ക്ഷേത്രങ്ങളിൽ നവരാത്രി ആഘോഷം
1458920
Friday, October 4, 2024 7:11 AM IST
തിരുവുള്ളക്കാവ്
ചേർപ്പ്: തിരുവുള്ളക്കാവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം നവരാത്രി മഹോത്സവ പരിപാടികൾക്ക് തുടക്കമായി. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ്് ആരൂർ ദേവൻ അടിതിരിപ്പാട് അധ്യക്ഷനായി. ചിന്മയാ മിഷ്യൻ ആചാര്യ സ്വാമിനി സംഹിതാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.
കെ.പി. നമ്പൂതിരീസ് മാനേജിംഗ് ഡയറക്ടർ കെ. ഭവദാസ്, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, വാർഡ് അംഗം ശ്രുതി വിജിൽ, ദേവസ്വം സെക്രട്ടറി എ.എ. കുമാരൻ, എം.എ. ഭാസ്ക്കരൻ എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ 10 മുതൽ ക്വിസ് മത്സരം, വൈകീട്ട് 5 മുതൽ ഭക്തിഗീതം, നൃത്തനൃത്യങ്ങൾ എന്നിവയുണ്ടാകും.
മമ്മിയൂർ
ഗുരുവായൂർ: മമ്മിയൂർ മഹാദേവക്ഷേത്രത്തിലെ നവരാത്രി മഹോത്സത്തിന് തുടക്കമായി. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി ഉദ്ഘാടനം ചെയ്തു. ചുമർ ചിത്രാചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായരുടെ സ്മരണാർത്ഥം നൽകി വരുന്ന പുരസ്കാര സമർപണവും മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് നിർവഹിച്ചു. പുരസ്കാര ജേതാവ് പ്രശസ്ത വയലിൻ വിദ്വാൻ ഗുരുവായൂർ ജി.കെ. രാജമണി പുരസ്കാരം ഏറ്റുവാങ്ങി. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ അധ്യക്ഷനായി. മലബാർ ദേവസ്വം കമ്മീണർ ടി.സി. ബിജു മുഖ്യാതിഥിയായി. മണ്ണൂർ രാജകുമാരനുണ്ണി മുഖ്യപ്രഭാഷണം നടത്തി.
വാർഡ് കൗൺസിലർ രേണുക ശങ്കർ, എക്സിക്യൂട്ടീവ് ഓഫീസർ എൻ. ഷാജി, മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് അംഗം കെ.കെ.ഗോവിന്ദ് ദാസ്, വി.പി. ഉണ്ണികൃഷ്ണൻ, പി.എസ്. ബൈജു എന്നിവർ പ്രസംഗിച്ചു. തുടർന്ന് പുരസ്കാര ജേതാവ് ഗുരുവായൂർ ജി.കെ. രാജാമണിയുടെ വയലിൻ കച്ചേരിയും ഉണ്ടായി. വൈകിട്ട് രമണബാലചന്ദന്റെ വീണ കച്ചേരിയും നടന്നു. തുടർന്നുളള ദിവസങ്ങളിൽ പ്രശസ്ത സംഗീതജ്ഞരുടെ സംഗീത കച്ചേരിയും നൃത്ത-നൃത്യങ്ങളും രാവിലെ സരസ്വതി വന്ദനവും, സംഗീതാർച്ചനയും ഉണ്ടാവും.
