പകരുന്ന രോഗത്തെ തടയുന്ന കരുതൽ
1535925
Monday, March 24, 2025 1:19 AM IST
സി.ജി. ജിജാസൽ
തൃശൂർ: വേനൽക്കാലത്തിനുമുൻപേ ചൂടിൽ തളരുന്ന മലയാളികളെ വരുംമാസങ്ങളിൽ കാത്തിരിക്കുന്നതു പകർച്ചവ്യാധികളുടെ പെരുമഴക്കാലം. അലർജി മുതൽ മഞ്ഞപ്പിത്തംവരെ വിടാതെ പിന്തുടരാൻ ഇടയുള്ള രോഗങ്ങളെ കൃത്യമായ മുൻകരുതലുകളോടെ തടയാൻ കഴിയുമെന്നു പറയുകയാണ് ആരോഗ്യവിദഗ്ധർ. കുടിക്കുന്ന വെള്ളംമുതൽ ധരിക്കുന്ന വസ്ത്രങ്ങളിൽവരെ ശ്രദ്ധിച്ചാൽ രോഗങ്ങളെ പടിക്കുപുറത്തുനിർത്താൻ കഴിയും.
ചുട്ടുപൊള്ളുന്ന പകലും രാത്രിയും അന്തരീക്ഷത്തിൽ പടരുന്ന പൊടിയും പുകയും രോഗാണുക്കളെ കൂടുതൽ ശക്തരാക്കുന്പോൾ അവയെ കൃത്യമായ ജീവിതചര്യകൊണ്ടും ശരിയായ ഭക്ഷണരീതി കൊണ്ടും നേരിടാൻ സാധിക്കും.
ഉയർന്ന താപനില തുടരുന്ന ജില്ലയിൽ ഈ മാസവും ആശുപത്രികളിൽ വരുന്നതു പ്രതിദിനം നാനൂറിലേറെ പനിബാധിതരാണ്. ഇതിനുപുറമെ മഞ്ഞപ്പിത്തവും എലിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ജില്ലയിൽ മുൻവർഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള മറ്റു പകർച്ചവ്യാധികൾ ഈ വേനൽക്കാലത്തും കടന്നുവരുമെന്നുറപ്പ്. രോഗം പകരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കിയും രോഗലക്ഷണങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞു ചികിത്സ ആരംഭിക്കുന്നതിലൂടെയും അപകടങ്ങൾ ഒരുപരിധിവരെ ഒഴിവാക്കാം.
വേനൽക്കാല
രോഗങ്ങൾ
വേനൽക്കാലത്തു പടർന്നുപിടിക്കാൻ സാധ്യതയുള്ള രോഗങ്ങളിൽ മുന്നിലുള്ളതു വയറിളക്കം, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയവയാണ്.
വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ് ഇവ പകരുന്നത്. ശുചിത്വമില്ലായ്മയാണു പ്രധാന കാരണം. ഇവയ്ക്കുപുറമെ ത്വക് രോഗങ്ങൾ, ചിക്കൻപോക്സ്, നിർജലീകരണം, അലർജികൾ എന്നിവയ്ക്കും സാധ്യതയേറെ. നേത്രരോഗങ്ങളും വന്നേക്കാം. ഈർപ്പമുള്ള ചൂടുകാലാവസ്ഥയിൽ കൊതുകുകൾ പെറ്റുപെരുകാൻ സാധ്യത കൂടുതലായതു കൊതുകുജന്യരോഗങ്ങൾക്കും വഴിയൊരുക്കും.
സൂര്യാതപവും
സൂര്യാഘാതവും
കനത്ത വെയിൽമൂലമുണ്ടാകുന്ന സാധാരണമായ പ്രശ്നമാണു സൂര്യാതപം. അമിതമായി സൂര്യപ്രകാശം ഏൽക്കുന്നതു പൊള്ളലിനു കാരണമാകും. ചർമം അടർന്നുപോകാൻ സാധ്യതയുണ്ട്. അമിതചൂടിനെത്തുടർന്നുണ്ടാകുന്ന ഗുരുതരമായ മറ്റൊരു പ്രശ്നമാണ് സൂര്യാഘാതം. തീവ്രപരിചരണം ലഭിക്കാതിരുന്നാൽ മരണംപോലും സംഭവിക്കാം. കുട്ടികളിലും വയോജനങ്ങളിലും സൂര്യാഘാതത്തിനു സാധ്യത കൂടുതലാണ്.
ആന്തരിക അവയവങ്ങൾക്കു ക്ഷതമേൽക്കാം. വെയിൽ തുടർച്ചയായി ശരീരത്തിൽ പതിക്കുന്നത് ഒഴിവാക്കുക. പുറത്തിറങ്ങുന്പോൾ സണ്ഗ്ലാസ്, കുട, സണ് ക്രീം എന്നിവ ഉപയോഗിക്കാം. ദിവസവും രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിക്കുക. ബിയർ, മദ്യം, കൃത്രിമശീതളപാനീയങ്ങൾ എന്നിവ ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും ആഹാരത്തിന്റെ ഭാഗമാക്കുക.
