വന്യജീവി ആക്രമണം: നിര്‍മിതബുദ്ധി പദ്ധതികളുമായി വനംവകുപ്പും റെയില്‍വേയും
1531344
Sunday, March 9, 2025 6:59 AM IST
പാലക്കാട്: ജില്ലയില്‍ വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി കേരള വനംവകുപ്പും ഇന്ത്യന്‍ റെയില്‍വേയും നിര്‍മിതബുദ്ധി അടക്കമുള്ള നൂതനസാങ്കേതികവിദ്യകളുടെ സഹായത്തോടെ വിവിധ കര്‍മപദ്ധതികള്‍ നടപ്പിലാക്കും.
നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങളെ നിരീക്ഷിക്കുവാനും പ്രതിരോധിക്കുവാനും വന്യമൃഗങ്ങളുടെ സാനിധ്യം ജനങ്ങളിലേക്ക് മുന്‍കൂറായി അറിയിക്കുന്നതിനുമായി വനംവകുപ്പ് പുതിയ സാങ്കേതികവിദ്യകള്‍ ആവിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി സെന്റര്‍ ഫോര്‍ മാനേജ്മെന്റിന്റെ മേല്‍നോട്ടത്തില്‍ നടപടികള്‍ ആരംഭിച്ചു.
പൊതുഭരണ വകുപ്പിന്റെ കീഴിലുള്ള സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമാണിത്. പാലക്കാട് വനം ഡിവിഷനിലെ വനാതിര്‍ത്തികളില്‍ നിര്‍മിതബുദ്ധിയുടെ സഹായത്തോടെ വന്യമൃഗങ്ങളുടെ സഞ്ചാരപഥം മനസിലാക്കി കണ്ട്രോള് റൂമിലേക്ക് വിവരം നല്കി അവയെ വനത്തിലേക്ക് സൈറണ്‍ സ്ട്രോബലൈറ്റ് സംവിധാനത്തിലൂടെ തിരിച്ചയക്കാനാകും. ഇതിനായി തെര്‍മല്‍ കാമറകളും ദീര്‍ഘദൂര ലേസര്‍ ഇന്‍ഫ്രാറെഡ് കാമറകളും ദീര്‍ഘദൂര ലേസര്‍ ഇന്‍ഫ്രാറെഡ് കാമറകളും മായാപുരം, പരുന്തുംപാറ എന്നിവിടങ്ങളില്‍ വിന്യസിക്കും.
ജനവാസമേഖലയിലുള്ള വന്യമൃഗങ്ങളുടെ സാനിധ്യം ഉറപ്പായാല്‍ ഒലവക്കോട് റേഞ്ചിലുള്ള ദ്രുതകര്‍മസേന ഓഫീസിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഡിവിഷണല്‍ എമര്‍ജന്‍സി ഓപ്പറേഷന് സെന്ററില്‍ നിന്നും തത്സമയം വാട്ട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രദേശവാസികളെ അറിയിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ആസ്തി വികസനഫണ്ടില്‍ ഉള്‍ക്കൊള്ളിച്ച പദ്ധതി ഈമാസം പൂര്‍ത്തിയാകും.
പാലക്കാട് വനം ഡിവിഷനിലെ വനമേഖലകളിലെ റെയില്‍വേ ട്രാക്കുകളിലൂടെ കടന്നുപോകുന്ന ട്രെയിനിടിച്ച് കാട്ടാനകള്‍ ചരിയുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കുന്നതിനായി റെയില്‍വേ ട്രാക്കുകളില്‍ എലിഫെന്റ് ഇന്‍ട്രേഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റം സ്ഥാപിക്കുന്ന പ്രവൃത്തി വാളയാര്‍ മേഖലയില്‍ നടന്നുവരുന്നു. റെയില്‍വേ ലൈനുകളില്‍ നിന്നും 50 മീറ്റര്‍ മാറിയാണ് സിസ്റ്റം സ്ഥാപിച്ചിട്ടുള്ളത്.
ഇത്തരത്തില്‍ സ്ഥാപിച്ച കേബിളിനു സമീപം ആനകള്‍ എത്തിച്ചേരുമ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള അസിസ്റ്റന്റ് സ്റ്റേഷന് മാസ്റ്റര്‍ യൂണിറ്റില്‍ വിവരം ലഭിക്കുകയും അതിലൂടെ കടന്നുപോകുന്ന ട്രെയിനുകളിലെ ലോക്കോ പൈലറ്റിനെ അറിയിക്കുകയും ചെയ്യും. ലോക്കോ പൈലറ്റിന് ട്രെയിനിന്റെ വേഗത കുറക്കുവാനും അതുവഴി മൃഗങ്ങള്‍ ട്രാക്കിലേക്ക് പ്രവേശിച്ചാല്‍ കൂട്ടിയിടി ഒഴിവാക്കുവാനും സാധിക്കും. അതേസമയം വിവരം വനംവകുപ്പിന്റെ ഡിവിഷണല്‍ എമര്‍ജന്‍സി ഓപ്പറേഷന് സെന്ററിലും പ്രാദേശിക ഉദ്യോഗസ്ഥര്‍ക്കും കൈമാറുകയും പ്രാദേശിക ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വന്യമൃഗത്തെ ട്രാക്കിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്യുന്ന തരത്തിലാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്.
വാളയാര്‍ മുതല്‍ കൊട്ടേക്കാട് വരെയുള്ള 19 കിലോമീറ്റര്‍ നീളത്തിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. അണ്ടര്ഗ്രൗണ്ട്് ലൈനുകള്‍ ഇടുന്ന പ്രവൃത്തി പൂര്ത്തീകരിച്ചിട്ടുണ്ട്്. ടാപ്പിംഗ് ആന്‍ഡ് മാപ്പിംഗ് പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.