കനത്ത മഴ: പാടംനിറഞ്ഞ് കര്‍ഷകന്റെ കണ്ണീര്
1484688
Thursday, December 5, 2024 8:23 AM IST
90 ഏക്കർ നെൽക്കൃഷി
വെള്ളത്തിനടിയില്‍
മുതുവറ: കഴിഞ്ഞദിവസംപെയ്ത കനത്തമഴയിൽ ചൂരക്കാട്ടുകര - മുതുവറ കോൾപ്പടവിലെ 290 ഏക്കർ നെൽകൃഷി മുഴുവൻ വെള്ളത്തിനടിയിലായി.
നടീൽ കഴിഞ്ഞ് അഞ്ചുദിവസം മുതൽ പത്തുദിവസംവരെ പാകമായ നെൽച്ചെടികളാണ് വെള്ളത്തിനടിയിലായത്. പടവിലെ മുഴുവൻ സ്ഥലത്തും നടാൻ ഇട്ട ഞാറും വെള്ളംപൊങ്ങിയതോടെ നശിച്ചുപോയി. പടവിലെ തോടുകൾ നിറഞ്ഞ് പാടത്തേക്ക് ഒഴുകുന്നതിനാൽ മോട്ടോർ ഉപയോഗിച്ച് വെള്ളംവറ്റിക്കാനും പറ്റാത്ത സ്ഥിതിയാണ്. പലയിടത്തും ബണ്ടുകൾപൊട്ടി വെള്ളം പാടത്തേക്ക് ഒഴുകുകയാണ്.
പലരും സഹകരണസംഘങ്ങളിൽനിന്നു ലോണെടുത്താണ് കൃഷി ചെയ്യുന്നത്. വലിയ സാമ്പത്തികനഷ്ടമാണ് ഇതുമൂലമുണ്ടാകുന്നതെന്ന് കർഷകർ പറഞ്ഞു.
കൃഷി തുടരണമെങ്കിൽ വെള്ളം പൂർണമായും വറ്റിച്ചശേഷം മൂപ്പുകുറഞ്ഞവിത്ത് രണ്ടാമതിറക്കണം.
കർഷകസംഘം ജില്ലാ സെക്രട്ടറി എ.എസ്. കുട്ടി, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്ത്കുമാർ, അടാട്ട് ഫാർമേഴ്സ് ബാങ്ക് ഡയറക്ടർ ഐ.പി. മിനി, അടാട്ട് കൃഷി ഓഫീസർ അശ്വതി ഗോപിനാഥ്, കോൾപടവ് കമ്മിറ്റി കൺവീനർ വി.എൻ. ഗോപാലകൃഷ്ണൻ എന്നിവർ പ്രദേശം സന്ദർശിച്ചു.
80 ഏക്കറോളം പാടത്തെ വെള്ളം ഒഴിഞ്ഞില്ല: പ്രതീക്ഷ നഷ്ടപ്പെട്ട് കർഷകര്‍
കൈപ്പറമ്പ്: എടക്കളത്തൂർ പടിഞ്ഞാറേപാടത്തെ 80 ഏക്കറോളം ഭാഗത്തെ വെള്ളം ഒഴിഞ്ഞില്ല. പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലാണ് കർഷകര്‍.
20 ദിവസം പ്രായമുള്ള ഞാറ്റടികൾ ഇപ്പോഴും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. അതോടൊപ്പമുള്ള മേഞ്ചിറ കോൾപ്പടവും വിളക്കുളം കോൾപ്പടവും മുങ്ങിക്കിടക്കുകയാണ്.
രണ്ടുദിവസം മുമ്പുണ്ടായ ശക്തമായ മഴയിൽ പാറന്നൂർ ചിറയിലെ ഷട്ടറുകളും പെരുമണ്ണ് ഭാഗത്തെ ഷട്ടറുകളും പൂർണമായും തുറന്നു.
അതോടൊപ്പം പൂർണമായും തുറക്കേണ്ട അന്നക്കര ഭാഗത്തെ ഷട്ടറുകൾ ഭാഗികമായാണ് തുറന്നത്. അതുകൊണ്ടാണ് ഈ വയലുകളെല്ലാം മുങ്ങിപ്പോകുവാൻ കാരണമായതെന്നും കർഷകർ ചൂണ്ടിക്കാട്ടി.
മഴ ഒഴിഞ്ഞുനിന്നിട്ടും വെള്ളം ഇപ്പോഴും കുറയാത്ത അവസ്ഥയാന്നെന്ന് കണ്ണീരോടെ കർഷകൻ പറഞ്ഞു.
കുണ്ടുപാടം പാടശേഖരത്തിൽ വെള്ളം
ഒഴിയുന്നില്ല: കൃഷിനാശ ഭീഷണി
പാവറട്ടി: എളവള്ളി കുണ്ടുപാടം പാടശേഖരത്തിൽ വെള്ളം ഒഴിയുന്നില്ല. നെൽക്കർഷകർ കൃഷിനാശ ഭീഷിണിയിൽ.
കഴിഞ്ഞദിവസങ്ങളിലെ അപ്രതീക്ഷിതമഴയെ തുടർന്നാണ് പടവിലെ 120 ഏക്കർ വരുന്ന നെൽകൃഷിയിൽ വെള്ളം കയറിയത്. കനാലുകൾ നിറഞ്ഞുനിൽക്കുന്നതിനാൽ മോട്ടോർ പ്രവർത്തിപ്പിച്ചിട്ടും പാടശേഖരത്തിലെ വെള്ളം വറ്റിക്കുവാൻ കഴിയുന്നില്ല. ഞാറുനട്ട് 15 ദിവസം മാത്രം പ്രായമായ നെൽച്ചെടികളാണ് വെളളത്തി മുങ്ങികിടക്കുന്നത്. നെൽച്ചെടികൾ നശിച്ചാൽ കർഷകർക്ക് വലിയ നഷ്ടമാണ് സംഭവിക്കുക.
കൃഷി സംരക്ഷിക്കാനും കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരത്തിനും കൃഷിവകുപ്പ് അധികൃതർ ഇടപെടണമെന്ന് പാടശേഖരസമിതി ഭാരവാഹികളായ സന്തോഷ് തിണ്ടിയത്ത്, സി.കെ. ഗോപി എന്നിവർ ആവശ്യപ്പെട്ടു.