കടമുറി തിരിമറി; കേസെടുപ്പിച്ച് കോടതി
1495029
Tuesday, January 14, 2025 1:43 AM IST
സ്വന്തം ലേഖകൻ
തൃശൂർ: കരാറെടുത്തയാൾ മറിച്ചുവിറ്റ കോർപറേഷൻ കെട്ടിടത്തിലെ കടമുറി കള്ളക്കരാർ ചമച്ച് വർഷങ്ങളോളം കൈവശംവച്ചു വ്യാപാരം നടത്തുന്നയാൾക്കെതിരേ കോടതിനിർദേശപ്രകാരം ഈസ്റ്റ് പോലീസ് കേസെടുത്തു.
സംഭവത്തിനെതിരേ നേരത്തേ പോലീസിൽ പരാതി നല്കിയിട്ടും കേസെടുക്കാൻ തയാറാകാത്തതിനെതുടർന്നാണു കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി, കേസെടുത്ത് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. നഗരത്തിലെ ജയ്ഹിന്ദ് മാർക്കറ്റിൽ തുണിക്കട നടത്തുന്നയാൾക്കെതിരേ ഒല്ലൂക്കര അപ്സര ഗാർഡനിലെ കണ്ണൂക്കാടൻ മോഹനൻ നല്കിയ പരാതിയിലാണു കേസെടുത്തത്. 2020 ഏപ്രിൽ ഒന്നുമുതൽ 2024 മാർച്ച് 31 വരെയുള്ള ലൈസൻസ് എഗ്രിമെന്റ് വ്യവസ്ഥകൾ ലംഘിച്ച് വ്യാജ ലൈസൻസ് കരാറുകളുണ്ടാക്കി നല്കി കോർപറേഷനെ വഞ്ചിച്ചു ലാഭമുണ്ടാക്കിയെന്നാണു കേസ്. സംഭവത്തെക്കുറിച്ച് വിജിലൻസിലും പരാതി നല്കിയിട്ടുണ്ട്.
നഗരത്തിൽ പലയിടത്തുമുള്ള കോർപറേഷൻ കെട്ടിടങ്ങളിലെ കടമുറികൾ വർഷങ്ങൾക്കുമുന്പേ തട്ടിപ്പുകരാറുകളിലൂടെയും മറ്റും കൈക്കലാക്കിയവർ കൂടുതൽ വാടകയ്ക്കു മറിച്ചുവിൽക്കുന്നതായി നേരത്തേ ആക്ഷേപമുണ്ട്. കരാറെടുത്ത ആളുകളിൽ പലരും ഇപ്പോൾ ജീവിച്ചിരിപ്പില്ല, ചിലർ വിദേശത്തുമാണ്. എങ്കിലും, ഇവരുടെയെല്ലാം കള്ള ഒപ്പിട്ടും മറ്റു രേഖകൾ ചമച്ചും പലതവണകളായി മറിച്ചുവിറ്റും കൈവിട്ടുകൊടുക്കാതെയും വൻഅഴിമതിയാണു നടക്കുന്നത്. ഇതിനെല്ലാം ചില കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയുമുണ്ട്. ചട്ടങ്ങൾ ലംഘിച്ച് തോന്നിയപോലെയാണ് കരാറുകൾ കോർപറേഷനിൽ രജിസ്റ്റർ ചെയ്യുന്നതെന്നു നേരത്തേയും ആക്ഷേപമുണ്ട്.
കരാറെഴുതാനുള്ള മുദ്രപ്പത്രത്തിൽ തുടങ്ങി എഴുത്തുഭാഷയിലും കരാർതീയതിയിലും തുകയിലുമെല്ലാം അടിമുടി പിഴവുകളാണ്. കരാറെടുക്കുന്നയാളുടെ മേൽവിലാസംപോലും ശരിയായി രേഖപ്പെടുത്തുന്നില്ല. ഈ കോളം ഒഴിച്ചിട്ടിട്ടുള്ള കരാറുകൾക്കും കോർപറേഷൻ അനുമതിയുണ്ട്. ഇതൊന്നും കണ്ടില്ലെന്നുനടിച്ചാണ് ഉദ്യോഗസ്ഥർ രജിസ്റ്റർ ചെയ്തുകൊടുക്കുന്നത്. ഇതിനെല്ലാം പതിനായിരങ്ങളുടെ കൈക്കൂലി ഇടപാടുകൾ കോർപറേഷനിൽ നടക്കുന്നുണ്ടെന്നാണ് ആരോപണം.
യഥാവിധിയാണെങ്കിൽ തുച്ഛമായ വാടകയ്ക്കു വ്യാപാരികൾക്കു കിട്ടേണ്ട കടമുറികൾ വൻവാടകയ്ക്കാണ് കരാർമാഫിയകൾ മറിച്ചുവിൽക്കുന്നത്. വാടക ഇനത്തിലും വാടകകുടിശിക വരുത്തിയും കോർപറേഷൻ വരുത്തിവച്ചതു കോടികളുടെ നഷ്ടമാണെന്നു 2020–21 വർഷത്തെ ജനറൽ വിഭാഗം ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശമുണ്ട്. സംഭവത്തിൽ പലതരത്തിലുള്ള അന്വേഷണം കോർപറേഷൻ നേരിടുന്നുണ്ടെങ്കിലും നടപടികൾ വൈകുകയാണ്.