കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് അധ്യാപക അവാർഡുകൾ വിതരണം ചെയ്തു
1532740
Friday, March 14, 2025 1:42 AM IST
തൃശൂർ: അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ 2024-2025 അധ്യയനവർഷത്തെ അധ്യാപക അവാർഡുകൾ ഗിൽഡിന്റെ വാർഷികയോഗത്തിൽ തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ വിതരണം ചെയ്തു.
ഹയർ സെക്കൻഡറി വിഭാഗത്തിൽ തൃശൂർ തോപ്പ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ കെ.എഫ്. ബാബു, ഹൈസ്കൂൾ വിഭാഗത്തിൽ ചൂണ്ടൽ ലേഡി ഇമ്മാക്കുലേറ്റ് ഗേൾസ് ഹൈസ്കൂളിലെ പ്രധാനാധ്യാപിക സിസ്റ്റർ മരിയ ഗ്രേസ്, യുപി വിഭാഗത്തിൽ ചിയ്യാരം സെന്റ് മേരീസ് കോൺവെന്റ് യുപി സ്കൂളിലെ പ്രധാനധ്യാപിക സിസ്റ്റർ ഗുണ ജോസ്, എൽപി വിഭാഗത്തിൽ പെരിഞ്ചേരി ലിറ്റിൽ ഫ്ലവർ എൽപി സ്കൂളിലെ ടി.കെ. ജെസി എന്നിവർക്കാണ് അവാർഡുകൾ നല്കിയത്.
അതിരൂപതയിലെ മികച്ച വിദ്യാഭ്യാസസ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ടത് മുക്കാട്ടുകര സെന്റ് ജോർജ് എൽപി സ്കൂളാണ്. അതിരൂപതയിലെ വിവിധ കോർപറേറ്റ് ഏജൻസികളിൽനിന്നു വിരമിച്ച 111 അധ്യാപകർക്കും ഉന്നത വിജയം കരസ്ഥമാക്കിയ ഗിൽഡ് അംഗങ്ങളുടെ മക്കൾക്കും അവാർഡുകൾ നല്കി. കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് അതിരൂപത പ്രസിഡന്റ് എ.ഡി. സാജു അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. ജോയ് അടമ്പുകുളം അവാർഡ് പ്രഖ്യാപനം നടത്തി. ഫാമിലി അപ്പസ്തൊലേറ്റ് സെന്റർ ഡയറക്ടർ ഫാ. ഫ്രാൻസിസ് വാഴപ്പിള്ളി അനുഗ്രഹപ്രഭാഷണം നടത്തി. ജോഫി സി. മഞ്ഞളി സ്വാഗതവും ജെലിപ്സ് പോൾ നന്ദിയും പറഞ്ഞു. ബിജു പി. ആന്റണി, പി.ഡി. ആന്റോ, എൻ.പി. ജാക്സൻ എന്നിവർ പ്രസംഗിച്ചു.
കെ.ജെ. സെബി, ലിൻസൻ പുത്തൂർ, മർഫിൻ ടി. ഫ്രാൻസിസ്, സിനി ജോർജ്, സിസ്റ്റർ ഐറിൻ, സിസ്റ്റർ ഷൈവി ജീസ്, സിസ്റ്റർ മാരിയറ്റ് എന്നിവർ നേതൃത്വം നൽകി.