സഹകരണസംഘങ്ങളിൽ നിക്ഷേപപലിശ നിരക്ക് കുറച്ച നടപടി പിൻവലിക്കണം
1531341
Sunday, March 9, 2025 6:59 AM IST
ചിറ്റൂർ: നിക്ഷേപസമാഹരണം പ്രഖ്യാപിച്ച് പ്രാഥമിക സഹകരണസംഘങ്ങളിലെ നിക്ഷേപപലിശ കുറച്ച സർക്കാർ നടപടി പിൻവലിക്കണമെന്ന് കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് (ഐഎൻടിയുസി) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സ്ഥിരനിക്ഷേപ പലിശനിരക്ക് കുറച്ചതു കേരളാബാങ്കിനെയും മൾട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളെയും മറ്റു സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെയും സഹായിക്കാനാണെന്ന് യോഗം കുറ്റപ്പെടുത്തി. സ്ഥിരനിക്ഷേപപലിശനിരക്ക് കൂട്ടാൻ അടിയന്തരമായി സർക്കാർ നടപടി ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു.
ഇതുസംബന്ധമായി സംസ്ഥാന കമ്മിറ്റി നടത്തുന്ന പ്രക്ഷോഭസമരങ്ങൾക്കു യോഗം പിന്തുണ നൽകും. ജില്ലാ പ്രസിഡന്റ് എം. കല്ലേപ്പിള്ളിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന കമ്മിറ്റി അംഗം ഷാംജോ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എ.എം. ജോഷിത്ത്, സംസ്ഥാനകമ്മിറ്റിയംഗം പ്രീത, താലൂക്ക് കോ-ഓർഡിനേറ്റർ ഷൈജു, സുബിൻ പ്രസാദ് കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.