മുരിങ്ങൂർ മുതൽ പൊങ്ങം വരെ ഗതാഗതക്കുരുക്ക് രൂക്ഷം
1535269
Saturday, March 22, 2025 1:00 AM IST
കൊരട്ടി: അടിപ്പാതകളുടെ നിർമാണം നടക്കുന്ന മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷം.
മുന്നൊരുക്കങ്ങളോ കൂടിയാലോചനകളാോ ഇല്ലാതെ നാഷണൽ ഹൈവേ അഥോറിറ്റിയും കരാർ കമ്പനിയും തോന്നുംപടി നിർമാണം നടത്തുന്നതിനാലാണ് മേഖലയിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമാകുന്നതെന്നാണ് നാട്ടുകാരുടെ പക്ഷം.
ചാലക്കുടിയിലേക്ക് പ്രധാന പാതയിലൂടെ കടന്നുവരുന്ന വാഹനങ്ങൾ മുരിങ്ങൂർ സിഗ്നൽ ജംഗ്ഷനിൽ വച്ച് വഴിതിരിച്ച് എതിർദിശയിലൂടെ കടത്തിവിടുന്നതാണ് ഗതാഗത സ്തംഭനത്തിന് മുഖ്യ കാരണമാകുന്നത്.
നിർമാണ പ്രവൃത്തികൾക്കു വേണ്ടിയാണ് വഴിതിരിച്ചുവിടൽ എന്ന് പറയുമ്പോഴും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൃത്യമായ ഏകോപനമുണ്ടാകുന്നില്ല. മുരിങ്ങൂരിൽ ബദൽറോഡിലൂടെ വാഹനങ്ങൾ തിരിച്ചുവിട്ടതു മുതൽ മന്ദഗതിയിലായിരുന്നു കടന്നു പോയിക്കൊണ്ടിരുന്നത്.
ഇന്ന് ഉച്ചയോടെ എതിർഭാഗത്തെ ട്രാക്കിലൂടെ കടത്തിവിട്ട സമയം മുതൽ മുരിങ്ങൂർ തുടങ്ങി ജില്ലാ അതിർത്തിയായ പൊങ്ങം വരെ വാഹനങ്ങളുടെ നീണ്ടനിരയാണ് രൂപപ്പെട്ടത്. ഇതുമൂലം കൊരട്ടിയിലും ജെ.ടി.എസ് ജംഗ്ഷനിലും ചിറങ്ങരയിലും ദേശീയപാതക്ക് കുറുകെ വാഹനങ്ങൾക്ക് കടന്നുപോകുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
കൊരട്ടി, മേലൂർ ഗ്രാമപഞ്ചായത്ത് അധികൃതരുടെയും പൊതുജനങ്ങളുടെയും ആവശ്യത്തെ പാടെ അവഗണിച്ചു കൊണ്ടാണ് നാഷണൽ ഹൈവേ അഥോറിറ്റിയും കരാർ കമ്പനിയും നിലവിൽ നിർമാണ പ്രവർത്തികളുമായി മുന്നോട്ടു പോകുന്നത്.
സർവീസ് റോഡുകളുടെ അഭാവവും ബദൽപാതയിലെ പോരായ്മയും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുമെന്നതിന്റെ നേർക്കാഴ്ചയാണ് മേഖലയിൽ കണ്ടുകൊണ്ടിരിക്കുന്നത്.
ഗതാഗത സ്തംഭനം രൂക്ഷമായിട്ടും പോലീസിന്റെ ഭാഗത്തുനിന്നും ഫലപ്രദമായ യാതൊരു ഇടപെടലും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.