അന്തിക്കാട് കടവാരംറോഡിലെ പാലം പുനർനിർമിക്കും: സി.സി. മുകുന്ദൻ എംഎൽഎ
1591442
Sunday, September 14, 2025 1:15 AM IST
അന്തിക്കാട്: ഏഴുമാസംമുമ്പ് തകർന്ന, അന്തിക്കാട് കോൾ പാടശേഖരത്തെ കടവാരവുമായി ബന്ധിപ്പിക്കുന്ന പ്രധാനപാലം അടിയന്തിരമായി പുനർനിർമിക്കുമെന്നും ഇതിനാവശ്യമായ ഫണ്ട് അനുവദിക്കുമെന്നും സി.സി. മുകുന്ദൻ എംഎൽഎ അറിയിച്ചു. പാലം തകർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും മന്ത്രിതല ഇടപെടലുകളുണ്ടായിട്ടും പാലം വിഷയം പരിഹരിക്കാത്തത് സംബന്ധിച്ച് മാധ്യമവാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പാലം സന്ദർശിച്ചശേഷം മാധ്യമ സംസാരിക്കുകയായിരുന്നു എംഎൽഎ.
വിത്തുൾപ്പടെയുള്ള സാധനസാമഗ്രികൾ കൊണ്ടുപോകേണ്ടത് ഈ പാലത്തിലൂടെയാണ്. ഈ പ്രശ്നം ചൂണ്ടികാട്ടി അന്തിക്കാട് പാടശേഖരസമിതി ഭാരവാഹികൾ നിരവധിതവണ കെഎൽഡിസിയെ സമീപിച്ചെങ്കിലും പാലം നിർമിക്കുന്നതിനാവശ്യമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അന്തിക്കാട് പടവ് സെക്രട്ടറി കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാലവുമായി ബന്ധപ്പെട്ട എല്ലാ റിപ്പോർട്ടുകളും നൽകിയെന്നും ഇനി നടപടി സ്വീകരിക്കേണ്ടത് കെഡിഎ ആണെന്നുമാണ് കെഎൽഡിസി അധികൃതർ പറയുന്നത്. നാട്ടുകാരനായ റവന്യുമന്ത്രി കെ. രാജൻ ഉൾപ്പെടെയുള്ളവരെകണ്ട് ആവശ്യമുന്നയിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് എംഎൽഎയുടെ ഇടപെടൽ.
പാടശേഖരത്തിലേക്ക് കൃഷിയുമായി ബന്ധപ്പെട്ട എല്ലാ സാധനസാമഗ്രികളും കൊണ്ടുപോകേണ്ടത് ഈ പാലം വഴിയാണെന്നതിനാൽ കൃഷിപ്പണി തുടങ്ങിയാൽ ഓവുവച്ച് മുകളിൽ മണ്ണിട്ടുറപ്പിച്ച് ഗതാഗതം പുന:സ്ഥാപിക്കേണ്ടിവരുമെന്ന ആശങ്കയും കർഷകർക്കുണ്ട്. ഇങ്ങിനെചെയ്ത് താൽകാലികമായി ഗതാഗതം പുന:സ്ഥാപിച്ചാൽ മഴക്കാലത്ത് വെള്ളത്തിന്റെ ഒഴുക്കുനിലച്ച് പ്രദേശം വെള്ളക്കെട്ടിലാകുന്ന സ്ഥിതിയുണ്ടാകുമെന്ന ആശങ്ക പരിഹരിക്കുമെന്നും എംഎൽ എ പറഞ്ഞു.