അപകടങ്ങൾക്ക് വഴിയൊരുക്കി മെറ്റൽ കൂമ്പാരം
1535931
Monday, March 24, 2025 1:19 AM IST
കൈപ്പറമ്പ്: കൈപ്പറമ്പ് - ചൂണ്ടൽ - വേലൂർ പഞ്ചായത്തുകളുടെ അതിർത്തിയിൽ കൈപ്പറമ്പ് - തലക്കോട്ടുക്കര റോഡിൽ ഗതാഗതത്തിന് തടസമായിട്ടാണ് റോഡുപണിക്ക് മെറ്റൽ ഇറക്കിയിട്ടുള്ളത്. വളവുതിരിഞ്ഞുവരുന്ന വാഹനങ്ങൾക്ക് അപകടക്കെണിയായി മാറുകയാണ് ഈ മെറ്റൽ കൂമ്പാരം.
കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ മൂന്നു ബൈക്ക് യാത്രക്കാരും ഒരു ഓട്ടോറിക്ഷയും ഇവിടെ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ഈ മെറ്റൽ കൂമ്പാരം വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഈ മേഖലയിൽ വലിയ വളവ് ആയതുകൊണ്ട് കൈപ്പറമ്പ് ഭാഗത്തുനിന്നും തലക്കോട്ടുകര ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾക്ക് മെറ്റൽ കൂമ്പാരം കാണാൻ സാധിക്കാത്ത അവസ്ഥയാണെന്ന് അപകടത്തിന് ഇരയായ എരുമപ്പെട്ടി സ്വദേശിയായ ബൈക്ക് യാത്രക്കാരനും മുണ്ടത്തിക്കോട് ഭാഗത്തെ ഓട്ടോ തൊഴിലാളിയും പറഞ്ഞു. അതനുസരിച്ച് പഞ്ചായത്തുകളിൽ വിവരമറിയിച്ചപ്പോൾ പഞ്ചായത്തുകളുടെ അറിവില്ലാതെയാണ് ഈ മേഖലയിൽ റോഡരികിൽ മെറ്റൽ തട്ടിയിട്ടുള്ളതെന്നാണു പറഞ്ഞത്. അതേപ്പറ്റി ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിലിൽ, കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഉഷ ടീച്ചർ, വൈസ് പ്രസിഡന്റ് കെ.എം. ലെനിൻ, വാർഡ് മെമ്പർ ബീന ബാബുരാജ് എന്നിവർ പറഞ്ഞു.
ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ഒരു വലിയ ദുരന്തം ഉണ്ടാകുന്നതിനുമുമ്പ് അധികാരികൾ ഇതിനൊരു നടപടിയെടുക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.