84ന്റെ നിറവിൽ എം.എൻ.എസ്. നായർക്കൊപ്പം നാദവിസ്മയംതീർക്കാൻ അവർ അഞ്ചുപേരും
1460039
Wednesday, October 9, 2024 8:36 AM IST
കൊരട്ടി: എൺപത്തിനാലിന്റെ നിറവിൽ തിമിലയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് കൊരട്ടി ചെറ്റാരിക്കൽ സ്വദേശി എം.എൻ.എസ്. നായർ. വാദ്യകലയെ നെഞ്ചിലേറ്റുന്ന, പ്രായം കേവലം നമ്പറാണെന്നു കരുതുന്ന 44നും 61നും ഇടയിൽ പ്രായമുള്ള അഞ്ചുപേർ ഇദ്ദേഹത്തോടൊപ്പം അരങ്ങേറ്റത്തിനു തയാറെടുത്തുകഴിഞ്ഞു.
കഴിഞ്ഞ വിജയദശമിദിനത്തിൽ പരിശീലനം തുടങ്ങിയ ഇവരുടെ അരങ്ങേറ്റം 13നു വിജയദശമി ദിനത്തിൽ വൈകീട്ട് അഞ്ചിന് വെസ്റ്റ് കൊരട്ടി ശിതികണ്ഠപുര ശ്രീമഹാദേവ ക്ഷേത്രാങ്കണത്തിലാണ്. പദ്മഭൂഷൺ കുഴൂർ നാരായണമാരാർ ഫൗണ്ടേഷനു കീഴിലുള്ള വാദ്യകലാമണ്ഡലത്തിൽ വാദ്യരത്നം അന്നമനട മുരളീധരമാരാരുടെ ശിക്ഷണത്തിലാണ് ഇവർ പരിശീലനം നേടിയത്. മദുര കോട്സിൽ സൂപ്പർവൈസർ തസ്തികയിൽനിന്നു വിരമിച്ച എം.എൻ.എസ്. നായർ പദ്മഭൂഷൺ കുഴൂർ നാരായണ മാരാർ ഫൗണ്ടേഷന്റെ ജനറൽ സെക്രട്ടറിയാണ്.
അരങ്ങേറ്റം കുറിക്കുന്ന മറ്റുള്ളവർ ഇവരാണ്. ശാസ്താംപാട്ട്, അക്ഷരശ്ലോകം എന്നിവയിൽ മികവു പുലർത്തിയ കെ. നാരായണൻകുട്ടി (64), അശോക് കുമാർ പാലിയത്ത് (59) എന്നിവർ പഞ്ചവാദ്യങ്ങളോട് ഏറെ ആഭിമുഖ്യമുള്ളവരാണ്. എം.പി. മഹേഷ് കുമാർ (54) ഇടപ്പിള്ളി അമൃത ആശുപത്രി ഇരിക്കുന്ന വാർഡിലെ മുൻകൗൺസിലറും കോൺട്രാക്ടറുമാണ്. ഗിരീഷ് കുമാർ (44), വി.പി.അനൂപ് (43) എന്നിവ ർ ഐടിഐ ജീവനക്കാരാണ്.