വടക്കേച്ചിറയ്ക്കരികെ പാതാളപ്പാത
1461586
Wednesday, October 16, 2024 7:07 AM IST
തൃശൂർ: വടക്കേച്ചിറക്കരികെ പാതാളപ്പാത രൂപംകൊള്ളുന്നു. ആകാശപ്പാത ശക്തൻ സ്റ്റാൻഡിലാണെങ്കിൽ പാതാളപ്പാത വടക്കേ സ്റ്റാൻഡിനു സമീപമാണ്. വടക്കേ സ്റ്റാൻഡിൽനിന്ന് സാഹിത്യ അക്കാദമിയുടെ ഭാഗത്തേക്കുള്ള റോഡാണ് തകർന്നുതരിപ്പണമായി യാത്രചെയ്യാൻ സാധിക്കാത്ത വിധമായിരിക്കുന്നത്. മഴപെയ്ത് വെള്ളം നിറഞ്ഞാൽ വലിയ അപകടമാണ് വാഹനയാത്രികർക്ക്, പ്രത്യേകിച്ച് ഇരുചക്രവാഹനയാത്രികർക്കുണ്ടാകുന്നത്.
മാസങ്ങളായി തകർന്നുകിടക്കുന്ന ഈ റോഡ് നന്നാക്കാൻ ഇതുവരെയും അധികൃതർ തയാറായിട്ടില്ല. ഓണക്കാലത്തു നടത്തിയ റോഡിലെ പൊടിയിടൽപണിയും ഇവിടെയുണ്ടായില്ല. ബൈക്കിൽ വന്ന് ഈ കുഴിയിൽപെട്ട് കരകയറാൻ പാടുപെടുന്നവർ ഏറെയാണ്. ബസുകളടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്.
വളവിനോടുചേർന്നാണ് റോഡിലെ ഗട്ടറുകൾ എന്നകൊണ്ട് വളവുതിരിഞ്ഞ് പെട്ടെന്നു ബ്രേക്കിടുന്പോൾ പിന്നിൽനിന്നു വരുന്ന വാഹനങ്ങൾ മുന്നിലെ വാഹനത്തിലിടിക്കുന്നതും പതിവായിട്ടുണ്ട്.
സ്വന്തം ലേഖകൻ