യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
1535806
Sunday, March 23, 2025 7:33 AM IST
എരുമപ്പെട്ടി: കടങ്ങോട് കിഴക്കുമുറിയിലെ യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. ആലക്കൽ കൃഷ്ണന്റെ മകൻ ശശികുമാറിന്റെ(45) മരണത്തിലാണു ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ ആരോപിക്കുന്നത്.
എരുമപ്പെട്ടി മങ്ങാട്ടുകാവിലെ കുംഭഭരണിയുടെ തലേന്ന് രാത്രി പരിപാടികൾ കാണാനായി വീട്ടിൽനിന്നുപോയ ശശികുമാർ തിരിച്ചെത്തിയില്ലെന്നും പിറ്റേദിവസം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണെന്നുപറഞ്ഞ് ശശികുമാറിന്റെ അമ്മയ്ക്കു ഫോണ് വരികയാണുണ്ടായതെന്നും ബന്ധുക്കൾ പറയുന്നു. ആശുപത്രിയിൽ എത്തിയപ്പോൾ ശശികുമാറിന്റെ കൈകാലുകൾ ചലനം നഷ്ടപ്പെട്ടനിലയിലായിരുന്നു.
കഴുത്തിനു പിന്നിൽ ചതവുപറ്റിയതുപോലെയും കാണപ്പെട്ടിരുന്നു. ഗുരുതരമായതിനെത്തുടർന്ന് ഐസിയുവിലും വെന്റിലേറ്ററിലുമാക്കിയ ശശികുമാർ ഇന്നലെ രാവിലെ മരിച്ചു.
മകനു സംഭവിച്ചതെന്താണെന്നറിയാൻ ശശികുമാറിന്റെ പിതാവ് എരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ മരിക്കുന്നതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നു ബന്ധുക്കൾ ആരോപിച്ചു. മകന് എന്തു സംഭവിച്ചെന്ന് അന്വേഷിക്കണമെന്നും നടപടി വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.