വീടുകളിലെത്തി പിരിവു നടത്തുന്ന തട്ടിപ്പുസംഘങ്ങൾ വ്യാപകമാകുന്നു
1531345
Sunday, March 9, 2025 6:59 AM IST
വടക്കഞ്ചേരി: അന്നദാനം, വൃദ്ധസദന നടത്തിപ്പ്, ചികിത്സാസഹായം തുടങ്ങിയവയുടെ പേരുപറഞ്ഞ് വീടുകളിൽ കയറിയിറങ്ങി പിരിവുനടത്തി ധനസമ്പാദനം നടത്തുന്ന സംഘങ്ങൾക്കെതിരേ നടപടിവേണമെന്ന ആവശ്യം ശക്തം. വീടുകളിൽ പുരുഷന്മാരില്ലാത്ത സമയംനോക്കിയാണ് തട്ടിപ്പുസംഘങ്ങളുടെ കറക്കം. പാവപ്പെട്ടവർക്ക് ഒരുനേരത്തെ ആഹാരം കൊടുക്കാനാണെന്നൊക്കെ പറഞ്ഞ് ചെല്ലുമ്പോൾ വീടുകളിലെ സ്ത്രീകൾ പണം സംഘങ്ങൾക്കു നൽകും.
പിന്നീട് ഈ സംഘങ്ങൾ സ്ഥിരം സന്ദർശകരായി മോഷണവും തട്ടിപ്പറിയും നടത്തുന്നതായും പരാതികളുണ്ട്. ചില സംഘങ്ങൾ കൊടുക്കുന്ന പണത്തിനു രശീതിയും നൽകും. കമ്മീഷൻവ്യവസ്ഥയിൽ പിരിവിനെത്തുന്ന സംഘങ്ങളും നിരവധിയാണ്.
ആയിരം രൂപയ്ക്ക് 100 രൂപ കമ്മീഷൻവ്യവസ്ഥയിൽ സ്ത്രീകളെവച്ച് പിരിവ് നടത്തുന്നവരുമുണ്ട്. രശീതിപുസ്തകം അച്ചടിച്ചുകൊടുത്ത് പണമുണ്ടാക്കുന്ന സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. 50 രൂപയുടെയും 100 രൂപയുടെയും രശീതിപുസ്തകങ്ങൾ അച്ചടിച്ച് പിരിവിനു പോകുന്നവർക്ക് കൊടുക്കും. 10,000 രൂപയുടെ പുസ്തകങ്ങളുണ്ടെങ്കിൽ തട്ടിപ്പിന്റെ ചുക്കാൻ പിടിക്കുന്ന സംഘത്തിന് 2,500 രൂപ കൊടുത്താൽ മതി. ബാക്കി 7,500 രൂപ പിരിവ് നടത്തുന്നവർക്ക് എടുക്കാം. വാചകമടിച്ച് വീട്ടുകാരെ മയക്കുന്ന പിരിവുകാരാണെങ്കിൽ ദിവസം 10,000 രൂപയുടെ രസീതുകളും ചെലവാകും. 2,500 രൂപ രശീതി അച്ചടിച്ചുകൊടുക്കുന്നവർക്കു നൽകിയാലും ദിവസം 7,500 രൂപ വരുമാനവും ഉണ്ടാക്കാം.
ഓരോ ദിവസവും പല റൂട്ടുകളിലാണ് ഇവർ കറങ്ങുക. ഇത്തരത്തിൽ പലവിധ തട്ടിപ്പുകളാണ് നാട്ടിൽ നടക്കുന്നത്. ആഘോഷപരിപാടികളിൽ ബാക്കിവരുന്ന ഭക്ഷണം വൃദ്ധസദനത്തിലേക്കാണെന്ന് പറഞ്ഞ് കൊണ്ടുപോയി അതുവച്ച് പണമുണ്ടാക്കുന്നവരും കുറവല്ല. ബാക്കിയായി കിട്ടുന്ന ഭക്ഷണം പാക്കറ്റുകളിലാക്കി വഴിയോരങ്ങളിൽ അലയുന്ന കുറച്ചുപേർക്കു വിതരണം ചെയ്യും.
ഇവയുടെ പടംവച്ച് ഫ്ലക്സ് അടിക്കും. തുടർദിവസങ്ങളിൽ വീടുകളിൽ കയറിയിറങ്ങിയുള്ള പണപ്പിരിവിനും ഇത് ഉപയോഗിക്കും. ഒറ്റപ്പെട്ടു കഴിയുന്നവരെ സംരക്ഷിക്കാമെന്നുപറഞ്ഞ് അവരുടെ പേരിലുള്ള സ്വത്തും ആഭരണങ്ങളും കൈക്കലാക്കി പ്രായമായവരെ വഞ്ചിക്കുന്ന "ജീവകാരുണ്യ' പ്രവർത്തകരുമുണ്ട്.