മുഖ്യമന്ത്രി മൗനത്തിന്റെ മാളത്തിൽ: എം.എം. ഹസൻ
1591439
Sunday, September 14, 2025 1:15 AM IST
എരുമപ്പെട്ടി: കെഎസ്യു പ്രവർത്തകരെ കള്ളക്കേസിൽകുടുക്കി മുഖംമൂടി ധരിപ്പിച്ച്, കെെയാമംവച്ച്, കോടതിയിൽ ഹാജരാക്കിയ പോലീസ് ഉദ്യോഗസ്ഥനെ കാക്കി ഊരിവയ്പ്പിച്ച് കെെയാമംവച്ച് കോടതിയിൽ എത്തിക്കുംവരെ കോൺഗ്രസ് നിയമപോരാട്ടങ്ങൾ നടത്തുമെന്ന് മുൻ കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു. പോലീസ് അറസ്റ്റുചെയ്ത കെഎസ്യു നേതാക്കളെ എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലെത്തി സന്ദർശിച്ചതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രൂരവും മനുഷ്യത്വരഹിതവുമായ പോലീസ് അതിക്രമങ്ങൾ നടക്കുമ്പോൾ ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ മൗനത്തിന്റെ മാളത്തിലൊളിച്ചിരിക്കുകയാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതുവരെ കോൺഗ്രസ് സമരങ്ങളിൽനിന്ന് പിൻവാങ്ങുകയില്ലെന്നും എം.എം. ഹസൻ അറിയിച്ചു.