കെഎസ്ആർടിസി ബസിൽ കുഴഞ്ഞുവീണ വീട്ടമ്മ മരിച്ചു
1531735
Monday, March 10, 2025 11:26 PM IST
വടക്കഞ്ചേരി: വീട്ടമ്മ ബസിൽ കുഴഞ്ഞുവീണ് മരിച്ചു. പാലക്കുഴി പോസ്റ്റ് ഓഫീസിനു സമീപം കിഴക്കഞ്ചേരി കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ വൈസ് പ്രസിഡന്റ് വീട്ടിയാങ്കൽ ജോഷി ആന്റണിയുടെ ഭാര്യ സോണിയ(46)യാണ് മരിച്ചത്.
തൃശൂരിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലുള്ള ഭർതൃമാതാവിനെ പരിചരിക്കാൻ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ കുതിരാനടുത്തുവച്ചാണ് കുഴഞ്ഞുവീണത്. ഉടൻ അതേ ബസിൽ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭർതൃമാതാവിന്റെ ചികിത്സാവിവരമറിയാൻ സോണിയയുടെ ഫോണിലേക്ക് വിളിച്ച ബന്ധുവിനോട് ബസ് ജീവനക്കാർ സംസാരിച്ച് അവർ വഴിയാണ് പാലക്കുഴിയിലുള്ള വീട്ടുകാരെ വിവരം അറിയിച്ചത്.
ഇന്നലെ പുലർച്ചെ അഞ്ചേകാലിന് വടക്കഞ്ചേരിയിൽ നിന്നാണ് ഭർത്താവ് ജോഷി സോണിയയെ ബസ് കയറ്റി വിട്ടത്. സംസ്കാരം ഇന്ന് രാവിലെ 10.30ന് പാലക്കുഴി സെന്റ് തോമസ് പള്ളിയിൽ. മക്കൾ: ആൽബി, അലോഷി, ആഞ്ജലൊ (മൂന്ന് പേരും വിദ്യാർഥികൾ).
പാലക്കുഴി പള്ളിയിലെ വേദപാഠം അധ്യാപികയാണ്. പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരക്കൽ, വിശ്വാസ പരിശീലന വേദി രൂപത ഡയറക്ടർ ഫാ.ജെയിംസ് ചക്യാത്ത് തുടങ്ങിയവർ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു.