വരാക്കര പൂരം ഭക്തിസാന്ദ്രമായി
1495018
Tuesday, January 14, 2025 1:42 AM IST
വരാക്കര: ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ഭക്തിസാന്ദ്രമായി. രാവിലെ ക്ഷേത്രചടങ്ങുകള്‍ക്കുശേഷം 20 ഗജവീരന്മാരെ അണിനിരത്തി എഴുന്നള്ളിപ്പ് നടന്നു.കൊമ്പന് ഊട്ടോളി അനന്തന് ഭഗവതിയുടെ തിടമ്പേറ്റി. കീനൂര്‍ അനുഷ്ഠാന കലാക്ഷേത്രത്തിന്റെ നേതൃത്വത്തി ല്‍ നൂറിലേറെ കലാകാരന്മാര് പങ്കെടുത്ത പഞ്ചാരി മേളത്തിന് കിഴക്കൂട്ട് അനിയന്മാരാര് പ്രമാണിയായി. തുടര്‍ന്ന് 20 പൂരസെറ്റ് കരയോഗങ്ങളുടെ നേതൃത്വത്തില്‍ കാവടി വരവ് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ഉച്ചയ്ക്ക് ആയിരക്കണക്കിനുപേര്‍ക്ക് അന്നദാനം നടത്തി. ഉച്ചതിരിഞ്ഞ് നടന്ന കാഴ്ചശീവേലിക്ക് ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ പാണ്ടിമേളം അകമ്പടിയായി. തുടര്‍ന്ന് വരാക്കര ദേശത്തെ നന്തിക്കര സാംബവരുടെ പന്തല്വരവ് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ദീപാരാധനയ്ക്കുശേഷം തായമ്പക നടന്നു.
രാത്രിയില്‍ 20 ദേശങ്ങളില്‍ നിന്നുള്ള പൂരം വരവും വേലവരവും നടന്നു. ഇന്നു രാവിലെ നടക്കുന്ന ആറാട്ടോടുകൂടി പൂരം സമാപിക്കും. ക്ഷേത്രം തന്ത്രി ഡോ. വിജയന് കാരുമാത്ര, മേല്‍ശാന്തി സി.എസ്. വത്സന് എന്നിവര്‍ ക്ഷേത്രചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ക്ഷേത്രയോഗം ഭാരവാഹികളായ എം.വി. വിജയന്, എം.വി. സുരേഷ്, വി.കെ. സുനില്‍കുമാര്‍, ഭാഗ്യവതി ചന്ദ്രന്, സി.ആര്. ബാബുരാജ്, എന്‍.ആര്. വിജയന്, സി.ആര്. ആര്യന് എന്നിവര്‍ നേതൃത്വം നല്കി.