ജലസേചന പദ്ധതി ജലരേഖയായെങ്കിലും... വെള്ളഞ്ചിറ പുനരുദ്ധാരണത്തിന് നടപടി തുടങ്ങി
1535775
Sunday, March 23, 2025 7:03 AM IST
കൊരട്ടി: ലക്ഷങ്ങൾമുടക്കി ജലസമൃദ്ധിക്കായി വിഭാവനം ചെയ്ത കൊരട്ടി വെള്ളഞ്ചിറ ജലസേചന പദ്ധതി ജലരേഖയായി മാറിയെങ്കിലും കേന്ദ്ര ധനകാര്യ കമ്മീഷൻ അനുവദിച്ച 18 ലക്ഷം രൂപ ഉപയോഗിച്ചുള്ള വെള്ളഞ്ചിറയുടെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് തുടക്കമായി. കൈയേറ്റങ്ങളും പുറമ്പോക്കുകളും തിരിച്ചുപിടിച്ചതിനൊപ്പം പ്രദേശത്തെ ഭൂവുടമകൾ സൗജന്യമായി നൽകിയ സ്ഥലവും തിട്ടപ്പെടുത്തി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുകയാണ് ആദ്യപടി.
ചേറും പായലും മാലിന്യങ്ങളും നിറഞ്ഞ് സ്വാഭാവികത നഷ്ടപ്പെട്ട ചിറ വൃത്തിയാക്കുന്നതിനൊപ്പം കേടുപാടുകൾ സംഭവിച്ച പാർശ്വഭിത്തികൾ കരിങ്കൽ കെട്ടി സുരക്ഷ ഉറപ്പാക്കും.
കൂടാതെ പ്രധാന റോഡിൽ നിന്നും ചിറയിലേക്കുള്ള വഴിയും ചിറയ്ക്ക് ചുറ്റും മരങ്ങളും ചെടികളും നട്ട് ഹരിതപാത നിർമിക്കാനും തുക വിനിയോഗിക്കും. രാവിലെയും സായാഹ്നങ്ങളിലും ഒഴിവുസമയങ്ങളിലും പ്രദേശവാസികൾക്ക് വന്നിരിക്കുന്നതിനും ഹരിതപാതയിലൂടെ നടന്ന് വ്യായാമങ്ങളിലേർപ്പെടുന്നതിനും പര്യാപ്തമായ രീതിയിലാണ് രൂപകല്പന ചെയ്യുന്നത്.
കൊരട്ടി പഞ്ചായത്തിലെ വൈ - ജംഗ്ഷൻ, തെക്കെ അങ്ങാടി, പടിഞ്ഞാറെ അങ്ങാടി ഭാഗങ്ങളിലുള്ള കൃഷിയിടങ്ങളിലെ ജലസമൃദ്ധിക്കൊപ്പം കടുത്ത വേനലിൽ നാടു നേരിടുന്ന കുടിവെള്ളക്ഷാമത്തിന് വെള്ളഞ്ചിറ ജലസേചന പദ്ധതി പരിഹാരമാകും.
പദ്ധതിയുടെ ഭാഗമായി പൊതുമരാമത്ത് കാനകളിലൂടെ അനുമതി വാങ്ങാതെ ഇട്ടിരിക്കുന്ന മുഴുവൻ പൈപ്പുകൾ നീക്കം ചെയ്യണമെന്ന് നിലവിൽ പഞ്ചായത്തിനോട് പിഡബ്ലിയുഡി ആവശ്യപ്പെട്ടിട്ടുണ്ട്. പുതുതായി വിഭാവനം ചെയ്ത വെള്ളഞ്ചിറ പുനരുദ്ധാരണ പദ്ധതിയെങ്കിലും കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.