നിരോധിതലഹരിക്കെതിരേ മണ്ണാർക്കാട്ട് മൂവ് കൂട്ടായ്മ
1531785
Tuesday, March 11, 2025 1:29 AM IST
മണ്ണാർക്കാട്: നിരോധിത ലഹരി വസ്തുക്കളുടെ വില്പനയും ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടെ മണ്ണാർക്കാട് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ജനകീയ കൂട്ടായ്മയിൽ 400 ലധികം ആളുകൾ പങ്കെടുത്തു. ഡോ. കെ.എ. കമ്മാപ്പ അധ്യക്ഷത വഹിച്ചു. മൂവ് ആക്ഷൻപ്ലാൻ കരട് ഡോ.കെ.എ. കമ്മാപ്പ അവതരിപ്പിച്ചു. യോഗത്തിൽ നിന്ന് ഉയർന്നുവരുന്ന മികച്ച നിർദേശങ്ങൾ ഉൾപ്പെടുത്തി അന്തിമ ആക്ഷൻ പ്ലാൻ തയ്യാറാക്കും.
രാഷ്ട്രീയനേതാക്കൾ ലഹരി കേസുകളിൽ ഉൾപ്പെടുന്നവരെ സംരക്ഷിക്കുകയില്ല എന്നും അത്തരക്കാർ തങ്ങളുടെ പാർട്ടിയിൽ ഉണ്ടാവില്ല എന്നും തീരുമാനങ്ങൾ കൈക്കൊള്ളുക, മുൻസിപ്പൽപരിധിയിലെ മുഴുവൻ വാർഡുകളിലും ലഹരിക്കെതിരെ ജാഗ്രതസമിതികൾ രൂപീകരിക്കാൻ കൗൺസിലർമാർ മുൻകൈയെടുക്കുക, മതനേതാക്കൾ ലഹരി വിപണനം നടത്തുന്നവരെയും ലഹരികേസുകളിൽ ഉൾപ്പെടുന്നവരെയും മഹല്ല് , ഇടവകകൾ, സാമുദായിക കമ്മിറ്റികൾ എന്നിവയിൽനിന്ന് ഒഴിവാക്കുകയും വിവാഹം പോലുള്ള ചടങ്ങുകളിൽ പങ്കെടുക്കുകയോ കാർമികത്വം വഹിക്കുകയും ചെയ്യുകയില്ല എന്നും തീരുമാനമെടുത്ത് പ്രഖ്യാപിക്കുക, യുവജനസംഘടനകൾ ലഹരിവിരുദ്ധ പരിപാടികളിൽ പങ്കുവഹിക്കുകയും മുന്നണിപ്പോരാളികൾ ആവുകയും ചെയ്യുക, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്മെന്റ് കമ്മിറ്റികൾ തങ്ങളുടെ സ്കൂളുകളിൽ ലഹരിക്കെതിരെ ജാഗ്രതസമിതികൾ ഉണ്ടാക്കുകയും സ്കൂളിന്റെ പരിസരങ്ങളിൽ ലഹരികച്ചവടം നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക, ക്ലബ്ബുകൾ, സാംസ്കാരികസംഘടനകൾ എന്നിവ കുട്ടികളെ കായിക, കലാവിനോദങ്ങളിലേക്ക് ആകർഷിക്കുന്നതിന് വേണ്ട പരിപാടികൾ സംഘടിപ്പിക്കുക, വിവിധ കൂട്ടായ്മകളും ഒന്നിച്ചുചേർന്നുള്ള ആഘോഷങ്ങളും സംഘടിപ്പിച്ച ്കുട്ടികളെയും യുവാക്കളെയും ലഹരിയിലേക്ക് പോകാതെ സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമാക്കാൻ മുൻകൈ എടുക്കുക തുടങ്ങിയവയാണ് നിർദേശങ്ങൾ.
എൻ. ഷംസുദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ, വൈസ് ചെയർപേഴ്സൻ പ്രസീത, ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീർ തെക്കൻ, തുടങ്ങിയവർ പങ്കെടുത്തു.