കൽച്ചാടിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
1531352
Sunday, March 9, 2025 7:08 AM IST
നെന്മാറ: കരിമ്പാറ കൽച്ചാടി പ്രദേശത്ത് കാട്ടാനക്കൂട്ടം ഇറങ്ങി കൃഷിനാശം വരുത്തി. എൽദോസ് പണ്ടിക്കുടിയുടെ 10 കമുകുകൾ, കോപ്പൻകുളമ്പ് വേണുഗോപാലന്റെ മുപ്പതോളം കൈതച്ചക്ക, എം. അബ്ബാസ് ഒറവൻചിറയുടെ റബർ തോട്ടത്തിലെ ചിരട്ടകൾ, റബർ ഷീറ്റുകൾ ഉണങ്ങാൻ ഇട്ടിരുന്ന അയയും നശിപ്പിച്ചു. രാത്രി മേഖലയിലെ റബർ തോട്ടങ്ങളിലും കൃഷിയിടങ്ങളിലും കാട്ടാനനടന്ന് ഫലവൃക്ഷത്തൈകൾ ഉൾപ്പെടെയുള്ളവ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.
തോട്ടങ്ങളിൽ ശേഷിക്കുന്ന കായഫലം ഇല്ലാത്ത ചെറിയ പ്ലാവുകൾ ഒടിച്ചും കുത്തിയും നശിപ്പിച്ചിട്ടുണ്ട്. നെല്ലിയാമ്പതി വനമേഖലയിലെ കൽച്ചാടി പൂളക്കാട് ഭാഗത്ത് സൗരോർജവേലിക്ക് മുകളിലേക്ക് മരംതള്ളിയിട്ട് വേലി തകർത്താണ് കാട്ടാനകൾ കൃഷിയിടങ്ങളിൽ എത്തിയത്.
പ്രദേശത്തെ മൂന്നോളം ഭാഗങ്ങളിലായി സൗരോർജവേലി കാട്ടാനകൾ തകർത്തിട്ടുണ്ട്. അയിലൂർ പഞ്ചായത്തിലെ തിരുവഴിയാട് വനം സെക്ഷനിൽപ്പെട്ട പ്രദേശമാണ് കൽച്ചാടി മേഖല. കാട്ടാനയുടെയും മറ്റ് വന്യമൃഗങ്ങളുടെയും സ്ഥിരമായ ആക്രമണം മൂലം ആളുകൾ താമസം മാറിതുടങ്ങിയ പ്രദേശമാണിത്.