ്എസ്പിഎ ചിറ്റൂർ നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാചരണ പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. കെ.എ. തുളസി ഉദ്ഘാടനം ചെയ്തു.മണ്ഡലം വനിതാ ഫോറം പ്രസിഡന്റ് എ.കെ. ഗീത അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് വൈസ്പ്രസിഡന്റ് സി. ബാലൻ, എം. പോൾ, എം. ഉണ്ണികൃഷ്ണൻ, കെ. കെ. ശൈലജകുമാരി, ഇ.ഡി. മഹിമ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി, നഗരസഭ മുൻ ചെയർപേഴ്സൺ വസന്ത നടരാജൻ, കൗൺസിലർ എം. ഉഷ, ആർ. മണി, സി. സുകുമാരൻ പ്രസംഗിച്ചു.
വടക്കഞ്ചേരി: ജനാധിപത്യ മഹിളാ അസോസിയേഷൻ വടക്കഞ്ചേരി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. ഓമന ഉദ്ഘാടനം ചെയ്തു. കെ. സുലോചന അധ്യക്ഷയായി. പി. കോമളം, അനിത പോൾസൺ, രമ ജയൻ, അഡ്വ. ബിന്ദു സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.
ജില്ലയിൽ ലോകവനിതാദിനം ആഘോഷിച്ചു