നിർജലീകരണം
ശരീരത്തിലെ ജലത്തിന്റെ അളവ് കുറയുകയും ഉപാപചയം തടസപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് നിർജലീകരണം. ശരീരത്തിലേക്കു സ്വീകരിക്കുന്ന ജലത്തിന്റെ അളവിനേക്കാൾ കൂടുതൽ ശരീരത്തിൽനിന്നു നഷ്ടപ്പെടുന്പോഴാണു നിർജലീകരണം സംഭവിക്കുന്നത്.
നാലുശതമാനംവരെയുള്ള ജലനഷ്ടം അധികം പേർക്കും സഹിക്കാനാവും. അഞ്ചുമുതൽ എട്ടുശതമാനംവരെയുള്ള ജലനഷ്ടം തളർച്ച, തലകറക്കം എന്നിവയുണ്ടാക്കുന്നു. ധാരാളം വെള്ളം കുടിക്കുക എന്നതാണു പ്രാഥമികമായി ചെയ്യേണ്ടത്.
രക്തപ്ലാസ്മയിലെ ജലത്തിന്റെ അളവ് തുലനാവസ്ഥയിലെത്തിക്കാൻ ഇതുകൊണ്ടു സാധിക്കും.
ഭക്ഷ്യവിഷബാധ
േവനൽക്കാലത്ത് ഭക്ഷ്യവിഷബാധയ്ക്കും സാധ്യത കൂടുതലാണ്. ഇതു മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുന്നതിലൂടെയാണുണ്ടാകുന്നത്. ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം പ്രദാനംചെയ്യുന്നു. പാകം ചെയ്യാത്ത ഭക്ഷണപദാർത്ഥങ്ങളും പാകംചെയ്ത ശേഷം ഏറെ വൈകി കഴിക്കുന്നതും ഭക്ഷ്യവിഷബാധയിലേക്കു നയിക്കും.
പുറത്തുനിന്നു ഭക്ഷണം കഴിക്കുന്നവർക്കു വയറിളക്കരോഗവും ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. പലയിടങ്ങളിലും കുടിവെള്ളം പാതി തിളപ്പിച്ചതായതിനാലും വയറിളക്കം പെട്ടെന്നു പിടിപെടാം. വേനൽക്കാലത്തു സാലഡ് പോലുള്ള വേവിക്കാത്ത ഭക്ഷണം ഒഴിവാക്കുന്നതും ഉചിതമാണ്.
തടയാം രോഗങ്ങൾ
വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക.
കുറഞ്ഞത് 10 മിനിറ്റെങ്കിലും തിളപ്പിച്ച വെള്ളംമാത്രം കുടിക്കുക.
തുറന്നുവച്ചതും പഴകിയതുമായ ആഹാരസാധനങ്ങൾ ഉപയോഗിക്കരുത്.
ദിവസവും കുറഞ്ഞതു രണ്ടു ലിറ്റർ വെള്ളം കുടിക്കുക.
ചൂടുള്ള ഭക്ഷണസാധനങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക
കണ്ണിനു വേദനയും അണുബാധ കൂടുതൽ പടരുന്നതും ഒഴിവാക്കാൻ കൈകൾ വൃത്തിയാക്കാതെ കണ്ണുതിരുമ്മാതിരിക്കുക, ശുദ്ധജലം ഉപയോഗിച്ചു കണ്ണുകൾ കഴുകുക, വേദന കുറയ്ക്കാൻ ലൂബ്രിക്കേറ്റ് ചെയ്യുക.
തുടർച്ചയായി എസി ഉപയോഗിക്കുന്നവർ നിർജലീകരണം ഒഴിവാക്കാൻ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതു നല്ലതാണ്. കൃത്യമായ ഇടവേളകളിൽ എസിയുടെ ഫിൽറ്ററും മറ്റും വൃത്തിയാക്കണം.
അയഞ്ഞ, ഇളംനിറത്തിലുള്ള കോട്ടണ്വസ്ത്രങ്ങൾ ധരിക്കുക.
കുട്ടികൾക്ക് ഇടയ്ക്കിടയ്ക്കു വെള്ളം നൽകുക.
ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളം കുടിക്കുക.
സ്വയംപ്രതിരോധം പ്രധാനം
താപനില ഉയരുന്നതുമൂലമുള്ള ശാരീരികബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയംപ്രതിരോധം പ്രധാനമാണ്.
രാവിലെ 11 മുതൽ വൈകുന്നേരം മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതരരോഗങ്ങളുള്ളവ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.
ശാരീരിക അസ്വസ്ഥതകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാൽ ഉടൻ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ടി.പി. ശ്രീദേവി അറിയിച്ചു.
ജാഗ്രത വേണം
യുവി ഇൻഡക്സിലും
അന്തരീക്ഷത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ തോത് രേഖപ്പെടുത്തുന്ന യുവി ഇൻഡക്സ് കഴിഞ്ഞ ഏതാനും നാളുകളായി ഒല്ലൂരിൽ യെല്ലോ അലർട്ടിൽ തുടരുകയാണ്. ഇടയ്ക്ക് അത് ഓറഞ്ചിലേക്ക് ഉയർന്നെങ്കിലും വീണ്ടും യെല്ലോ അലർട്ടിലേക്ക് മാറുകയായിരുന്നു.
സംസ്ഥാനത്ത് ഉയരുന്ന താപനിലയെക്കാൾ ജാഗ്രത വേണം ഇക്കാര്യത്തിൽ. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം.