താളൂപ്പാടത്ത് കാട്ടാനക്കൂട്ടം വാഴത്തോട്ടം നശിപ്പിച്ചു
1459551
Monday, October 7, 2024 7:19 AM IST
കോടാലി: മുരിക്കുങ്ങല്‍ താളൂപ്പാടത്ത് ജനവാസമേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം നേന്ത്രവാഴത്തോട്ടം നശിപ്പിച്ചു. താളൂപ്പാടം മുണ്ടാടന്‍ ബാബുവിന്റെ വാഴത്തോട്ടത്തിലാണു കാട്ടാനകള്‍ നാശമുണ്ടാക്കിയത്. ഒരുമാസം കഴിഞ്ഞാല്‍ കുലവെട്ടാറായ മൂന്നൂറോളം നേന്ത്രവാഴകളാണു നശിച്ചത്. കൊമ്പന്മാരടങ്ങിയ ഏഴോളം ആനകളാണു കഴിഞ്ഞ രാത്രി ബാബുവിന്റെ പറമ്പിലെത്തിയത്. കൃഷിയിടത്തോടു ചേര്‍ന്നുള്ള വനംവകുപ്പിന്റെ തേക്കുതോട്ടത്തിലൂടെയാണ് ആനകളെത്തിയതെന്നു കര്‍ഷകനായ ബാബു പറഞ്ഞു.
പുലരുവോളം തോട്ടത്തില്‍ വിഹരിച്ച ആനകള്‍ വാഴകള്‍ക്കു പുറമെ തെങ്ങ്, കവുങ്ങ് എന്നിവയും നശിപ്പിച്ചു. വിളവെടുപ്പിനു പാകമായി തുടങ്ങിയ വാഴക്കുലകൾ നശിച്ചതുവഴി വന്‍ നഷ്ടമാണ് ഈ കര്‍ഷകനു നേരിട്ടത്. കാട്ടാന കൃഷി നശിപ്പിച്ച സ്ഥലം പഞ്ചായത്തംഗം ലിന്റോ പള്ളിപ്പറമ്പനും വനംവകുപ്പ് അധികൃതരും സന്ദര്‍ശിച്ചു.
മൂന്നുമാസം മുമ്പും ബാബുവിന്റെ പറമ്പില്‍ കാട്ടാനകളെത്തി കൃഷി നശിപ്പിച്ചിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ പ്രദേശത്തു കാട്ടാനകളുടെ സാന്നിധ്യമുണ്ട്. കൃഷിയിടങ്ങളിലും വീടുകള്‍ക്കു സമീപത്തും പതിവായി കാട്ടാനകളെത്തുന്നതിനാല് സമാധാനത്തോടെ കിടന്നുറങ്ങാന്‍ പോലും ഇവിടത്തെ കര്‍ഷക കുടുംബങ്ങള്‍ക്കു സാധിക്കാത്ത അവസ്ഥയാണ്. വനാതിര്‍ത്തിയില്‍ അധികൃതര്‍ സോളാര്‍വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആനകളെ പ്രതിരോധിക്കുന്നതിന് ഇൗ സംവിധാനത്തിനു സാധിക്കുന്നില്ലെന്നാണു കര്‍ഷകര്‍ പറയുന്നത്.