തൃശൂർ: ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യകേരളം, വിൽവട്ടം കുടുംബാരോഗ്യകേന്ദ്രം, വില്ലടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ലോക പേവിഷബാധദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്കരണറാലിയുടെ ഫ്ളാഗ് ഓഫും ഡിവിഷൻ കൗണ്‍സിലർ സതീഷ് കുമാർ നിർവഹിച്ചു.
വില്ലടം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. വി.കെ. മിനി അധ്യക്ഷത വഹിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.കെ.എൻ. സതീഷ് വിഷയാവതരണം നടത്തി. ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ പി.ഇ. സന്തോഷ്കുമാർ, സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് പ്രസീത മനോജ്, ഒല്ലൂർ കുടുംബാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. കെ.എ. ദീപ, വിൽവട്ടം കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മിനി പി. മണി എന്നിവർ പ്രസംഗിച്ചു.വിളംബര റാലി, മാജിക് ഷോ, ഫ്ലാഷ് മോബ് എന്നിവയും ഉണ്ടായിരുന്നു.