കാളികുളമ്പിൽ വീണ്ടും പുലിയെ കണ്ടെന്ന് വീട്ടമ്മ; നാട്ടുകാർ വീണ്ടും ഭയപ്പാടിൽ
1454803
Saturday, September 21, 2024 2:04 AM IST
കൊല്ലങ്കോട്: രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം കാളികുളമ്പിൽ വീണ്ടും പുലിയ കണ്ടത് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം 5.30 നാണ് പുലിയെ കണ്ടതായസംഭവം നടന്നിരിക്കുന്നത്. നിജാമുദീന്റെ വീടിനു പിറകിലെ തോപ്പിൽ കെട്ടിയി രുന്ന പശുവിനെ അഴിക്കാൻചെന്ന സമീപവാസിയായ ബിന്ദുവാണ് പുലിയെ നേരിൽ കണ്ടത്. ഭയന്ന ബിന്ദു ഓടി വീട്ടിലെത്തി വിവരം അറിയിച്ചതിനെത്തുടർന്ന് നാട്ടുകാർ കൂട്ടമായി പുലിയെ കണ്ടെ സ്ഥലത്തെത്തി.
വിവരം അറിയിച്ചതിനെത്തുടർന്ന് കൊല്ലങ്കോട് വനപാലകരും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി പ്രാഥമിക അന്വേഷണം നടത്തി. സമയം രാത്രിയായതിനാൽ വനം വകുപ്പു ജീവനക്കാരും സമീപവാസികളും വീടുകളിലേക്ക് മടങ്ങി. രാത്രിസമയങ്ങളിൽ പുറത്തിറ ങ്ങുന്നത് ഒഴിവാക്കാനും വീടുകൾക്കുമുന്നിൽ വിളിക്ക് രാത്രി സമയങ്ങളിൽ കത്തിക്കുവാനും വനംവകുപ്പ് ജീവനക്കാർ നിർദേശം നൽകിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടുമാസം മുൻപാണ് പ്രദേശത്ത് പുലി സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചത്.
ചീരണി, കാളികുളമ്പ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പുലിയെ നാട്ടുകാർ പലതവണ കണ്ടിരുന്നു. സ്ഥലം എംഎൽഎ കെ. ബാബുവിന്റെ ഇടപെടലിനെ തുടർന്ന് കാളികുളമ്പിൽ കൂട് സ്ഥാപിച്ചിരുന്നു. എന്നാൽ പുലി കൂട്ടിലെത്താതെ രക്ഷപ്പെടുകയായിരുന്നു.
പിന്നീട് രണ്ടു മാസമായി വന്യമൃഗത്തെ നാട്ടുകാർ കാണാതിരുന്നതു നേരിയ ആശ്വാസത്തിനു വക നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ പുലിയെ വീണ്ടും കണ്ടതായ വെളിപ്പെടുത്തലിൽ ജനം ഭയത്തിലാണു കഴിച്ചുകൂട്ടുന്നത്. ഇന്നുകാലത്ത് വീണ്ടും പുലിയെ കണ്ടെത്തിയ സ്ഥലത്ത് തിരിച്ചൽ നടത്താൻ വനംവകുപ്പ് തീരുമാനിച്ചിരിക്കുകയാണ്.