ആറാട്ടുപുഴ
ആറാട്ടുപുഴ: ശ്രീശാസ്താ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചു. ശാസ്താവിന് 108 കരിക്കഭിഷേകത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ ഉദ്ഘാടനം ചെയ്തു
മേളപ്രമാണി പെരുവനം കുട്ടൻ മാരാർ, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർമാർ പ്രേംരാജ് ചൂണ്ടലാത്ത്, എം.ബി. മുരളീധരൻ, കമ്മീഷണർ എസ്. ആർ. ഉദയകുമാർ, ഡെപ്യൂട്ടി കമ്മീഷണർ കെ. സുനിൽ കർത്ത, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് അംഗം കെ. രവീന്ദ്രനാഥൻ, പെരുവനം സതീശൻ മാരാർ, യു. അനിൽകുമാർ, സി. സുധാകരൻ, കെ. രഘുനന്ദനൻ,രവി ചക്കോത്ത്, കെ.കെ. വേണുഗോപാൽ, എം. രാജേന്ദ്രൻ, എന്നിവർ പങ്കെടുത്തു.
വിജയദശമിവരെ ചുറ്റുവിളക്ക്, നിറമാല, ശാസ്താവിന് ചന്ദനംചാർത്ത്, ശ്രീലകത്ത് നെയ്വിളക്ക് എന്നിവയുണ്ടാകും. കലാമണ്ഡലം സംഗീത് ചാക്യാർ അവതരിപ്പിച്ച ചാക്യാർകൂത്ത്,കൊല്ലം യവനികയുടെ നേരം നാടകം എന്നിവയുണ്ടായിരുന്നു.
ഊരകം
ചേർപ്പ്: ഊരകത്തമ്മതിരുവടി ക്ഷേത്രം നവരാത്രി മഹോത്സവം കൊച്ചിൻ ദേവസ്വം ബോർഡ് കമ്മീഷണർ എസ്.ആർ.ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്് വി.ജി. ഉഷ അധ്യക്ഷയായി.
സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, ഊരകം ദേവസ്വം ഓഫീസർ സിജു വാസുദേവൻ, സമിതി അംഗങ്ങളായ കെ.ബി. പ്രജിത്ത്, എം. ആർ.രാജേഷ്, വി.വി. ധീരജ്, എ.കെ. സതീശൻ, വി.ടി രാജേഷ് എന്നിവർ സംസാരിച്ചു. നൃത്ത്യനൃത്തങ്ങളും അരങ്ങേറി.
വരാക്കര
പുതുക്കാട്: വരാക്കര ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് തുടക്കമായതായി. ക്ഷേത്രം മതില്‍ക്കെട്ടിനുള്ളില്‍ പ്രത്യേകം തയ്യാറാക്കിയ നവരാത്രി മണ്ഡപത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ദിവസവും ദേവി ഭാഗവത പാരായണവും, പ്രഭാഷണങ്ങളും ക്ഷേത്രീയ കലാപരിപാടികളും ഉണ്ടാകും.
നവമി വരെയുള്ള ദിവസങ്ങളില്‍ രണ്ടു വയസു മുതല്‍ 10 വയസ് വരെയുള്ള പെണ്‍കുട്ടികളെ നവദുര്‍ഗ സങ്കല്പത്തില് ദേവിഭാവത്തില് പൂജിച്ച് കന്യകാ പൂജ നടത്തും. ദുര്‍ഗാഷ്ടമി നാളില്‍ പൂജവെപ്പിനുള്ള സൗകര്യവും ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച കാഴ്ചക്കുല സമര്‍പ്പണം നടക്കും.
വിജയദശമിയില്‍ സാരസ്വത മന്ത്രാര്‍ച്ചന, സാരസ്വത ചൂര്‍ണം വിതരണം എന്നിവയുണ്ടാകും. 9 ദിവസം ദേവിയുടെ 9 ഭാവത്തിലുള്ള പൂജകള്‍ നടക്കും.
നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്ര മൈതാനിയില്‍ പ്രദര്‍ശന വിപണനമേളയും ഒരുക്കിയിട്ടുണ്ട്. ക്ഷേത്രം പ്രസിഡന്റ്് കെ.പി. ലാല്‍കൃഷ്ണ, ട്രഷറര്‍ വി.കെ. സുനില്‍ബാബു, വൈസ് പ്രസിഡന്റ്സി.ആര്. ബാബുരാജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.