നാട്ടികയിൽ മുക്കുപണ്ടം പണയംവച്ച് പണംതട്ടാൻ ശ്രമം; മൂന്നുപേർ അറസ്റ്റിൽ
1514562
Sunday, February 16, 2025 2:02 AM IST
തൃപ്രയാർ: മുക്കുപണ്ടം പണയംവച്ച് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് പണംതട്ടാൻ ശ്രമിച്ച മൂന്നുപേരെ വലപ്പാട് പോലീസ് പിടികൂടി. നാട്ടിക സെന്ററിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വ്യാജ ആഭരണം പണയംവച്ച് 40,000 രൂപ തട്ടിയതിനു പിന്നാലെ, നാട്ടിക ബീച്ചിലെ മറ്റൊരു ധനകാര്യ സ്ഥാപനത്തിൽ വീണ്ടും പണയം വയ്ക്കാൻ ശ്രമിക്കുമ്പോഴാണ് ഇവർ കുടുങ്ങിയത്.
നാട്ടിക പുത്തൻതോട് ചിറ്റേഴത്ത് വടക്കുംനാഥൻ (32), പെരിങ്ങോട്ടുകര എടക്കുളത്തൂർ റിജോ (39), ഗുരുവായൂർ കോട്ടപ്പടി വെള്ളാപറമ്പിൽ സനോജ് (42) എന്നിവരാണ് അറസ്റ്റിലായത്.
14 ന് നാട്ടികയിലെ സ്വകാര്യ ഫിനാൻസിൽ ഒരു പവനോളം തൂക്കം വരുന്ന മുക്കുപണ്ടം പണയംവച്ച് 40,000 രൂപ തട്ടിയശേഷം ഇവർ മുങ്ങുകയായിരുന്നു. സംഭവത്തിൽ സംശയം തോന്നിയ ഫിനാൻസ് ഉടമ സുധീർ ആഭരണം പരിശോധിച്ച് നോക്കിയപ്പോഴാണ് മുക്കുപണ്ടമാണെന്ന് സ്ഥിരീകരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് സുധീറിന്റെത്തന്നെ ഉടമസ്ഥതയിലുള്ള മറ്റൊരു ഫിനാൻസിൽ വീണ്ടും മുക്കുപണ്ടം പണയം വയ്ക്കാൻ എത്തുകയും സ്ഥാപനത്തിലെ ജീവനക്കാർക്ക് സംശയം തോന്നിയതോടെ വിവരമറിയിച്ചതിനെത്തുടർന്ന് സുധീർ സ്ഥലത്തെത്തിയപ്പോൾ ഇവർ ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വലപ്പാട് പോലീസ് ഇൻസ്പെക്ടർ എം.കെ. രമേഷും സംഘവും അയോധ്യ ബാറിനുസമീപംവച്ച് ഓട്ടോ സഹിതം ഇവരെ പിടികൂടുകയായിരുന്നു.
എസ്ഐമാരായ ആന്റണി ജിംബിൾ, പി.യു. ഉണ്ണി, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.യു. മനോജ് , സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ മുജീബ് എന്നിവരാണു പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.